പാലക്കാട്- പി.കെ.ശശി എം.എൽ.എ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിൽ തിരിച്ചെത്തുന്നു. ലൈംഗിക പീഡന പരാതിയെത്തുടർന്ന് 2018 നവംബറിൽ അച്ചടക്കനടപടിക്ക് വിധേയനായ ഷൊർണൂർ എം.എൽ.എയെ ജില്ലയിലെ ഏറ്റവും ഉയർന്ന പാർട്ടി കമ്മിറ്റിയായ ജില്ലാ സെക്രട്ടറിയേറ്റിൽ തിരികെ കൊണ്ടു വരാൻ ഇന്ന് ചേർന്ന സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. തീരുമാനം സംസ്ഥാന കമ്മിറ്റിയെ അറിയിക്കും. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവന്റെയും കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ മന്ത്രി എ.കെ ബാലന്റെയും സാന്നിധ്യത്തിൽ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ശശിയുടെ മടങ്ങിവരവിനെ ആരും എതിർത്തില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയിൽ ആറു മാസത്തേക്ക് സി.പി.എമ്മിൽ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട എം.എൽ.എ സസ്‌പെൻഷൻ കാലാവധി കഴിഞ്ഞപ്പോൾ ജില്ലാ കമ്മിറ്റിയിൽ തിരിച്ചെത്തിയിരുന്നു.
ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗമായിരുന്ന വനിതാ നേതാവിന്റെ പരാതിയെത്തുടർന്ന് 2018 നവംബർ 26നാണ് പാർട്ടി അച്ചടക്കനടപടിയെടുത്തത്. വിവാദം സി.പി.എമ്മിന് ഏറെ നാണക്കേട് ഉണ്ടാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സി.പി.എം ജില്ലാ കമ്മിറ്റി എകെ.ബാലൻ, പികെ.ശ്രീമതി എന്നിവരടങ്ങിയ രണ്ടംഗ കമ്മീഷനെ ചുമതലപ്പെടുത്തി. പരാതിക്കാരിയുമായും എം.എൽ.എയുമായും സംസാരിച്ച കമ്മീഷൻ അംഗങ്ങൾ തെളിവെടുപ്പിന്റെ ഭാഗമായി വിവാദകേന്ദ്രമായ മണ്ണാർക്കാട് സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ട എല്ലാവരുമായും ആശയവിനിമയം നടത്തി. തീവ്രത കുറഞ്ഞ വിഷയമാണ് എന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തൽ. കമ്മീഷൻ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ വെച്ച റിപ്പോർട്ടും ഏറെ വിവാദമായിരുന്നു. ഔദ്യോഗിക നേതൃത്വത്തിന്റെ വിശ്വസ്തനായ എം.എൽ.എയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ് എന്ന വിമർശനമാണ് പൊതു സമൂഹത്തിൽ ഉയർന്നത്. പരാതി നൽകിയ യുവതിയും അവർക്ക് പിന്തുണ നൽകിയവരും ഡി.വൈ.എഫ്.ഐയിൽ ഒറ്റപ്പെടുന്നതും പിന്നീട് കണ്ടു.
ജില്ലാ കമ്മിറ്റിയിൽ തിരിച്ചെത്തിയെങ്കിലും ഷൊർണൂർ എം.എൽ.എയെ വിവാദങ്ങൾ വിടാതെ പിന്തുടരുകയായിരുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്ട് എം.ബി.രാജേഷിന്റെ അപ്രതീക്ഷിത തോൽവിക്കു പിന്നിൽ ശശിയാണ് എന്ന ആരോപണമുയർന്നിരുന്നു. എം.എൽ.എയുടെ തട്ടകമായ മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിൽ ലഭിച്ച വമ്പൻ ലീഡാണ് കോൺഗ്രസ് നേതാവ് വി.െക.ശ്രീകണ്ഠന്റെ വിജയം ഉറപ്പിച്ചത്. തനിക്കെതിരായ ആരോപണത്തെ ശക്തമായി നേരിടാൻ ശശി തന്നെ രംഗത്തിറങ്ങിയതും ശ്രദ്ധേയമായി.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജില്ലയിൽ തിളക്കമാർന്ന വിജയം നേടിയതിനു തൊട്ടു പിറകേയാണ് വിവാദങ്ങളുടെ സഹയാത്രികനായ നേതാവിനെ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിൽ തിരികേ കൊണ്ടു വരുന്നത്. ഷൊർണൂരിൽ വീണ്ടും ശശി മൽസരിക്കുന്നതിനെതിരേ ഒരു വിഭാഗം കരുനീക്കം നടത്തുന്നതിനിടെ ഉണ്ടായ തീരുമാനത്തിന് ഏറെ രാഷ്ട്രീയപ്രാധാന്യം ഉണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ജില്ലയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അദ്ദേഹം വലിയ സ്വാധീനം ചെലുത്തിയിരുന്നു.