റിയാദ് - ജനുവരി അഞ്ചിന് നടക്കുന്ന 41-ാമത് ഗള്‍ഫ് ഉച്ചകോടിയില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസിയും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും പങ്കെടുക്കുമെന്ന് ഗള്‍ഫ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള കരാര്‍ ഉച്ചകോടി പ്രഖ്യാപിക്കുമെന്നതിന്റെ സൂചനയാണ് ഉച്ചകോടിയിലെ ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ പങ്കാളിത്തമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ഗള്‍ഫ് ഉച്ചകോടിക്കു മുന്നോടിയായി ഞായറാഴ്ച നടന്ന വിദേശ മന്ത്രിമാരുടെ സുപ്രധാന യോഗത്തില്‍ ഖത്തര്‍ വിദേശ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി പങ്കെടുക്കാതിരുന്നത് നിരീക്ഷകരില്‍ ചില സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ അല്‍മുരൈഖി ആണ് യോഗത്തില്‍ സംബന്ധിച്ചത്.