കോഴിക്കോട് - മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് ജില്ലയിൽ നടത്തിയ കേരള പര്യടനത്തിൽ നിന്ന് ജമാഅത്തെ ഇസ്‌ലാമിനെ ഒഴിവാക്കിയ മഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി സമസ്ത. മതരാഷ്ട്രവാദം ഉന്നയിക്കുന്നവരെ ഈ വേദിയിൽ കണ്ടില്ലെന്ന് സമസ്ത നേതാവ് ഉമർ ഫൈസി മുക്കം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയെ ഒഴിവാക്കുക എന്നത് സമസ്തയുടെ ആദർശത്തിന്റെ ഭാഗമാണ്. അത് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ സ്വാഗതം ചെയ്യുന്നുവെന്നും ജമാഅത്തിനെ കൂട്ടുപിടിച്ചാൽ യു.ഡി.എഫിനെ തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കില്ലെന്നും ഉമർ ഫൈസി വ്യക്തമാക്കി.
സംസ്ഥാന സർക്കാറിന്റെത് മോശമല്ലാത്ത പ്രവർത്തനമാണ്. കാര്യങ്ങളിൽ അനുകൂലമായ പ്രതികരണമാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. മതരാഷ്ട്രവാദം ഉന്നയിക്കുന്നവരെ നിരുത്സാഹപ്പെടുത്തേണ്ടതും ഇല്ലയ്മ ചെയ്യേണ്ടതുമാണ്. പോരായ്മകൾ ഉണ്ടെങ്കിലും പിണറായി സർക്കാരിൽ സംതൃപ്തരാണെന്നും അദ്ദേഹം പ്രതികരിച്ചു.
കാന്തപുരം അബൂബക്കർ മുസ്‌ലിയാർ ഇന്നലെ രാത്രി മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ഇന്നത്തെ യോഗത്തിന് കാന്തപുരത്തിന്റെ മകൻ അബ്ദുൽ ഹക്കീം അസ്ഹരിയാണ് പങ്കെടുത്തത്. താമരശ്ശേരി, കോഴിക്കോട് ബിഷപ്പുമാർ മറ്റു ചടങ്ങുകൾ ഉള്ളതിനാൽ യോഗത്തിന് എത്തിയിരുന്നില്ല.