ആലപ്പുഴ-കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്തിയതോടെ ആലപ്പുഴയിലേക്ക് വീണ്ടും സഞ്ചാരികൾ എത്തിതുടങ്ങി. ഇതോടെ ജില്ലയിലെ ഹൗസ്‌ബോട്ട് മേഖല വീണ്ടും സജീവമായി. ജില്ലയിലെ 1500 ഓളോം ഹൗസ്‌ബോട്ടുകളിൽ ഏതാണ്ട് 60 ശതമാനത്തോളം ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഓടിത്തുടങ്ങി. സ്വദേശികളും അന്യസംസ്ഥാനക്കാരുമാണ് ഇപ്പോൾ ധാരളമായി എത്തികൊണ്ടിരിക്കുന്നത്. വള്ളങ്ങളുടെ പ്രധാന സെന്ററുകളായ പുന്നമട, പള്ളാത്തുരുത്തി എന്നിവിടങ്ങളിലാണ് വിനോദസഞ്ചാരികൾ വർധിച്ചത്. എന്നാൽ കര, വ്യോമ ഗതാഗതങ്ങൾ സജീവമാകാത്തതും വിദേശരാജ്യങ്ങളിൽ കൊവിഡ് രോഗഭീഷണി നിലനിൽക്കുന്നതും ഈ മേഖലയെ ആശങ്കയിലാക്കുന്നുണ്ട്. സഞ്ചാരികൾ കൂടുതൽ എത്തിതുടങ്ങിയതോടെ ഒരു വർഷത്തോളമായി ഓടാതെ കിടന്ന ബോട്ടുകളുടെ അറ്റകുറ്റപണികൾ നടത്താൻ പൈസയില്ലാതെ ബുദ്ധിമുട്ടുകയാണ് ഒരു വിഭാഗം ബോട്ടുടമകൾ. സർക്കാർ പല സഹായങ്ങളും പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ല. ടൂറിസം ഹൗസ് ബോട്ട് സപ്പോർട്ട് സ്‌കീം പ്രകാരം രണ്ടു ബെഡ് റൂമുള്ള വള്ളങ്ങൾക്ക് 80,000 രൂപ, മൂന്നു ബെഡ് റൂമുള്ള വള്ളങ്ങൾക്ക് 1,20,000 രൂപ എന്നിങ്ങനെ സർക്കാർ ഗ്രാന്റ് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനായി ഓരോ വള്ളങ്ങളും 5000 രൂപ പോർട്ട് ഓഫീസിൽ അടച്ച് രജിസ്റ്റർ ചെയ്യണം. ഇങ്ങനെ ചെയ്യുന്ന വള്ളങ്ങൾ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തും. നവംബർ മാസം പരിശോധന പൂർത്തിയാക്കുമെന്നു അധികൃതർ പറഞ്ഞെങ്കിലും ഡിസംബർ തീരാറായിട്ടും പരിശോധന പോലും ഇതുവരെ പൂർത്തിയായിട്ടില്ല. ഗ്രാന്റ് കിട്ടിയാൽ തന്നെ അതിന്റെ മൂന്നിരട്ടിയോളം രൂപ വള്ളങ്ങളുടെ അറ്റകുറ്റപണികൾക്ക് ചെലവ് വരുമെന്നാണ് ബോട്ടുടമകൾ പറയുന്നത്. കൂടാതെ വള്ളങ്ങളുടെ കാറ്റഗറി അനുസരിച്ച് അഞ്ച് ലക്ഷം രൂപ മുതൽ ലോൺ അനുവദിക്കുമെന്നും അതിനായി ഓൺലൈനായി അപേക്ഷിച്ച് കഴിയുമ്പോൾ ബാങ്കിൽനിന്നും അറിയിപ്പ് വരുമെന്നും പറഞ്ഞിരുന്നു. എന്നാൽ അപേക്ഷിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ബാങ്കുകളിൽനിന്ന് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. കൂടാതെ ബോട്ടുകളിലെ തൊഴിലാളികൾക്കും സർക്കാർ സാമ്പത്തിക സഹായങ്ങൾ പ്രഖ്യാപിച്ചിരുന്നെങ്കിലും അതും നടപ്പായിട്ടില്ല.