തിരുവനന്തപുരം- സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ട് ചോര്‍ന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക് നിയമസയുടെ പ്രിവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റി മുമ്പാകെ ഹാജരായി.
കേരള ഇന്‍ഫ്രസ്ട്രക്ചര്‍ ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി0 ഓഡിറ്റ് റിപ്പോര്‍ട്ട് ചോര്‍ന്നുവെന്ന വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ പ്രിവിലേജ് കമ്മിറ്റി വിളിപ്പിച്ചത്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയെ അവകാശ സമിതി വിളിച്ചു വരുത്തുന്നത്. വി.ഡി. സതീശനാണ് മന്ത്രിക്കെതിരെ പരാതി നല്‍കിയത്. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായും ഐസക്കിന്റെ പാത മറ്റു മന്ത്രിമാര്‍ പിന്തുടര്‍ന്നാല്‍ സി.എ.ജി റിപ്പോര്‍ട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുമെന്നും സ്പീക്കര്‍ക്കു നല്‍കിയ പരാതിയില്‍ സതീശന്‍ വ്യക്തമാക്കിയിരുന്നു.
പരാതി സ്പീക്കറാണ് അവകാശ സമിതിക്കു കൈമാറിയത്. എ.പ്രദീപ് കുമാര്‍ അധ്യക്ഷനായ സമിതിയില്‍ എല്‍.ഡി.എഫിലെ അഞ്ച് അംഗങ്ങളും യു.ഡി.എഫിലെ മൂന്ന് അംഗങ്ങളുമുണ്ട്.
മന്ത്രിയെന്ന നിലയില്‍ നിയമസഭയുടെ അവകാശങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും സി.എ.ജി റിപ്പോര്‍ട്ടിനെക്കുറിച്ച് സഭയ്ക്കു പുറത്തു പറഞ്ഞത് അറിഞ്ഞു കൊണ്ടാണെന്നും നിയമസഭാ സമിതിക്കു മുന്നില്‍ ഹാജരായ ശേഷം ധനമന്ത്രി പറഞ്ഞു.
സി.എ.ജിയുടെ നിലപാട് ജനങ്ങള്‍ ചര്‍ച്ച ചെയ്യട്ടെയെന്നു കരുതിയാണ് റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ പുറത്തുവിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
സി.എ.ജി റിപ്പോര്‍ട്ടിനെതിരായ നിലപാടില്‍ മാറ്റമില്ല. സമിതി എന്തു നിലപാടെടുത്താലും അംഗീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ധനമന്ത്രിയുടെ പരസ്യ വിമര്‍ശനങ്ങളാണ് വിവാദമായത്. റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തു വയ്ക്കും മുന്‍പേ ധനമന്ത്രി പുറത്തുവിട്ടത് അവകാശലംഘനമാണെന്നു പ്രതിപക്ഷം ആരോപിച്ചു. ലഭിച്ചത് കരട് റിപ്പോര്‍ട്ടാണെന്നാണ് കരുതിയതെന്ന് ആദ്യം പറഞ്ഞ ധനമന്ത്രി പിന്നീട് അന്തിമ റിപ്പോര്‍ട്ടെന്നു തിരുത്തുകയും ചെയ്തു.
ജനുവരി എട്ടിനു തുടങ്ങുന്ന നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ അവകാശ സമിതി സഭയില്‍ റിപ്പോര്‍ട്ട് വെക്കുമെന്നാണ് സൂചന. സിഎജി റിപ്പോര്‍ട്ടും സമ്മേളനത്തില്‍ മേശപ്പുറത്തുവയ്ക്കും.