തിരുവനന്തപുരം- കുടിയൊഴിപ്പിക്കുന്നതിനിടെ ആത്മഹത്യ ചെയ്ത തിരുവനന്തപുരം നെയ്യാറ്റിൻകര പോങ്ങിൻ നെട്ടതോട്ടം രാജന്റെയും അമ്പിളിയുടെയും മക്കൾക്ക് വീടും സ്ഥലവും നൽകുമെന്ന് യൂത്ത് കോൺഗ്രസ്. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഉറ്റവർ ജീവിച്ചിരിക്കുമ്പോൾ അവരെ സഹായിക്കാൻ ആർക്കും സാധിച്ചില്ല. ആ കുറ്റബോധത്തെടെ തന്നെ ഇവർക്കൊരു സ്ഥലവും വീടും ഒരു ഉത്തരവാദിത്തം എന്ന നിലക്ക് യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുന്നുവെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കി.
കോടതി ഉത്തരവിന്റെ ഭാഗമായി വീട് ഒഴിപ്പിക്കാനെത്തിയ അഭിഭാഷക കമ്മീഷനും പോലീസും മക്കളും നോക്കി നിൽക്കെ ഭാര്യയെ ചേർത്തുപിടിച്ചാണ് രാജൻ തീകൊളുത്തുകയായിരുന്നു. ലൈഫ് പദ്ധതിയിൽ പോലും ഇവർക്ക് ഇതുവരെയും വീട് ലഭിക്കാതായതോടെ ഉള്ള കിടപ്പാടം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടമാണ് ഇരുവരുടെയും മരണത്തിലേക്ക് കലാശിച്ചത്.
ഒരു വർഷം മുമ്പ് അയൽവാസി വസന്ത തന്റെ മൂന്ന് സെന്റ് പുരയിടം രാജൻ കയ്യേറിയതായി കാണിച്ച് നെയ്യാറ്റിൻകര മുൻസിഫ് കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. കയ്യേറിയ വസ്തുവിൽ നിർമാണ പ്രവൃത്തികൾ നടത്തരുതെന്ന് കോടതി ഉത്തരവിട്ടുവെങ്കിലും കോവിഡ് വ്യാപനകാലത്ത് താമസിച്ചിരുന്ന കുടിൽ രാജൻ വിപുലീകരിച്ചു. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം രാജൻ ഈ കുടിലിൽ താമസിക്കുകയായിരുന്നു. തന്റെ വസ്തുവിലാണ് കുടിലെന്ന് രാജൻ വാദം ഉന്നയിച്ചതോടെ വസന്ത വീണ്ടും കോടതിയെ സമീപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടുമാസം മുൻപ് കമ്മിഷന്റെ നേതൃത്വത്തിൽ കുടിയൊഴിപ്പിക്കൽ നടപടികൾ നടന്നുവെങ്കിലും രാജന്റെ എതിർപ്പ് മൂലം നടന്നില്ല.
തുടർന്ന് കോടതി നിർദേശമനുസരിച്ച് കയ്യേറ്റം ഒഴിപ്പിക്കാൻ കഴിഞ്ഞ 22ന് ഉച്ചയോടെ അഭിഭാഷക കമ്മിഷനും പോലീസും സ്ഥലത്തെത്തി. വീട് ഒഴിയാൻ ആവശ്യപ്പെടുന്നതിനിടെ രാജൻ വീടിനകത്തു കയറി കന്നാസിൽ കരുതിയിരുന്ന പെട്രോളുമായെത്തി ഭാര്യ അമ്പിളിയെ ചേർത്ത് പിടിച്ച് ദേഹത്തൊഴിച്ച് ലൈറ്റർ കത്തിച്ചു. ലൈറ്റർ തട്ടി മാറ്റാൻ പോലീസ് ശ്രമിക്കുന്നതിനിടെ ഇരുവരുടെയും ദേഹത്ത് തീപടർന്നു. തുടർന്ന് വളരെ പ്രയാസപ്പെട്ട് തീ കെടുത്തി ഇരുവരെയും തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാവിലെയോടെ രാജനും വൈകുന്നേരത്തോടെ അമ്പിളിയും മരിച്ചു. തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്‌ഐ അനിൽകുമാറിനും പൊള്ളലേറ്റു. എന്നാൽ പോലീസാണ് തീ തങ്ങളുടെ മാതാപിതാക്കളുടെ നേരെ തട്ടിത്തെറിപ്പിച്ചതെന്ന് മക്കൾ പറഞ്ഞു.