കൽപറ്റ-കേരള കോൺഗ്രസിലെ ജോസഫ് വിഭാഗത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജേക്കബ് ഗ്രൂപ്പ്.തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാന വ്യാപകമായി യു.ഡി.എഫിനെ ദുർബലപ്പെടുത്തുന്ന നിലപാടാണ് ജോസഫ് ഗ്രൂപ്പ് സ്വീകരിച്ചതെന്നു ജേക്കബ് വിഭാഗം വർക്കിംഗ് ചെയർമാൻ എം.സി.സെബാസ്റ്റ്യൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ തോണിച്ചാൽ ഡിവിഷനിൽ ജേക്കബ് വിഭാഗം സ്ഥാനാർഥി മേബിൾ ജോയിയുടെ തോൽവിയുടെ ഉത്തരവാദിത്തം പി.ജെ.ജോസഫ് ഏറ്റെടുക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തു പലേടത്തും വിമത സ്ഥാനാർഥികളെ നിർത്തി ജോസഫ് വിഭാഗം മുന്നണി മര്യാദ ലംഘിച്ചു. ഇക്കാര്യം ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ് സംസ്ഥാന യു.ഡി.എഫ് യോഗത്തിൽ ഉന്നയിക്കും. തോണിച്ചാൽ ഡിവിഷനിലുണ്ടായ പ്രശ്‌നങ്ങൾ സംബന്ധിച്ചു മുന്നണിയുടെ സംസ്ഥാന, ജില്ലാ നേതൃത്വത്തിനു പരാതി നൽകും.
തോണിച്ചാൽ ഡിവിഷനിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗം സ്ഥാനാർഥി പരാജയപ്പെട്ടതാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫിനു നഷ്ടമാകാൻ കാരണമായത്. മീനങ്ങാടി ജില്ലാ പഞ്ചായത്ത് ഡിവിഷൻ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിനും തോണിച്ചാൽ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ ജോസഫ് വിഭാഗത്തിനും നൽകനാണ് യു.ഡി.എഫ് ജില്ലാ നേതൃത്വം ആദ്യം തീരുമാനിച്ചത്. എന്നാൽ മീനങ്ങാടി ജില്ലാ പഞ്ചായത്ത് ഡിവിഷൻ ചോദിച്ചുവാങ്ങിയ ജോസഫ് വിഭാഗം തോണിച്ചാൽ ബ്ലോക്ക് ഡിവിഷൻ ജേക്കബ് വിഭാഗത്തിനു നൽകി.പിന്നീട് തോണിച്ചാൽ ഡിവിഷനിലും ജോസഫ് വിഭാഗം സ്ഥാനാർഥിയെ നിർത്തുകയായിരുന്നു. ഇതേക്കുറിച്ചു യു.ഡി.എഫ് നേതൃത്വം ചോദിച്ചപ്പോൾ സ്ഥാനാർഥിയുമായി ബന്ധമില്ലെന്നാണ് ജോസഫ് വിഭാഗം നേതാക്കൾ പ്രതികരിച്ചത്. അതേസമയം ഡിവിഷനിൽ വിമത സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു നേതൃത്വം നൽകിയതു ജോസഫ് വിഭാഗം സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗമാണ്.