Sorry, you need to enable JavaScript to visit this website.

സൗദിയിൽ നാല് പുതിയ എണ്ണ,  ഗ്യാസ് പാടങ്ങൾ കൂടി കണ്ടെത്തി

അബ്ദുൽഅസീസ് രാജകുമാരൻ

റിയാദ്- സൗദിയിൽ നാല് പുതിയ എണ്ണ, വാതക പാടങ്ങൾ കൂടി സൗദി അറാംകോ കണ്ടെത്തിയതായി ഊർജ മന്ത്രി അബ്ദുൽഅസീസ് ബിൻ സൽമാൻ രാജകുമാരൻ വെളിപ്പെടുത്തി. വടക്കു പടിഞ്ഞാറൻ ദഹ്‌റാനിലെ അൽറീഷ്, മിനഹസ് എന്നിവിടങ്ങളിലാണ് പുതിയ പാടങ്ങൾ കണ്ടെത്തിയത്. 
അൽറീഷ് രണ്ടാം നമ്പർ എണ്ണക്കിണറിൽ നിന്ന് പ്രതിദിനം 4,452 അറബ് എക്‌സ്ട്രാ ലൈറ്റ് ക്രൂഡ് എണ്ണയും 3.2 മില്യൺ ക്യുബിക് ഫീറ്റ് പ്രകൃതി വാതകവും ഉൽപാദിപ്പിക്കാനാകുമെന്നാണ് നിഗമനം. ഈ പ്രദേശത്തെ എണ്ണ ശേഖരത്തിന്റെ അളവ് തിട്ടപ്പെടുത്താൻ അറാംകോ മറ്റു രണ്ട് എണ്ണക്കിണറുകൾ കൂടി കുഴിച്ചിട്ടുണ്ട്. ഇതിൽ മൂന്നാം നമ്പർ കിണറിൽനിന്ന് പ്രതിദിനം 2,745 അറബ് എക്‌സ്ട്രാ ക്രൂഡ് എണ്ണയും മൂന്ന് മില്യൺ ക്യുബിക് ഫീറ്റ് വാതകവുമാണ് ആദ്യ ഘട്ടത്തിൽ ഉൽപാദിപ്പിച്ചത്. നാലാം നമ്പർ എണ്ണക്കിണറിൽ നിന്ന് പ്രതിദിനം 3,654 ബാരൽ അറബ് എക്‌സ്ട്രാ ക്രൂഡ് എണ്ണയും 1.6 മില്യൺ ക്യുബിക് ഫീറ്റ് വാതകവും ഉൽപാദിപ്പിക്കും.


ഗവാർ എണ്ണപാടത്തിനു തെക്ക് കിഴക്ക് ഭാഗത്തെ മിനഹസ് എണ്ണപ്പാടത്തെ സാറഹ് റിസർവോയറിലും അൽ സഹ്ബ കിണറിലുമാണ് പ്രകൃതി വാതകം കണ്ടെത്തിയത്. അൽ മിനഹസിൽ നിന്നും പ്രതിദിനം 18 മില്യൺ ക്യുബിക് ഫീറ്റ് വാതകവും 98 ബാരൽ കൺടൻസേറ്റ് എണ്ണയും ഉൽപാദിപ്പിക്കാൻ സാധിക്കും. 32 മില്യൺ വാതകം ഖനനം ചെയ്യാനുള്ള ശേഷി അൽ സഹ്ബ കിണറിനുണ്ടെന്നും അറാംകോ അവകാശപ്പെടുന്നു. വടക്കൻ അതിർത്തി പ്രവിശ്യയിലെ റാഫ നഗരത്തിന് വടക്ക്-പടിഞ്ഞാറ് അൽ അജ്‌റമിയ എണ്ണപ്പാടത്തിലെ ഒന്നാം നമ്പർ കിണറിന് ദിനംപ്രതി 3,850 ബാരൽ എണ്ണ ഉൽപാദിക്കാനുള്ള ശേഷിയുണ്ട്.


കൂടുതൽ അറബ് ലൈറ്റ് ക്രൂഡ് ഓയിൽ ഉൽപാദിപ്പിക്കാൻ കഴിയുമെന്നതിനാൽ  അൽറീഷ് ഫീൽഡിലെ കണ്ടെത്തൽ വളരെ പ്രധാനമാണെന്ന് സൗദി ഊർജ മന്ത്രി ചൂണ്ടിക്കാട്ടി. കണ്ടെത്തിയ എണ്ണപാടങ്ങളുടെ വലിപ്പവും അളവും നിർണയിക്കാനും ഇവിടങ്ങളിലെ എണ്ണ, വാതകം, കണ്ടൻസേറ്റ് എന്നിവയുടെ അളവ് കണക്കാക്കുന്നതിനുമുള്ള യത്‌നത്തിലാണ് സൗദി അറാംകോയെന്ന് അബ്ദുൽ അസീസ് രാജകുമാരൻ വ്യക്തമാക്കി. പുതിയ കണ്ടെത്തലുകൾ സൗദി അറേബ്യയിലെ പ്രകൃതി വിഭവ സമ്പത്ത് അതിവിപുലമാണെന്ന വസ്തുതക്ക് അടിവരയിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Latest News