Sorry, you need to enable JavaScript to visit this website.

സൗദിയിലേക്കുള്ള യാത്രാ വിലക്ക് ഒരാഴ്ചത്തേക്ക് നീട്ടി

റിയാദ്- സൗദിയിലേക്കുള്ള കര, വ്യോമ കടല്‍ മാര്‍ഗങ്ങളിലൂടെയുള്ള യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഒരാഴ്ചത്തേക്ക് കൂട്ടി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രമേ വിലക്കില്‍ ഇളവ് നല്‍കുകയുള്ളൂ. സൗദികളല്ലാത്തവര്‍ക്ക് രാജ്യത്തുനിന്ന് വിമാനങ്ങളില്‍ പുറത്തേക്ക് പോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ മന്ത്രാലയം വിലയിരുത്തുകയാണെന്നും ആവശ്യമാണെങ്കില്‍ യത്രാ വിലക്ക് നീട്ടുമെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.

സ്വദേശികളുടേയും വിദേശികളുടേയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും പുതിയ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കൂടുതല്‍ സമയം ലഭിക്കാനുമാണ് ഡിസംബര്‍ 20ന് രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്രക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടിയത്.
ചില രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം വിമാന വിലക്ക് പ്രഖ്യാപിച്ചിരുന്നത്. കാര്‍ഗോ സര്‍വീസുകളേയും വിതരണ ശൃംഖലകളേയും വിലക്കില്‍നിന്ന് ഒഴിവാക്കിയിരുന്നു.
വിദേശികള്‍ക്ക് രാജ്യത്തിനു പുറത്തേക്ക് പോകാമെന്ന ഇളവ് കഴിഞ്ഞ ദിവസം സൗദി സിവില്‍ ഏവിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് വിദേശികളെ കൊണ്ടുപോകാം. സ്വദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് പോകാന്‍ അനുമതിയില്ല.

 

 

Latest News