റിയാദ്- ജീവനക്കാരുടെ താമസ സ്ഥലങ്ങള്‍ ഈജാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഇഖാമ അനുവദിക്കുന്നതും പുതുക്കുന്നതും നിര്‍ത്തുമെന്ന മുന്നറിയിപ്പുമായി മാനവശേഷി മന്ത്രാലയം.
ഇതു സംബന്ധിച്ച് നിരന്തരം സന്ദേശമയക്കാന്‍ മന്ത്രാലയം ആരംഭിച്ചതോടെ ജീവനക്കാരോട് വാടക രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് തൊഴിലുടമകള്‍.
ജനുവരി ഒന്നു മുതലാണ് പുതിയ വ്യവസ്ഥ നിലവില്‍ വരികയെന്ന് ആദ്യം വ്യക്തമാക്കിയിരുന്നുവെങ്കിലും പിന്നീട് സമയം സംബന്ധിച്ച് മന്ത്രാലയത്തില്‍നിന്ന് വിശദീകരണമുണ്ടായിട്ടില്ല. അതേസമയം തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് അറിയിപ്പുകള്‍ സ്ഥാപനങ്ങളുടെ തൊഴില്‍ സേവന വെബ്‌സൈറ്റുകളില്‍ മന്ത്രാലയം നല്‍കിവരുന്നുണ്ട്. ഇതിന്റെ ചുവട് പിടിച്ച് സ്ഥാപനങ്ങള്‍ വിദേശ ജീവനക്കാര്‍ക്ക് ഈജാര്‍ രേഖകള്‍ ഹാജരാക്കാന്‍ മെമ്മോ നല്‍കിയിരിക്കുകയാണ്.
ജനുവരിക്ക് മുമ്പ് രേഖകള്‍ ഹാജരാക്കണമെന്നാണ് പല കമ്പനികളും ആവശ്യപ്പെട്ടിരിക്കുന്നത്. മാനവശേഷി മന്ത്രാലയം പല പ്രാവശ്യമായി സ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളുടെ താമസ കേന്ദ്രങ്ങള്‍ ഈജാറില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഇ മെയില്‍ അയക്കുന്നുമുണ്ട്. ഈ രേഖകള്‍ താമസ, മുനിസിപ്പല്‍, മാനവശേഷി മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ച ലേബര്‍ ക്യാമ്പ്‌സ് എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. 20 ലേറെ പേര്‍ താമസിക്കുന്ന കെട്ടിടമാണെങ്കില്‍ ആദ്യം ബലദിയയില്‍നിന്ന് ലൈസന്‍സ് എടുക്കണം. ഇതിന് ബലദിയ മുന്നോട്ട് വെക്കുന്ന സുരക്ഷാ നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനാവുകയുള്ളൂ. നിയമപ്രകാരം നാലു ചതുരശ്ര മീറ്റര്‍ സ്ഥലമാണ് ഒരു റൂമില്‍ ഒരാള്‍ക്ക് അനുവദിക്കുന്നത്.
2018 ലാണ് ഈജാറില്‍ താമസ കേന്ദ്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ നിലവില്‍ വന്നത്. എന്നാല്‍ താമസ കേന്ദ്രങ്ങളുടെ രജിസ്‌ട്രേഷന്‍ ഇഖാമ പുതുക്കലടക്കമുള്ള മാനവശേഷി മന്ത്രാലയ സേവനങ്ങളുമായി ബന്ധപ്പെടുത്തുന്നത് ഇതാദ്യമാണ്.