ജിദ്ദ- വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും അരങ്ങൊരുക്കി ഇന്ത്യൻ സ്‌കൂൾ പാരന്റ്‌സ് ഫോറം (ഇസ്പാഫ്) ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളുകളിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ദ്വിദിന ലൈഫ് സ്‌കിൽ ഫാർമിംഗ് ക്യാമ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. പുസ്തകങ്ങൾക്കും ക്ലാസ് മുറികൾക്കുമപ്പുറം യഥാർത്ഥ ജീവിതത്തിന്റെ രസതന്ത്രമെന്തെന്നു കുട്ടികളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്പാഫ് 5 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ക്യാമ്പ് സംഘടിപ്പിച്ചത്. 5 മുതൽ 8 വരെ ക്ലാസുകളിലെ കുട്ടികളെ ജൂനിയർ വിഭാഗത്തിലും 9 മുതൽ 12 വരെയുള്ളവരെ സീനിയർ വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയത്. ജിദ്ദയിലെ വിവിധ സ്‌കൂളുകളിൽനിന്നായി 153 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.
വ്യക്തിത്വ വികസനം ലക്ഷ്യമിട്ടുള്ള സ്‌ട്രെസ് മാനേജ്‌മെന്റ്, സെൽഫ് അവെയർനസ്, ഡിസിഷൻ മേക്കിങ്, ഷോപ്പേഴ്‌സ് വേൾഡ്, ഫിനാൻസ് മാനേജ്‌മെന്റ്, ഇന്റർ പേർസണൽ റിലേഷൻ, ഇഫക്റ്റീവ് കമ്മ്യൂണിക്കേഷൻ തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി ചെയർമാൻ ആസിഫ് ദാവൂദി, പരിശീലന വിദഗ്ധരായ ഷഹദാദ്, റഷീദ് അമീർ, ഇർഷാദ്, യതി മുഹമ്മദ്, മുഹമ്മദ് ഇഖ്ബാൽ, അബ്ദുൽ അസീസ് തങ്കയത്തിൽ, അഫ്‌നാസ്, അജ്മൽ, കുഞ്ഞി പട്ടാമ്പി, മാജിദ് സിദ്ധീഖി, സജി കുര്യാക്കോസ്, ഡോ. ഫൈസൽ, ജോയ് വില്ലനോവ തുടങ്ങിയവർ ക്ലാസെടുത്തു.
ശ്യാം സുന്ദറിന്റെയും മഞ്ജു ജോഷിയുടെയും നേതൃത്വത്തിൽ ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും വേണ്ടി നടത്തിയ യോഗ ക്ലാസ്സുകൾ ക്യാമ്പിന്റെ മറ്റൊരു ആകർഷണമായിരുന്നു.
ഇതോടനുബന്ധിച്ചു നടന്ന കലാ സായാഹ്നവും ക്യാമ്പ്ഫയറും കുട്ടികളുടെ കലാശേഷി കൂടി പ്രകടിപ്പിക്കുന്നതിനുള്ള വേദിയായി. ഇവർക്കൊപ്പം ജിദ്ദയിലെ പ്രശസ്ത ഗായകരായ മഷ്ഹൂദ് തങ്ങളും കരിം മാവൂരും ചേർന്നതോടെ കലാസന്ധ്യ ഹൃദ്യമായി. ഒരു കാൻവാസിൽ അരുവി മോങ്ങാത്തോടൊപ്പം ചിത്രം വരച്ച് കുട്ടികളും ചിത്രരചനയുടെ ഭാഗമായി.
വടംവലിയും ഷൂട്ട് ഔട്ടും, മ്യൂസിക് റിങ്ങും, ഫുട്‌ബോളും കായിക ശേഷിയുടെ പ്രകടനത്തിനുള്ള വേദിയൊരുക്കി. സ്‌കൂളും ഫഌറ്റ് ജീവിതവും മാത്രം പരിചയിച്ച കുട്ടികൾക്ക് കൂട്ടുകാരൊപ്പമുള്ള രണ്ട് പകലും ഒരു രാവും സഹവർത്തിത്വത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും വലിയ പാഠങ്ങളാണ് സമ്മാനിച്ചത്.
വെള്ളിയാഴ്ച രാവിലെ 10 ന് ഇസ്പാഫ് പ്രസിഡന്റ് നാസർ ചാവക്കാട് ഉദ്ഘാടനം ചെയ്ത ക്യാമ്പ് ശനിയാഴ്ച വൈകീട്ട് 5 മണിക്ക് സെക്രട്ടറി ഉസ്മാൻ പട്ടാമ്പിയുടെ നന്ദി പ്രകാശനത്തോടെയാണ് സമാപിച്ചത്. ഇസ്പാഫ് എക്‌സിക്യൂട്ടീവ് മെമ്പർമാരും ഉപദേശക സമിതി അംഗങ്ങളും പരിപാടികളുടെ നിയന്ത്രണമേറ്റെടുത്തപ്പോൾ ഇസ്പാഫ് കുടുംബിനികൾ വനിതാ വളണ്ടിയർമാരായിരുന്നു. കുട്ടികൾക്ക് അസീസിയയിൽ നിന്ന് ക്യാമ്പിലേക്കും തിരിച്ചും വാഹന സൗകര്യവും ഏർപ്പെടുത്തിയിരുന്നു.