റിയാദ് - മൂന്നംഗ ഹവാല സംഘത്തെ റിയാദിൽനിന്ന് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. മുപ്പതിനടുത്ത് പ്രായമുള്ള സിറിയക്കാരനും യെമനിയും കുടിയേറ്റ ഗോത്രക്കാരനും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്. ഉറവിടമറിയാത്ത പണം ശേഖരിച്ച് വ്യാപാര സ്ഥാപനങ്ങളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ വഴി വിദേശങ്ങളിലേക്ക് അയക്കുകയാണ് സംഘം ചെയ്തിരുന്നത്.
പ്രതികളിൽ ഒരാളുടെ മാതാവായ സൗദി വനിതയുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളാണ് ഹവാല ഇടപാടുകൾക്ക് മറയായി സംഘം ഉപയോഗിച്ചിരുന്നത്.
കിഴക്കൻ റിയാദിലെ ഫഌറ്റ് കേന്ദ്രീകരിച്ചാണ് സംഘം ഹവാല ഇടപാട് മേഖലയിൽ പ്രവർത്തിച്ചിരുന്നത്. ഇവരുടെ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ 13,14,991 റിയാലും ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കാനും അയക്കാനും ഉപയോഗിച്ചിരുന്ന എ.ടി.എം കാർഡുകളും ചെക്ക് ബുക്കുകളും മറ്റും കണ്ടെത്തി. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പ്രവിശ്യ പോലീസ് അസിസ്റ്റന്റ് വക്താവ് മേജർ ഖാലിദ് അൽകുറൈദിസ് അറിയിച്ചു.