Sorry, you need to enable JavaScript to visit this website.

നിശ്ചയദാർഢ്യത്തിന്റെ പൊൻതിളക്കം

ഇത് ഫാത്തിമ അസ്ല. സ്‌നേഹിക്കുന്നവരെല്ലാം അവളെ പാത്തു എന്നു വിളിക്കും. എല്ലു പൊടിയുന്ന അപൂർവ്വ രോഗത്തിനുടമ. പാത്തുവിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഒസ്‌റ്റോജെനെസിസ്  ഇംപെർഫെക്ട എന്ന രോഗം. എന്നാൽ അതൊന്നും ആ മനസ്സിനെ തളർത്തിയില്ല. കുട്ടിക്കാലംതൊട്ടേ ഡോക്ടറുടെ വെള്ളക്കുപ്പായവുമിട്ട് സ്‌റ്റെതസ്‌കോപ്പ് കഴുത്തിൽ തൂക്കി നടക്കണമെന്ന മോഹമാണ് അവൾ സാർത്ഥകമാക്കിയത്.

'ഓയ് പാത്തുമ്മയാണേ... ഞാൻ പിന്നേം വന്ന്... ഞാൻ ആദ്യം സ്‌കൂളിൽ പോയപ്പോൾ കണ്ടത് റാമ്പ് ആയിരുന്നില്ല. എനിക്കൊരിക്കലും കയറിച്ചെല്ലാൻ കഴിയാത്ത വിധത്തിലുള്ള പടിക്കെട്ടുകളായിരുന്നു. പിന്നീട് കോളേജിൽ പോയപ്പോഴും ഇതേ അവസ്ഥയായിരുന്നു. വിദ്യാലയങ്ങളുടെ മാത്രം അവസ്ഥ അല്ല ട്ടോ... എല്ലാ സ്ഥലങ്ങളും ഇങ്ങനെ തന്നെയാണ്. ഞങ്ങൾക്കിടയിൽ ഇപ്പോഴും പുറത്തേയ്ക്ക് ഇറങ്ങാൻ കഴിയാത്തവരുണ്ട്. വിനോദയാത്രകൾ പോവാനോ കൂട്ടുകാർക്കൊപ്പം കടല് കണ്ട് കാറ്റുകൊള്ളാനോ കഴിയാത്തവരുണ്ട്. എന്തിനധികം പറയുന്നു, ബീച്ച് പോലും കാണാത്തവരുണ്ട്. നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഉണ്ടാക്കിവെച്ച പടിക്കെട്ടുകൾ ഒരു കൂട്ടം മനുഷ്യരുടെ സ്വപ്നങ്ങളെയാണ് തകർക്കുന്നതെന്ന് എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ?''
''പണ്ട് ഡോക്ടർ ആവണമെന്ന് പറഞ്ഞപ്പോൾ ലോകം ചോദിച്ചത് വയ്യാത്ത കൊച്ച് എങ്ങനെ ഡോക്ടറാവുമെന്നായിരുന്നു. പഠിപ്പിച്ചു പൈസ കളയുന്നത് എന്തിനാണെന്ന് പലരും ചോദിച്ചിട്ടുണ്ട്. ഇന്ന് ഡോക്ടറാകാൻ തയ്യാറെടുക്കുമ്പോൾ ഞാൻ ഓർക്കുന്നത് സമൂഹത്തിന്റെ മുൻധാരണകൾ കാരണം പിന്തള്ളപ്പെട്ടുപോയ മനുഷ്യരെയാണ്. അതുകൊണ്ടുതന്നെയാണ് ഞാൻ സമൂഹം ഒറ്റപ്പെട്ടുപോയവരെക്കുറിച്ച് സംസാരിക്കുന്നത്. കാരണം ഞങ്ങൾക്കുവേണ്ടി സംസാരിക്കാൻ ഞങ്ങൾ മാത്രമേയുള്ളൂ...''
''എപ്പോഴും ഒരു പുഞ്ചിരിയോടെ മാത്രമേ നിങ്ങൾ പാത്തുവിനെ കണ്ടിട്ടുള്ളു... പക്ഷേ, ആരും അറിയാതെ, മനസ്സിലാക്കാതെ പോയ ഒരുപാട് മോഹങ്ങൾ... വേദനകൾ... യാഥാർത്ഥ്യങ്ങൾ... എന്റെയുള്ളിലുണ്ട്. സമൂഹം ഡിസേബിൾഡ് എന്നുപറഞ്ഞ് മാ റ്റിനിർത്തപ്പെടുന്ന ഞങ്ങളുടെ യഥാർത്ഥ ജീവിതമാണ് നിങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്നത്...'' പാത്തു തന്റെ ഫേസ്ബുക്കിൽ കുറിച്ചിട്ടിരിക്കുന്നതിങ്ങനെ...


ഇത് ഫാത്തിമ അസ്‌ല. സ്‌നേഹിക്കുന്നവരെല്ലാം അവളെ പാത്തു എന്നു വിളിക്കും. എല്ലു പൊടിയുന്ന അപൂർവ്വ രോഗത്തിനുടമ. പാത്തുവിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഒസ്‌റ്റോജെനെസിസ് ഇംപെർഫെക്ട എന്ന രോഗം. എന്നാൽ അതൊന്നും ആ മനസ്സിനെ തളർത്തിയില്ല. കുട്ടിക്കാലംതൊട്ടേ ഡോക്ടറുടെ വെള്ളക്കുപ്പായവുമിട്ട് സ്‌റ്റെതസ്‌കോപ്പ് കഴുത്തിൽ തൂക്കി നടക്കണമെന്ന മോഹമാണ് അവൾ സാർത്ഥകമാക്കിയത്. മാത്രമല്ല, തന്റെ ജീവിതാനുഭവങ്ങളെല്ലാം പുസ്തകതാളിലാക്കി നിലാവുപോലെ ചിരിക്കുന്ന പെൺകുട്ടി എന്നൊരു കവിതാസമാഹാരവും അവൾ രചിച്ചുകഴിഞ്ഞു.
കോഴിക്കോട് താമരശ്ശേരിക്കടുത്ത് അബ്ദുൽനാസറിന്റെയും ആമിനയുടെയും രണ്ടാമത്തെ മകളായിട്ടായിരുന്നു പാത്തുവിന്റെ ജനനം. ജനിച്ച് മൂന്നാം നാളിലാണ് അവൾ ആദ്യമായി വീണത്. പിന്നീട് വീഴ്ചകൾ അവളോടൊപ്പം കൂടി. ഇതുകണ്ട അമ്മൂമ്മ പറഞ്ഞു. ഉപ്പയുടെ രോഗമാണ് മകൾക്കെന്ന്. സംഭവം സത്യമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ ചികിത്സയ്ക്കുശേഷം ഡോക്ടർമാർ വിധിയെഴുതി. ശരീരത്തിലെ എല്ലുകളെല്ലാം പൊട്ടിപ്പോവുന്ന ജനിതകരോഗമാണ് പാത്തുവിനെയും ബാധിച്ചിരിക്കുന്നത്. ഉറക്കെ തുമ്മുകയോ ചുമയ്ക്കുകയോ എന്തിന് മനസ്സുതുറന്ന് ചിരിച്ചാൽപോലും എല്ലു പൊട്ടിപ്പോകുന്ന രോഗം.


''അപ്പ അബ്ദുൽനാസറിനും ഇരുപത്തൊന്നുവയസ്സുവരെ ഈ രോഗമുണ്ടായിരുന്നു. ഇപ്പോഴും കൂടുതൽ അധ്വാനമുള്ള ജോലിയൊന്നും ചെയ്യാനാവില്ല. അതേ അവസ്ഥയിലാണ് ഞാനും. കാലിന്റെ വളവു മാറാൻ കുട്ടിക്കാലത്ത് തലകീഴായി കെട്ടിത്തൂക്കുമായിരുന്നുവെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. കഴിഞ്ഞവർഷംവരെ എല്ലുപൊട്ടൽ നിത്യസംഭവമായിരുന്നു. എന്നാൽ ശസ്ത്രക്രിയകൾ പലതും കഴിഞ്ഞതോടെ തെല്ലൊരാശ്വാസമുണ്ട്. വാക്കറിന്റെ സഹായത്തോടെ നടക്കാമെന്നായിരിക്കുന്നു. മാത്രമല്ല, പരസഹായമില്ലാതെ കുറച്ചുനേരം നിൽക്കാനും കഴിയുന്നു.
കുട്ടിക്കാലംതൊട്ടേ നന്നായി പഠിച്ച് ഉയരങ്ങളിലെത്തണമെന്നായിരുന്നു മോഹം. മരുന്നിന്റെ രൂക്ഷഗന്ധമുള്ള ആശുപത്രി വാർഡുകളിലെ വാസം അവളെ അധ്യാപകരേക്കാൾ ഡോക്ടർമാരുമായി ചങ്ങാത്തമൊരുക്കി. ഇടയ്‌ക്കെപ്പോഴോ ആ മനസ്സും അവരെപ്പോലെയാകാൻ മോഹിച്ചു. ഉമ്മച്ചിയുടെ തോളിലേറിയാണ് അവൾ എൽ.പി. സ്‌കൂളിൽ പോയിരുന്നത്. ഹൈസ്‌കൂൾ പഠനയാത്ര ഓട്ടോറിക്ഷയിലായിരുന്നു. താമരശ്ശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽനിന്നും സയൻസിൽ ഉയർന്ന മാർക്ക് നേടിയാണ് അവൾ പ്ലസ് ടു പാസായത്. അപ്പോഴേയ്ക്കും സ്വയം ഓടിക്കാവുന്ന മുച്ചക്രവണ്ടിയിൽ അവൾ യാത്ര ചെയ്തുതുടങ്ങിയിരുന്നു.
''പ്ലസ് ടുവിനുശേഷം എൻട്രൻസ് കോച്ചിങ്ങിനൊന്നും പോയി പഠിക്കാനുള്ള സാമ്പത്തികാവസ്ഥയിലായിരുന്നില്ല ഞങ്ങൾ. അതിനാൽ വീട്ടിൽനിന്നുതന്നെ നന്നായി പഠിച്ചു. ഫലമുണ്ടായി. എൻട്രൻസിൽ മികച്ച മാർക്ക് നേടാനായി. എന്നാൽ ഇന്റർവ്യുവിന് മെഡിക്കൽ ബോർഡിന് മുൻപിലെത്തിയപ്പോഴാണ് തിരിച്ചടി നേരിട്ടത്. ''നീയൊക്കെ മെഡിക്കൽ ഫീൽഡിൽ എന്തു ചെയ്യാനാ?'' എന്ന ചോദ്യത്തിനു മുന്നിൽ ഉത്തരം നൽകാനാവാതെ വിതുമ്പി. ഇത്രയുംകാലം മനസ്സിൽ താലോലിച്ചുപോന്ന സ്വപ്നങ്ങളെയും ആത്മവിശ്വാസത്തെയുമാണ് അവർ പുച്ഛിച്ചുതള്ളിയത്. സഹിക്കാനാവാത്ത വേദനയായിരുന്നു അത്. അതിനേക്കാൾ ക്രൂരമായത് അവസരം ലഭിക്കില്ലെന്നു കണ്ട് തന്നെ സ്‌പോൺസർ ചെയ്തവരും കൈമലർത്തിയപ്പോഴാണ്.
വിട്ടുകൊടുക്കാൻ ആ മനസ്സ് ഒരുക്കമായിരുന്നില്ല. അടുത്തവർഷം മെഡിക്കൽ ബോർഡിനു മുൻപിൽ അവൾ എത്തിയത് ചക്രക്കസേരയിലായിരുന്നില്ല. പകരം നടന്നാണ് ചെന്നത്. ''താൻ വീണ്ടും വന്നോടോ'' എന്ന ചോദ്യത്തിന് ''വരാതെ പ റ്റില്ലല്ലോ സാർ'' എന്ന മറുപടിയാണ് അവൾ നൽകിയത്. ഒടുവിൽ സെലക്ഷൻ ലഭിച്ച്  തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആ വലിയ ഹാളിൽനിന്നും നടന്നു പുറത്തിറങ്ങുമ്പോൾ ലോകം കീഴടക്കിയ സന്തോഷത്തിലായിരുന്നു ഞാൻ. എൻട്രൻസ് പരിശീലനത്തോടൊപ്പം നടക്കാനും പഠിച്ചുതുടങ്ങിയിരുന്നു.


പഠിക്കണമെന്ന ആത്മവിശ്വാസം പാത്തുവിനെ കോഴിക്കോട്ടുനിന്നും കോട്ടയത്തെത്തിച്ചു. ആതുരാശ്രമം എൻ.എസ്.എസ് ഹോമിയോപ്പതി മെഡിക്കൽ കോളേജിലെത്തിയപ്പോൾ നേരിട്ട ആദ്യത്തെ വെല്ലുവിളി പടിക്കെട്ടുകൾ തന്നെയായിരുന്നു. തന്റെ നിസ്സഹായാവസ്ഥ കണ്ട് ക്ലാസിലെ ആൺകുട്ടികൾ വീൽ ചെയറോടെ എന്നെയെടുത്ത് ക്ലാസ് മുറിയിലെത്തിച്ചു. വീൽ ചെയറില്ലാതെയാണ് പോകേണ്ടതെങ്കിൽ സഹപാഠികളായ പെൺകുട്ടികൾ തോളിലേറ്റും. അവസാനവർഷം കോളേജിൽനിന്നും ടൂറിന് പോയപ്പോഴും എന്നെ തോളിലേ റ്റിയാണ് അവർ കൊണ്ടുപോയത്. യാതൊരു ബുദ്ധിമുട്ടുമില്ലാതെ വളരെ സന്തോഷത്തോടെയാണ് ഞങ്ങൾ മടങ്ങിയെത്തിയത്. അവസാനവർഷ പരീക്ഷയും കഴിഞ്ഞ് റിസൾട്ടിനായി കാത്തിരിക്കുകയാണിപ്പോൾ. പാസായാൽ അവിടെതന്നെ ഒരു വർഷം ഹൗസ് സർജൻസിയുണ്ട്. അതും പൂർത്തിയാക്കണം.''  ആത്മവിശ്വാസത്തോടെ ഫാത്തിമ പറയുന്നു.
കുട്ടിക്കാലത്ത് മറ്റു കുട്ടികളോടൊപ്പം കളിക്കാനാവാതെ വിഷമിച്ചിരിക്കുമ്പോൾ കൂട്ടായത് പുസ്തകങ്ങളാണ്. ബന്ധുക്കളിൽ പലരും പുസ്തകങ്ങളായിരുന്ന സമ്മാനമായി നൽകിയത്. അന്നേ ഓരോന്ന് കുറിച്ചുവയ്ക്കുമായിരുന്നു. അന്നത്തെ ഓർമ്മകളിൽ പലതുമാണ് ഇപ്പോൾ പെൻഡുലം ബുക്‌സ് പുറത്തിറക്കിയിരിക്കുന്ന നിലാവുപോലെ ചിരിക്കുന്ന പെൺകുട്ടി എന്ന  കവിതാസമാഹാരത്തിന് ആധാരം. കുട്ടിക്കാലംതൊട്ടേ മനസ്സിൽ താലോലിച്ചുപോന്ന സ്വപ്നങ്ങളും നേരിടേണ്ടിവന്ന പ്രതിബന്ധങ്ങളുമെല്ലാം പുസ്തകത്തിലുണ്ട്. ''മുറിവുകളിൽ മരുന്നാവാം, സ്‌നേഹമാവാം, മറ്റുള്ളവർക്ക് തണലാവാം...'' തുടങ്ങി കൈപിടിക്കേണ്ടവർ കൈയൊഴിഞ്ഞ കഥകളും അവയെ അതിജീവിച്ചതുമെല്ലാം കണ്ണീരുപ്പിന്റെ നനവുള്ള ആ ജീവിതകഥയിൽ അവൾ പകർത്തിവെച്ചു.


മാത്രമല്ല, തന്റെ മനസ്സിലെ കൊച്ചുകൊച്ചു ആശയങ്ങളും സന്തോഷങ്ങളുമെല്ലാം മറ്റുള്ളവരുമായി പങ്കുവയ്ക്കാനായി ഡ്രീം ബിയോണ്ട് ഇൻഫിനിറ്റി എന്ന യൂട്യൂബ് ചാനലിനും രൂപംനൽകി. ഏറെ പ്രേക്ഷകരുള്ള ഈ ചാനൽ പലർക്കും പ്രചോദനമാണെന്നു കേൾക്കുമ്പോൾ സന്തോഷമുണ്ട്.
ജീവിതവഴിയിൽ വഴിവിളക്കായി കൂടെനിന്നവർ നിരവധിയുണ്ട്. അപ്പ അബ്ദുൾ നാസറും ഉമ്മ ആമിനയും മൂത്ത സഹോദരൻ അസ്ലമും ഇളയ സഹോദരങ്ങളായ  അഫ്‌സലും അയിഷയുമെല്ലാം എപ്പോഴും കൂട്ടായി കൂടെയുണ്ട്. മാത്രമല്ല, ഡോക്ടർമാരും അധ്യാപകരും സഹപാഠികളുമെല്ലാം പ്രചോദനമായി കൂടെയുണ്ട്. കോൺട്രാക്ടർ കൂടിയായ സഹോദരൻ അസ്ലമാണ് അടുത്ത സുഹൃത്തും വഴികാട്ടിയും. കുടുംബത്തിന്റെ അത്താണിയാണവൻ. സാമ്പത്തികമായി ഉന്നതനിലയിലല്ലെങ്കിലും എന്റെ ആഗ്രഹം മനസ്സിലാക്കി ഉമ്മയും ഉപ്പയും കോട്ടയത്ത് വീടെടുത്ത് താമസിച്ചാണ് പഠിപ്പിച്ചത്.
തന്റെ ജീവിതംകൊണ്ട് മറ്റുള്ളവർക്കും താങ്ങും തണലുമാകാൻ ആഗ്രഹിക്കുന്ന മനസ്സിനുടമയാണ് ഫാത്തിമ. സംസാരംകൊണ്ടും പ്രവൃത്തികൊണ്ടും മറ്റുള്ളവരുടെ നന്മയാണ് ഡോ. ഫാത്തിമ ആഗ്രഹിക്കുന്നത്.

 

Latest News