റിയാദ്- പാര്‍പ്പിട മന്ത്രാലയവും മാനവശേഷി മന്ത്രാലയവും തൊഴിലുടമകളും സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും ഈജാര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനാകാതെ വിദേശ തൊഴിലാളികള്‍ ബുദ്ധിമുട്ടുന്നു. കെട്ടിട ഉടമകളില്‍നിന്ന് നേരിട്ട് ഫ് ളാറ്റുകളും മുറികളുമെടുത്തവരാണ് ഇപ്പോള്‍ ഈജാറില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രയാസപ്പെടുന്നത്.
പല ഉടമകള്‍ക്കും ഇതിന്റെ വ്യവസ്ഥകള്‍ അറിയില്ല. കെട്ടിടവുമായി ബന്ധപ്പെട്ട രേഖകള്‍ ഈജാറില്‍ രജിസ്റ്റര്‍ ചെയ്യേണ്ട ഉത്തരവാദിത്തം കെട്ടിട ഉടമക്കാണ്. ശേഷം താമസിക്കുന്നവരുടെ വിവരങ്ങളും റെന്റ് ഓഫീസുകളുടെ വിവരങ്ങളും ഈജാറില്‍ അപ്‌ഡേറ്റ് ചെയ്യണം. ഇതോടെ വാടകയെടുത്തവരുടെ അബ്ശിറിലേക്ക് കരട് കരാര്‍ ഈജാര്‍ സൈറ്റില്‍നിന്ന് എത്തും. അബ്ശിര്‍ തുറന്ന് പാര്‍പ്പിട മന്ത്രാലയത്തിന്റെ ലിങ്കില്‍ കയറി കരാര്‍ അംഗീകരിക്കുന്നുവെന്ന് ക്ലിക്ക് ചെയ്താല്‍ മാത്രമേ കരാറിന് സാധുതയുണ്ടാവുകയുള്ളൂ.
എല്ലാ വിദേശികളും താമസ സ്ഥലങ്ങള്‍ ഈജാറില്‍ നിര്‍ബന്ധമായി രജിസ്റ്റര്‍ ചെയ്യണമെന്നാണ് മാനവശേഷി മന്ത്രാലയം വ്യക്തമാക്കുന്നത്. ഇക്കാര്യം ഈ വര്‍ഷത്തെ ബജറ്റിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
എന്നാല്‍ പല ജീവനക്കാര്‍ക്കും അവരുടെ താമസകേന്ദ്രങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ സ്ഥാപനങ്ങളും ആശങ്കയിലാണ്. ജനുവരി മുതല്‍ വ്യവസ്ഥ പ്രാബല്യത്തിലായാല്‍ മന്ത്രാലയ സേവനങ്ങള്‍ തടസ്സപ്പെടുമോയെന്നാണ് തൊഴിലുടമകളുടെ ഭയം.
താമസ സ്ഥലങ്ങളുടെ ഈജാര്‍ രജിസ്‌ട്രേഷന് നടപടി ശക്തമാക്കിയതിനു പിന്നില്‍ കോവിഡ് പ്രതിസന്ധിയും ഒരു കാരണമാണ്. കോവിഡ് രൂക്ഷമായ സമയത്ത് ലേബര്‍ ക്യാമ്പുകളില്‍ നടത്തിയ പരിശോധനകളില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു.
രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നതോടെ ഓരോ സ്ഥാപനത്തിലെയും ജീവനക്കാര്‍ എവിടെയൊക്കെ താമസിക്കുന്നുവെന്ന് അധികൃതര്‍ക്ക് കണ്ടെത്താനാകും. മാത്രമല്ല തൊഴിലാളികള്‍ക്കാവശ്യമായ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പുവരുത്താനും സാധിക്കും. ഒരു റൂമില്‍ ഒന്നിലധികം പേര്‍ താമസിക്കുന്നുണ്ടെങ്കില്‍ ഈജാര്‍ റജിസ്‌ട്രേഷന്‍ സമയത്ത് എല്ലാവരുടെയും പേരുകള്‍ ചേര്‍ക്കണം. നിലവില്‍ പേരു ചേര്‍ക്കാത്തവരുണ്ടെങ്കില്‍ വാടക നല്‍കിയ ഓഫീസുകളുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ചെയ്യേണ്ടത്.