കൊച്ചി - കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിനിടയിൽ നാടകീയ രംഗങ്ങൾ.തെരഞ്ഞെടുപ്പ് വൈകിപ്പിച്ചെന്നാരോപിച്ച് യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധവും കൈയ്യാങ്കളിയും. ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് വെച്ചിരുന്നത്. ഇതു പ്രകാരം യുഡിഎഫ് അംഗങ്ങൾ 1.50 ഓടെ തന്നെ ഹാളിൽ എത്തിയെങ്കിലും തെരഞ്ഞെടുപ്പ് വൈകിയതോടെയാണ് യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
എൽഡിഎഫ് കൗൺസിലർമാർ എത്താൻ വൈകിയതിനെ തുടർന്ന് ഇവർ എത്തുന്നതുവരെ തെരഞ്ഞെടുപ്പ് വൈകിപ്പിച്ചുവെന്നായിരുന്നു യുഡിഎഫ് അംഗങ്ങളുടെ ആരോപണം. ഇതേ തുടർന്ന് വൈകിയെത്തിയ എൽഡിഎഫ് അംഗങ്ങളെ പ്രവേശിപ്പിക്കാതിരിക്കാൻ യുഡിഎഫ് അംഗങ്ങൾ ഹാൾ പൂട്ടിയെങ്കിലും എൽഡിഎഫ് അംഗങ്ങൾ മറ്റു വഴികളിലൂടെ ഹാളിനുള്ളിൽ കടന്നു. ഇതിനിടയിൽ വൈകിയെത്തിയ എൽഡിഎഫ് അംഗങ്ങളെ രജിസ്റ്ററിൽ ഒപ്പിടാൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് അംഗങ്ങൾ രജിസ്റ്റർ പിടിച്ചെടുക്കാൻ ശ്രമിച്ചതോടെ വാക്കേറ്റവും കൈയ്യാങ്കളിയും നടന്നു.
എൽഡിഎഫ് സ്ഥാനാർഥി വൈകിയാണെത്തിയതെന്നും ഇവരുടെ പത്രിക തള്ളണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടുവെങ്കിലും വരണാധികാരി കൂടിയായ ജില്ല കലക്ടർ ഇത് അംഗീകരിച്ചില്ല. ജില്ല കലക്ടർ ചട്ടം ലംഘിച്ചു എൽഡിഎഫിനു കൂട്ടുനിൽക്കുന്നുവെന്നാരോപിച്ച് യുഡിഎഫ് അംഗങ്ങൾ കലക്ടർക്കെതിരെയും പ്രതിഷേധമുയർത്തി. തുടർന്ന് ഇരു വിഭാഗങ്ങളെയും ശാന്തരാക്കിയതിനു ശേഷം തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചുവെങ്കിലും രണ്ടാം ഘട്ട വോട്ടെടുപ്പിൽ പങ്കെടുക്കാതെ യുഡിഎഫ് അംഗങ്ങൾ ഹാൾ വിട്ടു പോകുകയായിരുന്നു.