ദമാം- എൻജിനീയർമാരുടെ പ്രൊഫഷണൽ കഴിവുകൾ പരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് (എസ്.സി.ഇ) ഇന്നലെ ദമാമിൽ പി.ഇ ടെസ്റ്റ് സംഘടിപ്പിച്ചു. ത്രിതല പരിശീലന പ്രോഗ്രാമിന്റെ ആദ്യഘട്ടം എന്ന നിലക്കാണ് പരീക്ഷ സംഘടിപ്പിച്ചത്. കൗൺസിൽ സെക്രട്ടറി ജനറൽ എൻജി. ഫർഹാൻ അൽശമ്മരി നേതൃത്വം നൽകി.
എൻജിനീയറിംഗ് ജോലിയിൽ തന്റെ അറിവും അനുഭവ സമ്പത്തും പ്രയോഗിക്കാനുള്ള കഴിവുകൾ അളക്കുന്നതിനാണ് ടെസ്റ്റ് നടത്തുന്നതെന്ന് എൻജി. അൽശമ്മരി വിശദീകരിച്ചു. കെമിക്കൽ എൻജിനീയറിംഗ്, റിഫ്രാക്ടറി-ഫഌയിഡ് സിസ്റ്റംസ് എൻജിനീയറിംഗ്, ഫയർ പ്രൊട്ടക്ഷൻ എൻജിനീയറിംഗ് എന്നിങ്ങനെ മൂന്ന് തലങ്ങളിലെ ആദ്യ ഘട്ടമാണ് പൂർത്തിയാക്കിയതെന്നും രണ്ടാം ഘട്ടം അടുത്ത വർഷം ആദ്യം നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
എസ്.സി.ഇയിൽ സാധുവായ അംഗത്വവും സ്‌പെഷ്യലൈസേഷൻ മേഖലയിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രായോഗിക പരിചയവുമുള്ള എല്ലാവർക്കും ടെസ്റ്റിന് അപേക്ഷിക്കാമെന്ന് കൗൺസിൽ ഔദ്യോഗിക വക്താവ് അറിയിച്ചു.