കണ്ണൂർ- കോർപറേഷനിലെ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മുസ്‌ലിം ലീഗിൽ തർക്കം. ഡപ്യൂട്ടി മേയർ സ്ഥാനം ലീഗിലെ കസാനക്കോട്ടയിൽനിന്നുള്ള ഷമീമക്ക് നൽകണം എന്നാവശ്യപ്പെട്ടാണ് തർക്കം. താണയിൽ ജയിച്ച കെ.ഷബീനയെ ലീഗ് ജില്ലാ പാർലമെന്ററി ബോർഡ് തീരുമാനിച്ചിരുന്നു. ഇതാണ് തർക്കത്തിലേക്ക് നയിച്ചത്.
ഇന്നു രാവിലെ കണ്ണൂർ ജവാഹർ ലൈബ്രറിയിൽ യുഡിഎഫ് കൗൺസിലർമാരുടെ യോഗം കഴിഞ്ഞു പുറത്തിറങ്ങിയ സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുൽഖാദർ മൗലവിയെ യൂത്ത് ലീഗ് കണ്ണൂർ സിറ്റി മേഖലാ സെക്രട്ടറി റാഷിദ് തായത്തെരുവിന്റെ നേതൃത്വത്തിലുള്ള യൂത്ത് ലീഗുകാർ തടഞ്ഞു. മേയർ തിരഞ്ഞെടുപ്പു നടക്കുന്നതിനിടെ കോർപറേഷൻ വളപ്പിലെത്തിയ യൂത്ത് ലീഗ് സംഘം പ്രതിഷേധമറിയിച്ചു. മേയറുടെ സത്യപ്രതിജ്ഞാച്ചടങ്ങു കഴിഞ്ഞു മടങ്ങുന്നതിനിടെ ജില്ലാ പ്രസിഡന്റിനെ തടഞ്ഞുവെച്ച് ഇദ്ദേഹത്തിന്റെ കാറിൽ കരിങ്കൊടി കെട്ടി.