കാസർകോട് -കാഞ്ഞങ്ങാട് നഗരസഭയിലെ ചെയർ പേഴ്‌സൺ തെരഞ്ഞെടുപ്പിൽ മുസ്‌ലിംലീഗിൽ അട്ടിമറി. ലീഗിന്റെ രണ്ട് വനിതാ കൗൺസിലർമാർ ഇടതുമുന്നണി സ്ഥാനാർഥി സിപിഎമ്മിലെ കെ വി സുജാതക്ക് അനുകൂലമായി വോട്ട് ചെയ്തു. ഒരു മുതിർന്ന ലീഗ് കൗൺസിലർ വോട്ട് അസാധുവാക്കി.
സംഭവം വിവാദമായതോടെ ലീഗ് നേതൃത്വം മൂന്ന് കൗൺസിലർ മാരോടും രാജി ആവശ്യപ്പെട്ടു. കല്ലൂരാവിയിലെ അബ്ദുറഹ്മാൻ ഔഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായ ലീഗിന് കാഞ്ഞങ്ങാട് നഗരസഭയിലെ അപ്രതീക്ഷിത സംഭവം രണ്ടാമത്തെ വലിയ പ്രഹരമായി. നഗരസഭയിലെ നാൽപതാം വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സി എച്ച് സുബൈദയുടെ വോട്ടാണ് അസാധുവാക്കിയത്. 27 ആം വാർഡിൽ നിന്നും വിജയിച്ച ഹസീന റസാക്ക്, ഒന്നാം വാർഡിൽ നിന്നും വിജയിച്ച അസ്മ മാങ്കൂർ എന്നിവരാണ് ഇടതുമുന്നണിക്ക് വോട്ട് ചെയ്തത്. ടി കെ സുമയ്യ ആയിരുന്നു ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി. ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് മത്സരിക്കാൻ ദീർഘകാലമായി കൗൺസിലിലും പൊതുരംഗത്തും പ്രവർത്തിക്കുന്ന സി എച്ച് സുബൈദക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ പാർട്ടി നേതൃത്വം പരിഗണിച്ചില്ല. വ്യക്തിപരമായി യുഡിഎഫ് സ്ഥാനാർഥിയോട് ഇവർക്ക് എതിർപ്പുണ്ടായിരുന്നു. ഏറെ പരിചയസമ്പന്നനായ സുബൈദക്ക് കയ്യബദ്ധം സംഭവിച്ചതാണ് എന്ന് ആരും സമ്മതിക്കുന്നില്ല. ബോധപൂർവം അസാധുവാക്കിയത് ആണ് എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഇടതുമുന്നണിക്ക് വോട്ട് ചെയ്ത് ഹസീന റസാഖ് നേരത്തെ നീലേശ്വരം പഞ്ചായത്ത് അംഗമായിരുന്നിട്ടുണ്ട്.
അസ്മാ മാങ്കൂർ നഗരസഭാ കൗൺസിലിൽ ആദ്യമാണ്. വോട്ടെടുപ്പിന് മുമ്പുതന്നെ റിട്ടേണിംഗ് ഓഫീസർ വോട്ട് ചെയ്യേണ്ട വിധം കൃത്യമായി മുഴുവൻ കൗൺസിലർമാരെയും ധരിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ കൗൺസിലർ തെറ്റായി എതിർപക്ഷത്തിന് വോട്ട് ചെയ്യുന്നതാണ് എന്ന് ആരും കരുതുന്നില്ല. അതിനിടെ ബിജെപി സ്ഥാനാർത്ഥിക്കും വോട്ടു കുറഞ്ഞത് ചർച്ചയായിട്ടുണ്ട്. ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് മത്സരിച്ച കുസുമ ഹെഗ്‌ഡെക്ക് മൂന്നു വോട്ട് മാത്രമാണ് ലഭിച്ചത്. നഗരസഭയിൽ ബിജെപിക്ക് ആറു കൗൺസിലർമാർ ഉണ്ട്. ഇവരിൽ മൂന്നു പേരുടെ വോട്ട് അസാധുവായി.