ഇന്ത്യയിൽ നരേന്ദ്ര മോഡി സർക്കാർ നോട്ട് നിരോധം ഏർപ്പെടുത്തിയിട്ട് ഇന്ന് ഒരു വർഷം തികയുന്നു. ലോകത്ത് ഒരു രാജ്യത്തിനും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത സാമ്പത്തിക ദുരിതത്തിലൂടെയാണ് ഇന്ത്യയിലെ ജനങ്ങൾ കഴിഞ്ഞ ഒരാണ്ട് കടന്നു പോയത്. ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിൽ ബി.ജെ.പി സർക്കാരിന്റെ നോട്ട് നിരോധം ഇന്ത്യൻ ജനതക്ക് ഇരുട്ടടിയായി. തീർത്തും ജനാധിപത്യ വിരുദ്ധമായി നടപ്പാക്കിയ ഒരു പദ്ധതി മൂലം ജനങ്ങൾ അടിമകളെ പോലെ ബാങ്കുകൾക്ക് മുന്നിൽ വരി നിന്ന നാളുകൾ. പണത്തിന്റെ ക്ഷാമം മൂലം ജീവിതത്തിലെ അത്യാവശ്യ ഇടപാടുകൾ പോലും നടത്താൻ കഴിയാതെ പോയ ഒരു ജനതയുടെ രോദനങ്ങൾ...നോട്ട് നിരോധത്തിന്റെ കെണിയിൽ പെട്ട ജനങ്ങൾ അനുഭവിച്ച ദുരിതങ്ങളെ കുറിച്ചും സമ്പദ്‌വ്യവസ്ഥയിൽ അതുണ്ടാക്കിയ ദുരന്തങ്ങളെ കുറിച്ചും മലയാളം ന്യൂസ് മലപ്പുറം ലേഖകൻ വി.എം.സുബൈർ തയാറാക്കിയ പരമ്പര
2016 നവംബർ എട്ടിന് രാത്രി ലോകം രണ്ട് സുപ്രധാന വാർത്തകളാണ് കേട്ടത്. ഒന്നാമത്തേത് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് നേടിയ അട്ടിമറി ജയം. രണ്ടാമത്തേത് ഇന്ത്യയിൽ ഉയർന്ന മൂല്യമുള്ള കറൻസികൾ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ അപ്രതീക്ഷിത പ്രഖ്യാപനം. രണ്ടു വാർത്തകളും ലോകം കേട്ടത് അമ്പരപ്പോടെയാണ്. അമേരിക്കയിൽ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഭാര്യ ഹിലാരി ക്ലിന്റന്റെ വിജയം ലോകമാധ്യമങ്ങളും അതുവഴി അമേരിക്കൻ ജനതയും ഏറെക്കുറെ ഉറപ്പിച്ചിരിക്കേയാണ് അപ്രതീക്ഷിതമായി ഡോണൾഡ് ട്രംപ് വിജയപീഠമേറിയത്. തെരഞ്ഞെടുപ്പിൽ സംഭവിച്ചതെന്തെന്നോ ഹിലരിയുടെ തോൽവിയോട് എങ്ങനെ പ്രതികരിക്കണമെന്നോ അറിയാത്ത അമ്പരപ്പിലായിരുന്നു അമേരിക്ക. എന്നാൽ വോട്ടുകളുടെ ഭൂരിപക്ഷം ട്രംപിനായതിനാൽ ആ വിജയം അംഗീകരിക്കേണ്ടത് അവരുടെ ജനാധിപത്യ മര്യാദയായി.
ട്രംപിന്റെ വിജയ വാർത്തക്ക് തൊട്ട് പിന്നാലെ നവംബർ എട്ടിന് രാത്രി എട്ടരയോടെയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയിലെ ജനങ്ങളെയും ലോകരാഷ്ട്രങ്ങളെയും അമ്പരപ്പിച്ച് നോട്ട് നിരോധം പ്രഖ്യാപിച്ചത്. രാജ്യത്ത് നിലവിലുള്ള 1000, 500 കറൻസികൾ അസാധുവാക്കിയെന്നായിരുന്നു പ്രഖ്യാപനം. നിലവിലുള്ള 100, 50, 20, 10 രൂപ നോട്ടുകളും നാണയങ്ങളും തുടർന്നും ഉപയോഗിക്കാമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ജനങ്ങൾ അവരുടെ കൈയിലുള്ള 1000, 500 രൂപ നോട്ടുകൾ സ്വന്തം ബാങ്ക് അക്കൗണ്ടുകളിലും നിക്ഷേപിക്കണം. ഈ തുക നിയന്ത്രണങ്ങൾക്ക് വിധേയമായി വരും നാളുകളിൽ പുതിയ നോട്ടുകളായി പിൻവലിക്കാം. ഇന്ത്യൻ റിസർവ് ബാങ്ക് പുറത്തിറക്കുന്ന പുതിയ 2000, 500 രൂപ നോട്ടുകളാണ് തുടർന്ന് ജനങ്ങൾക്ക് നൽകുക. അസാധുവാക്കിയ നോട്ടുകൾ 2016 ഡിസംബർ 30 വരെ ബാങ്കുകളിൽ നിക്ഷേപിക്കാനാകും. രാജ്യത്തെ പെട്രോൾ പമ്പുകൾ, റെയിൽവേ ടിക്കറ്റ് കൗണ്ടറുകൾ എന്നിവിടങ്ങളിലും ഡിസംബർ 30 വരെ ഈ തുക നൽകാമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ജനങ്ങൾ ഈ കറൻസികൾ പരസ്പരം കൈമാറ്റം ചെയ്യാൻ പാടില്ലെന്നും കർശന നിർദേശം വന്നു.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ ഞെട്ടലോടെയാണ് ഇന്ത്യയിലെ ജനങ്ങൾ കേട്ടത്. രാജ്യത്തെ പൗരൻമാർക്ക് യാതൊരു മുന്നറിയിപ്പും നൽകാതെ മോഡി നടത്തിയ പ്രഖ്യാപനത്തിന്റെ അർഥമെന്തെന്നറിയാതെ സാമ്പത്തിക വിദഗ്ധർ പോലും പകച്ചു പോയി. കറൻസിയുടെ സാമ്പത്തിക ശാസ്ത്രം ഏറെയൊന്നും അറിയാത്ത സാധാരണക്കാരായ ജനങ്ങൾ സംഭവിച്ചതെന്തെന്നറിയാതെ വാ പൊളിച്ചു. തങ്ങളുടെയെല്ലാം കൈയിലുള്ള വലിയ മൂല്യമുള്ള നോട്ടുകൾ ഇനി മുതൽ അസാധുവാണെന്ന ഞെട്ടിക്കുന്ന സത്യം അറിഞ്ഞവർ കടുത്ത ആശങ്കയിലായി. രാജ്യത്ത് ജീവിച്ചിരിക്കുന്ന തലമുറകളിൽ മഹാഭൂരിപക്ഷവും ഇത്തരത്തിലൊരു നടപടി മുമ്പ് നേരിട്ടിട്ടില്ല. ഭരണകൂടത്തിന്റെ ഉദ്ദേശ്യമെന്തെന്ന് അവർക്ക് മനസ്സിലായില്ല.
രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന കള്ളപ്പണം പിടിച്ചെടുക്കുകയാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് ദേശീയ ടെലിവിഷനായ ദൂരദർശനിലൂടെ നരേന്ദ്ര മോഡി നടത്തിയ പ്രഖ്യാപനത്തിൽ പറഞ്ഞിരുന്നു. രാജ്യത്ത് ഏറെ പേർ സർക്കാരിലേക്ക് നികുതി അടയ്ക്കാതെ നിയമ ലംഘനത്തിലൂടെ പണമുണ്ടാക്കുന്നുണ്ടെന്നും ഇത് കള്ളപ്പണമാണെന്നും ഇവ ബാങ്കുകൾ വഴി ശേഖരിക്കുകയാണ് ഈ നടപടിയുടെ ലക്ഷ്യമെന്നും മോഡി വിശദീകരിച്ചു. കള്ളപ്പണം നിയമ വിധേയമാക്കാൻ പിഴയോടു കൂടിയ പദ്ധതികൾ കേന്ദ്രധനകാര്യ വകുപ്പ് ഒരു വർഷം മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്ക് പുറത്ത്, സ്വിസ് ബാങ്കിലും മറ്റും നിക്ഷേപിച്ചുള്ള കള്ളപ്പണം പിടിച്ചെടുക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചതായും അറിയിപ്പുകളുണ്ടായിരുന്നു. എന്നാൽ ഈ നടപടികളൊന്നും ഉദ്ദേശിച്ച ഫലം കാണാത്തതുകൊണ്ടാണ് സർക്കാർ നോട്ടു നിരോധമെന്ന അസാധാരണവും കടുത്തതുമായ നടപടികളിലേക്ക് കടന്നതെന്ന് പിന്നീടുള്ള ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര മന്ത്രി അരുൺ ജെറ്റ്‌ലി തുടങ്ങിയവർ വിശദീകരിച്ചു.
നവംബർ എട്ടിന് രാത്രി മുതൽ ഇന്ത്യയിലെ ജനങ്ങളുടെ പ്രധാന ചർച്ച നോട്ട് നിരോധമായിരുന്നു. റിസർവ് ബാങ്കിനെ കൂട്ടുപിടിച്ച് കേന്ദ്ര സർക്കാർ എടുത്ത നടപടി ജനദ്രോഹപരമാണെന്ന് ആദ്യഘട്ടത്തിൽ പരക്കെ അഭിപ്രായമുയർന്നു. ഇന്ത്യയിലെ ടെലിവിഷൻ മാധ്യമങ്ങൾ ഫഌഷ് ന്യൂസായി കറൻസിയുടെ അസാധുവാക്കൽ വാർത്തകൾ നൽകിക്കൊണ്ടിരുന്നു. സ്വകാര്യ ചാനലുകളിൽ രാഷ്ട്രീയ നേതാക്കളും സാമ്പത്തിക വിദഗ്ധരും പങ്കെടുത്ത ചർച്ചകൾ സജീവമായി. കേന്ദ്ര സർക്കാരിന്റെ നടപടി മൂലം ആരെല്ലാം കുടങ്ങുമെന്ന് ചർച്ചകളിൽ തലനാരിഴ കീറി പരിശോധനകൾ നടന്നു. അപ്പോഴും, വിദഗ്ധർക്ക് പോലും അറിയാത്ത ഒരു കാര്യമുണ്ടായിരുന്നു. സർക്കാർ നടപടിയെ ജനങ്ങൾ എങ്ങനെ സ്വീകരിക്കും? നോട്ട് നിരോധത്തിലൂടെ പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യമെന്താണ്?
നരേന്ദ്ര മോഡിയുടെ പ്രഖ്യാപനം വന്ന അന്നു രാത്രി ഇന്ത്യയിലെ മാനസികാവസ്ഥ അതിനു മുമ്പൊരിക്കലും ഉണ്ടാകാത്ത ഒന്നായിരുന്നു. സാധാരണക്കാരായ ജനങ്ങൾ രാജ്യത്ത് പുതിയ എന്തോ കാര്യം വരാനിരിക്കുന്നു എന്ന സാമാന്യ ചിന്തയോടെ ഉറക്കത്തിലേക്ക് വീണു. ധനികരായവരാകട്ടെ, കൈയിലുള്ള പണം ഇനിയെന്ത് ചെയ്യുമെന്ന ആശങ്കയിലായി. ജീവിതകാലമിത്രയും അധ്വാനിച്ചും വ്യാപാരങ്ങൾ നടത്തിയും ഉണ്ടാക്കിയ പണമാണ്. എന്നാൽ അതെല്ലാം ബാങ്കുകളിൽ നിക്ഷേപിക്കേണ്ടി വരുമ്പോൾ സർക്കാരിന്റെ കണക്കിൽ ഉൾപ്പെടും. ഒരാൾക്ക് ആദായ നികുതി നൽകാതെ കൈവശം വെക്കാവുന്നത് രണ്ടര ലക്ഷം രൂപയാണ്. അതിൽ കൂടുതലുള്ള പണത്തിന് കൃത്യമായ വരുമാനത്തെളിവ് നൽകണം. തെളിവ് നൽകാനായില്ലെങ്കിൽ സർക്കാരിലേക്ക് അത് കണ്ടുകെട്ടും. തെളിവ് നൽകാനായാൽ തന്നെ പിഴയോടു കൂടി ആദായ നികുതി സർക്കാരിലേക്ക് അടയ്ക്കുകയും വേണം. പരിധിയിൽ കവിഞ്ഞ പണം കൈയിലുള്ളവരെ അലോസരപ്പെടുത്തുന്ന പ്രഖ്യാപനമായിരുന്നു പ്രധാനമന്ത്രിയുടേത്. പലർക്കും ഉറക്കം നഷ്ടപ്പെട്ട രാത്രിയായിരുന്നു അത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒറ്റ രാത്രി കൊണ്ട് ലോകവാർത്താ ചാനലുകളിൽ ഇടം നേടിയ ദിവസമായിരുന്നു അത്. ഇന്ത്യയിലെ സാമ്പത്തിക നടപടിയോട് ലോകരാഷ്ട്രങ്ങളൊന്നും പെട്ടെന്ന് പ്രതികരിച്ചില്ല. ഇന്ത്യൻ നടപടിയുടെ പ്രത്യാഘാതമെന്താവുമെന്ന് മുൻകൂട്ടി കണക്കുകൂട്ടാൻ ആർക്കും കഴിഞ്ഞില്ല. കറൻസി നിരോധം ഇന്ത്യൻ സർക്കാരിന്റെ സർജിക്കൽ സ്‌ട്രൈക്ക് ആയാണ് വിശേഷിപ്പിക്കപ്പെട്ടത്. കശ്മീരിൽ തീവ്രവാദികൾക്കെതിരെ ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന്റെ ചർച്ചകൾ അവസാനിക്കും മുമ്പായിരുന്നു ഈ സ്‌ട്രൈക്ക്. ഇന്ത്യൻ സാമ്പത്തിക രംഗം ശുദ്ധമാക്കുന്നതിനുള്ള ശസ്ത്രക്രിയയാണിതെന്ന് വ്യാഖ്യാനിക്കപ്പെട്ടു. ഇന്ത്യയുടെ സാമ്പത്തിക ചരിത്രം നോട്ട് നിരോധത്തിന് മുമ്പും പിമ്പുമെന്ന് വിഭജിക്കപ്പെടും.
ഇന്ത്യയിലെ നടപടി രാജ്യത്തിന്റെ സാമ്പത്തിക രംഗത്തും ആഗോള വിപണിയിലും എന്ത് മാറ്റമുണ്ടാക്കുമെന്ന ചോദ്യങ്ങളുയർന്നു. ഇത് ഗുണപരമാകുമോ അതോ ഇന്ത്യൻ സമ്പദ്‌രംഗം തകർന്നടിയുമോ? ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ പെട്ടെന്ന് ലഭിക്കുന്നതായിരുന്നില്ല. ഇന്ത്യയിലെ ജനങ്ങൾ ഈ നടപടിയെ എങ്ങനെ സമീപിക്കുമെന്നതായിരുന്നു എല്ലാവരും ഉറ്റുനോക്കിയത്. നോട്ട് നിരോധത്തിന് ശേഷമുള്ള ദിനങ്ങളിൽ ഇന്ത്യയിൽ എന്തു നടക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കിയത്.
(തുടരും)