എന്നു മുതലെന്നോർമയില്ല, കൊലയും പൗരോഹിത്യവും അന്വേഷണവും നിയമവും എന്റെ കൗതുകം ഉണർത്തിയിരുന്നു. ദെസ്റ്റെേയാവ്‌സ്‌കിയുടെ കുറ്റവും ശിക്ഷയും മുതൽ പേരോർക്കാത്ത അപസർപ്പക സാഹിത്യകാരന്റെ അത്ഭുത കേസരി വരെ നീണ്ടുപരന്നുകിടക്കുന്നതാണ് ആ വികാര പ്രപഞ്ചം. ഇപ്പറഞ്ഞതിൽ രണ്ടിലും പൗരോഹിത്യം സഞ്ചാരി ഭാവമായി വർത്തിക്കുന്നില്ല എന്നു സമ്മതിക്കുന്നു. എന്നാലും കൊലപാതകത്തിന്റെ ഭയവും സംഭ്രമവും നിയമത്തിന്റെ കുരുക്കും അഴിച്ചെടുക്കാൻ ശ്രമിക്കുന്നതാണ് അതൊക്കെ. കൊല്ലാനുള്ള പേടിയും നിർബന്ധവും ഒരുപോലെ ആവിഷ്‌കരിക്കുന്നതാണ്ഗീത പോലും.
കൊലയിലും നാടുവാഴിത്തവും പൗരോഹിത്യവും കൂടിക്കുഴഞ്ഞ സാഹചര്യം കൗതുകമായി എന്നിൽ വിടർന്നു വന്നത് അര നൂറ്റാണ്ടു മുമ്പായിരുന്നു. അക്ഷരം കൂട്ടിവായിക്കാനോ എഴുതാനോ അറിയുമായിരുന്നില്ല ആദ്യത്തെ കൊലയെക്കുറിച്ചു കേൾക്കുമ്പോൾ. മലപ്പുറത്തിനടുത്ത് മലാപ്പറമ്പിൽ രാമസിംഹനും കുടുംബവും കൊല ചെയ്യപ്പെട്ട സാഹചര്യം ഞാൻ മനസ്സിലാക്കിയത് വാമൊഴിയായി പകർന്നു വന്ന പുരാവൃത്തമായിട്ടായിരുന്നു.
കെ. കേശവമേനോൻ അതിൽ ഹീറോ ആയി വിലസി. ശബരിമല തീവെപ്പ് അന്വേഷിക്കുകയും 'ഒരു കുറ്റാന്വേഷകന്റെ ഡയറിക്കുറിപ്പുകൾ' എഴുതുകയും ചെയ്ത കേശവമേനോൻ അപസർപ്പക വൃത്തിയിലെ അവസാന പദമായിരുന്നു. വേഷം മാറിയും മാറാതെയും അദ്ദേഹം രാമസിംഹൻ കൊലക്കേസ് കൈകാര്യം ചെയ്തു. സത്യം അന്വേഷണത്തിലൂടെ തീർത്തും തെളിഞ്ഞു വരാത്തതായിരുന്നു ആ സംഭവം. പക്ഷേ അഭയക്കേസ് പോലെ നീളുകയോ തിരിഞ്ഞുകൊത്തുകയോ ചെയ്തില്ല ആ അന്വേഷണം.
അമ്പതു കൊല്ലത്തിനു ശേഷം കൊലയെപ്പറ്റി കൂടുതൽ അറിവുണ്ടാകാനിടയുണ്ടായിരുന്ന എ.സി. മാധവൻ നമ്പ്യാരെ കണ്ടുമുട്ടി. ഇന്റലിജൻസ് ബ്യൂറോയുടെ തലപ്പത്തുനിന്നു പിരിഞ്ഞ് ചെന്നൈയിൽ വിശ്രമിക്കുകയായിരുന്നു പോലീസിന്റെ മട്ടും മാതിരിയും ഇല്ലാതിരുന്ന എ.സി.എം. നമ്പ്യാർ. പഴയ കേസ് കുത്തിപ്പൊക്കുന്ന കാര്യം പറഞ്ഞപ്പോൾ നമ്പ്യാർ തിരിച്ചുചോദിച്ചു: 'ഇനി അതൊക്കെ അരിച്ചുപെറുക്കണോ?'
വേണ്ട. കെട്ടടങ്ങിയത് വീണ്ടും ആളിക്കത്തിക്കാൻ നോക്കണ്ട. നമ്പ്യാരുടെ മതം അതായിരുന്നിരിക്കണം. വാസ്തവത്തിൽ കേരളത്തിന്റെ സംയമനത്തിന്റെയും ആർജവത്തിന്റെയും ദൃഷ്ടാന്തമായി കാണണം ആ കൊലയുടെ പശ്ചാത്തലവും പൂർവതലവും. ഇനി അത് ഊതിപ്പടർത്തേണ്ട. ഇംഗ്ലീഷിൽ പറയില്ലേ, ഉറങ്ങിക്കിടക്കുന്ന നായ്ക്കൾ കിടക്കട്ടെ.
എന്റെ അപസർപ്പക താൽപര്യം ഏറെ മുന്നേറിയ കാലത്തായിരുന്നു മാടത്തരുവി സംഭവം. കേശവമേനോന്റെ കുറ്റാന്വേഷണക്കുറിപ്പിൽ ഒതുങ്ങിനിന്നതു പോലെയായിരുന്നില്ല അഞ്ച് മക്കളുടെ അമ്മയായിരുന്ന മറിയക്കുട്ടിയുടെ കൊല. ഓണമോ ക്രിസ്മസോ കേറാത്ത കുന്നിൻ പ്രദേശത്തായിരുന്നു സംഭവം. മുപ്പത്തേഴുകാരൻ പാതിരിയായ ബെനഡിക്റ്റ് പ്രതിയായപ്പോൾ മതവും രതിയും നിയമവും കൊലയും കുറ്റാന്വേഷണവും കൂടിക്കലർന്ന ഒരു കഥാപ്രപഞ്ചം മലയാളിക്കു വീണു കിട്ടി. അറുപതുകളുടെ നടുവിലായിരുന്നു പ്രമാദമായ വിചാരണ. പിന്നീട് ചീഫ് സെക്രട്ടറിയായ ഒരാളുടെ അച്ഛനായിരുന്ന കുഞ്ഞിരാമൻ വൈദ്യർ ആയിരുന്നു കൊല്ലത്തെ സെഷൻസ് ന്യായാധിപൻ. വായനക്കാർക്ക് കിടിലോൽക്കിടിലമായ വിചാരണക്കുറ്റത്തിന്റെ തെളിവിലേക്കും വധശിക്ഷയിലേക്കും നീങ്ങിയപ്പോൾ മലയാളി, വിശേഷിച്ചും മതവിശ്വാസി, അന്തം വിട്ടുനിന്നു.
വിശുദ്ധ വസ്ത്രമണിഞ്ഞ ഒരു പുരോഹിതൻ ബലാൽസംഗത്തിനും കൊലപാതകത്തിനും വധശിക്ഷ ഏറ്റുവാങ്ങുന്നത് സഭാ നേതൃത്വത്തിന് വേദന ഉളവാക്കുന്നതായിരുന്നു. ബെനഡിക്റ്റ് അച്ചൻ നിർദോഷിയാണെന്നു വിശ്വസിച്ചിരുന്നവർ ഏറെ. ഏറെക്കാലത്തിനു ശേഷം റാന്നിയിൽ സബ് ഇൻസ്‌പെക്ടർ ആയി പിരിഞ്ഞ അമ്പലപ്പുഴക്കാരൻ കരുണാകരൻ നായരിൽനിന്ന് ഗതകാല സ്മരണകൾ കേട്ടിരുന്നതോർക്കുന്നു. ബെനഡിക്റ്റ് ചെയ്തതല്ല കൊല എന്ന പക്ഷക്കാരനായിരുന്നു കരുണാകരൻ നായർ. ഹൈക്കോടതിയിൽ അപ്പീൽ അവതരിപ്പിക്കപ്പെട്ടപ്പോൾ പ്രതിഭാഗം വക്കീലും രണ്ടംഗ ബെഞ്ചും സ്വീകരിച്ചതും ആ നിലപാടു തന്നെ.
വധശിക്ഷക്കു വിധിക്കപ്പെട്ട ഫാദർ ബെനഡിക്റ്റിന്റെ വക്കീലായി വന്നത് കമ്യൂണിസ്റ്റുകാരനായ എ.എസ്.ആർ. ചാരി ആയിരുന്നു. പശ്ചാത്താപമില്ലാത്ത ഒരു ഇന്ത്യൻ കമ്യൂണിസ്റ്റുകാരൻ എന്ന പുസ്തകത്തിന്റെ രചയിതാവായ ചാരിയുടെ പൊക്കത്തിന് ഒത്തതായിരുന്നു ഒച്ച. കാണികളെ രസിപ്പിച്ചുകൊണ്ട് ചാരി തന്റെ വാദവുമായി കോടതിയരങ്ങ് തകർത്തപ്പോൾ അക്ഷമനായ ഒരു ന്യായാധിപൻ പറഞ്ഞുവത്രേ: 'മി. ചാരി, ഞങ്ങൾക്ക് കേൾക്കാം, കേൾവിക്കുറവില്ല.' ഒട്ടും താമസിയാതെ ചാരിയുടെ മറുപടി പൊട്ടിവീണു: 'വളരെ ശരി, മി ലോർഡ്. കിടപ്പുമുറിയിൽ എന്റെ ഭാര്യയും ഇതു തന്നെ പറയുന്നു. 'ജസ്റ്റിസ് രാമൻ നായരും ജസ്റ്റിസ് ഗോപാലൻ നമ്പ്യാരും മുഖത്തോടു മുഖം നോക്കിയിരിക്കണം.
എന്തായാലും രണ്ടു പേരും ഒരേ നിഗമനത്തിലെത്തി. ഫാദർ ബെനഡിക്റ്റ് കുറ്റക്കാരനല്ല. കൊലയ്‌ക്കോ ബലാൽസംഗത്തിനോ ഫാദർ കാരണക്കാരനാണെന്ന നിലപാട് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. പിന്നീട് ബംഗളൂരിലേക്കു സ്ഥലം മാറിപ്പോയി മരിച്ച പാതിരി മാത്രമായിരുന്നില്ല രക്ഷപ്പെട്ടവരുടെ കൂട്ടത്തിൽ. സംശയിക്കപ്പെട്ട പൗരോഹിത്യത്തിന്റെ അഭിമാനവും ആ വിചാരണയിൽ ഒട്ടൊക്കെ വീണ്ടെടുക്കപ്പെട്ടുവെന്നു പറയാം. അൾത്താരകളിൽ അന്നു മുഴങ്ങിയിരിക്കണം ചാരിക്ക് പഥ്യമായ ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം.
അതിന്റെ ചുവടു പിടിച്ച് സിനിമ പലതുണ്ടായി. കൊച്ചിയിലെ ഒരു ഹോട്ടലിന്റെ മുകളിൽനിന്ന് ഒരു ജീവനക്കാരൻ വീണു മരിച്ചതോ മരിക്കാൻ വീഴ്ത്തിയതോ ആയ സംഭവത്തിൽ സിനിമ പൊടിപൊടിച്ചു. സി.ബി.ഐ തുരുതുരാ ഗോളടിച്ചത് അക്കാലത്തായിരുന്നു. ഒരാൾരൂപം താഴേക്ക് തള്ളിയിട്ട് കൊലപാതകത്തെപ്പറ്റി ചില നിഗമനങ്ങളിൽ എത്താനായിരുന്നു ശ്രമം. അത് എത്തുകയും ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന വിജയകരമായ സിനിമക്ക് വഴി കാട്ടുകയും ചെയ്തു. സി.ബി.ഐ മാറിമാറി സംശയിക്കപ്പെടുകയും ശ്ലാഘിക്കപ്പെടുകയും ചെയ്ത അപൂർവമായ കേസായിരുന്നു കോട്ടയത്തെ ഒരു കന്യാസ്ത്രീ മഠത്തിൽ നടന്ന അഭയയുടെ കൊല. കൊലയല്ലെന്നും കൊലയാളിയെ കിട്ടാത്ത കൊലയാകാമെന്നും ഒരു പാതിരിയും കന്യാസ്ത്രീയും കൂടി ഒപ്പിച്ച നഗ്നമായ കൊല തന്നെയാണെന്നും സി.ബി.ഐ മാറിമാറി സ്ഥാപിക്കുകയായിരുന്നു. അഭയാ കേസിന്റെ അപൂർവത അതിന്റെ കാലഗതി തന്നെ. ഫാദർ തോമസിനെയും സിസ്റ്റർ സെഫിയെയും ജീവപര്യന്തം തടവിനു ശിക്ഷിച്ച സി.ബി.ഐ കോടതിയിലെ കരുനാഗപ്പള്ളിക്കാരൻ സനിൽകുമാർ എന്ന ന്യായാധിപൻ കേസ് തുടങ്ങുമ്പോൾ നിയമ വിദ്യാർഥി ആയിരുന്നു. ഇരുപത്തെട്ടു കൊല്ലത്തിനു ശേഷം ആ വിദ്യാർഥിക്ക് ആ കേസ് കൈയാളേണ്ടി വന്നു. മുമ്പൊരിക്കൽ വയനാട്ടിൽ വർഗീസ് എന്ന നോട്ടപ്പുള്ളിയെ മേലുദ്യോഗസ്ഥന്റെ നിർദേശപ്രകാരം വെടിവെച്ചു കൊന്ന കേസ് രാമചന്ദ്രൻ നായർ എന്ന പോലീസുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വീണ്ടും കെട്ടഴിച്ചിരുന്നു. അതിനിടെ ഐ.ജി ആയി പിരിഞ്ഞ ആ മേലുദ്യോഗസ്ഥൻ ശിക്ഷിക്കപ്പെട്ടു. കാലഗതിയിലും കേസിന്റെ വഴിയിലും അതിനേക്കാൾ കടുത്തതായിരുന്നു അഭയാ കേസ്.
പ്രാദേശിക പോലീസിൽനിന്ന് ക്രൈം ബ്രാഞ്ചിലേക്ക് കേസ് നീങ്ങിയപ്പോൾ കെ.ടി. മൈക്കൾ എന്ന ഉദ്യോഗസ്ഥൻ തെളിവു നശിപ്പിക്കാൻ ഒരുക്കിയ ചട്ടവട്ടങ്ങൾ നാട്ടിൽ പാട്ടായിരുന്നു. അതു പിന്നീട് കോടതി രേഖകളിൽ സ്ഥലം പിടിക്കുകയും ചെയ്തു. ആദ്യം സംഭവ സ്ഥലത്തെത്തിയ ഒരു ഉദ്യോഗസ്ഥൻ പിന്നീട് സംശയകരമായ രീതിയിൽ മരിച്ചതായി കണ്ടു. അഭയ ആത്മഹത്യ ചെയ്തതല്ല, കൊല്ലപ്പെട്ടതാണെന്ന് സ്ഥാപിച്ച സി.ബി.ഐ ഉദ്യോഗസ്ഥൻ വർഗീസ് തോമസ് പിരിഞ്ഞുപോകാൻ നിർബന്ധിക്കപ്പെട്ടു. പിന്നെ രണ്ടു തവണ സി.ബി.ഐ കരണം മറിഞ്ഞു. പല സി.ബി.ഐ ഡയറിക്കുറിപ്പുകൾ നിലവിൽ വന്നു. ആദ്യം ആത്മഹത്യ ആണെന്നും പിന്നെ കൊലയാണെങ്കിലും ആളെയറിയില്ലെന്നും സി.ബി.ഐ സമ്മതിച്ചു. ഒടുവിലായിരുന്നു കൊലപാതകമാണെന്ന കുറ്റപത്രവും ജീവപര്യന്തം തടവ് എന്ന ശിക്ഷാവിധിയും.
ഇതിൽ ശിക്ഷിക്കപ്പെട്ടിരിക്കുന്നവർ മാത്രമല്ല യഥാർഥ കുറ്റവാളികൾ. കുറ്റം തെളിയാതിരിക്കാൻ ആരെല്ലാമോ എന്തെല്ലാമോ ചെയ്തുകൂട്ടിയെന്ന് കോടതിയിൽ തന്നെ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. വർഗീസ് തോമസിന്റെ രാജിയിലേക്കും കൊല കൊലയല്ലെന്നു സ്ഥാപിക്കാൻ നടന്ന ശ്രമത്തിലേക്കും അന്വേഷണം നീളണം. ശിക്ഷിക്കപ്പെട്ടവരുടെ രക്ഷകരായി നിലകൊണ്ടവരെ വെറുതെ വിട്ടുകൂടാ.