Sorry, you need to enable JavaScript to visit this website.

ഗുജറാത്തിന്റെ പുരോഗതി വെറും കെട്ടുകഥ

തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലാണ് ബി ജെ പി ഭരിച്ചുകൊണ്ടിരിക്കുന്ന ഗുജറാത്ത്. ആ സംസ്ഥാനം എത്രത്തോളം പിന്നോക്കം നിൽക്കുന്നുവെന്നതിന്റെ യഥാർഥ ചിത്രങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുന്നുണ്ട്. മോഡി പ്രധാനമന്ത്രിയായ ശേഷം ഇന്ത്യയുടെ സാമ്പത്തിക വികസന മേഖലയുടെ യഥാർഥ സ്ഥിതി കെട്ടുകഥ പോലെയാണെന്ന് നമുക്ക് ബോധ്യമാകുന്നുണ്ട്. ഇന്ത്യ മുന്നേറുകയാണോ പിന്നോക്കം പോവുകയാണോ എന്ന വിശകലനം പൂർത്തിയാക്കുന്നത് ഈ കാര്യങ്ങൾ കൂടി കണക്കിലെടുത്തു വേണം.
വ്യവസായങ്ങൾ നടത്തുന്നതിന് പറ്റിയ സ്ഥലമായി ഇന്ത്യയെ ലോക ബാങ്ക് കണ്ടെത്തിയെന്നും റാങ്കിംഗിൽ മുന്നേറിയെന്നുമുള്ള റിപ്പോർട്ടുകൾ ഉപയോഗിച്ച് ആത്മപ്രശംസ നടത്തുകയാണ് നരേന്ദ്ര മോഡി സർക്കാർ. വലിയ എന്തോ അംഗീകാരം ലഭിച്ചുവെന്ന തരത്തിലാണ് ഇക്കാര്യത്തെ മോഡിയും കൂട്ടരും കൊണ്ടാടുന്നത്. ഇന്ത്യയിൽ വളരെയധികം ചെറുകിട – വൻകിട വ്യവസായങ്ങൾ ആരംഭിച്ചുവെന്നോ അതുവഴി ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്നോ അല്ല ഈയൊരു സൂചികയിൽ വ്യക്തമാക്കുന്നത്. ഇതുപോലുള്ള ഏതെങ്കിലും കണക്കുകളെ അടിസ്ഥാനമാക്കിയല്ല മറിച്ച് വ്യവസായമോ വ്യാപാരമോ നടത്തുന്നതിന് സഹായകമായ നിയമങ്ങളുടെയും സ്വത്തവകാശ സംരക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് സൂചികയിലെ ഉയർന്ന റാങ്കിങ് നിശ്ചയിക്കുന്നത്. അതല്ലാതെയുള്ള ഒരു മാനദണ്ഡവും ഈ സൂചിക നിശ്ചയിക്കുന്നതിൽ ഉപയോഗിക്കുന്നില്ല.
അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം, പണപ്പെരുപ്പം, കുറ്റകൃത്യങ്ങൾ എന്നിങ്ങനെയുള്ള പൊതുസ്ഥിതി പരിഗണിക്കാതെ വ്യവസായികളെയും വ്യാപാരികളെയും നേരിട്ട് ബാധിക്കുന്ന നിയമങ്ങളെ മാത്രം കണക്കിലെടുത്താണ് റാങ്കിങ് നിശ്ചയിക്കുന്നത്. വൻ വിപണി സാധ്യത പോലും സൂചിക നിശ്ചയിക്കുന്ന വേളയിൽ പരിഗണിക്കപ്പെടുന്നില്ല.
വ്യാപാരമോ വ്യവസായമോ തുടങ്ങൽ, കെട്ടിട നിർമാണത്തിനുള്ള അനുമതി (ഭൂമിയുടെ ലഭ്യത ഇതിൽ ഉൾപ്പെടുന്നില്ല, ഇന്ത്യയിലാകട്ടെ വ്യവസായങ്ങൾക്ക് ഭൂമി ലഭ്യമാക്കുകയെന്നത് പ്രതിസന്ധി നേരിടുന്ന ഒന്നാണ്), ഊർജ ലഭ്യത, വസ്തു വാങ്ങിയാലുളള രജിസ്‌ട്രേഷൻ നടപടി, വായ്പ ലഭ്യമാക്കൽ, നിക്ഷേപകരുടെ സുരക്ഷിതത്വം, വിദേശ വ്യാപാരം, കരാറുകൾ നടപ്പിലാക്കൽ തുടങ്ങിയവയെ ആസ്പദമാക്കിയാണ് ഈ സൂചിക നിശ്ചയിക്കുന്നത്. ഇവയെല്ലാമാകട്ടെ, സാങ്കേതികമായ കാര്യങ്ങൾ മാത്രമാണ്. എന്നു മാത്രമല്ല കടന്നുവരുന്നവർക്കെല്ലാം കയറിയിരിക്കാൻ കഴിയുന്ന വിധത്തിൽ കോർപറേറ്റുകൾക്കും വൻകിടക്കാർക്കും വേണ്ടി തൊഴിൽ നിയമങ്ങളെല്ലാം ഭേദഗതി ചെയ്തു നൽകിയത് മോഡി അധികാരത്തിൽ വന്നതിനു ശേഷവുമായിരുന്നല്ലോ. അതുകൊണ്ട് തന്നെ ഈ സൂചിക ഒരു രാജ്യത്തിന്റെ മെച്ചപ്പെടലിന്റെ അടയാളമായി എടുക്കുന്നത് അബദ്ധമാണ്. പക്ഷേ ലോക ബാങ്ക് പോലുള്ള കോർപറേറ്റ് ആഭിമുഖ്യമുള്ള സംവിധാനങ്ങൾക്ക്, നവ ഉദാരവൽക്കരണം ശക്തമായി നടപ്പിലാക്കുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്ക് ആത്മപ്രശംസ നടത്തുന്നതിനുള്ള ഉപാധികൾ നൽകേണ്ടതുണ്ട്. അതുകൊണ്ടാണ് ഇത്തരം അപനിർമിതികൾ ഉണ്ടാക്കുന്നത്.
ഒരു സമുദായത്തിന്റെ വളർച്ചാ സൂചികയാകേണ്ടത് അവിടെ പണിതുയരുന്ന കെട്ടിടങ്ങളല്ല, അതുമായി ബന്ധപ്പെട്ടിരിക്കുന്ന മനുഷ്യരുടെ വികസനവും പുരോഗതിയും തന്നെയാണ്. അതുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പറഞ്ഞിരിക്കുന്ന വസ്തുതകൾ ചില വൈരുദ്ധ്യങ്ങൾക്കിടയാക്കുന്നുണ്ട്. ഉദാഹരണത്തിന് വ്യവസായത്തിനോ വ്യാപാരത്തിനോ ഉള്ള കെട്ടിട നിർമാണ ലൈസൻസ് എളുപ്പത്തിൽ ലഭിക്കുന്നുവെന്ന വിഷയമെടുക്കുക. അവർക്കത് എളുപ്പത്തിൽ ലഭിക്കുന്ന സ്ഥിതിയുണ്ടാകുന്നുവെന്നത് ശരിയായിരിക്കും. പക്ഷേ ഒരു സാധാരണക്കാരൻ കെട്ടിട നിർമാണത്തിന് അനുമതി തേടി ചെന്നാൽ ഒരു മാസത്തിലധികമെടുക്കുമെന്നതാണ് യാഥാർഥ്യം. ഒരു കോടതി വ്യവഹാരത്തിൽ തീർപ്പാകണമെങ്കിൽ കുറഞ്ഞത് 1445 ദിവസമെങ്കിലുമെടുക്കുമെന്ന മറ്റൊരു കണക്കു കൂടിയുണ്ട് സാധാരണക്കാരനെ സംബന്ധിച്ച്.
കമ്പനി രജിസ്‌ട്രേഷൻ, ബാധ്യതാ സർട്ടിഫിക്കറ്റ്, ഓഹരി ഉടമകളുടെ താൽപര്യ സംരക്ഷണാർത്ഥമുള്ള സെബിയുടെ നിയമങ്ങൾ എന്നിവയനുസരിച്ചാണ് റാങ്കിംഗിൽ മുന്നിലെത്തിയതെങ്കിലും വ്യവസായത്തിനും വ്യാപാരത്തിനും പറ്റിയ അന്തരീക്ഷമാണുള്ളതെന്ന യഥാർഥ വിലയിരുത്തലൊന്നും ലോക ബാങ്ക് നടത്തിയതായി കാണുന്നില്ല. ഇടനിലക്കാരെയോ കൺസൾട്ടന്റുമാരെയോ നിശ്ചയിക്കാതെ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള സാഹചര്യവുമില്ല. തെക്കൻ ദൽഹിയിലെ പല സ്ഥാപനങ്ങളും ആരംഭിക്കുകയും പ്രവർത്തനം തുടരുകയും ചെയ്യുന്നത് ആ രീതിയിലാണ്. സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലുമെല്ലാം ഇതേ സ്ഥിതി തന്നെയാണ്. ഇടനില പ്രവർത്തനങ്ങളിലൂടെ വൻ ബിസിനസുകാരായിത്തീർന്നവർ പലരുമുണ്ട്. കോർപറേറ്റ് അഭിഭാഷകരും ചാർട്ടേഡ് അക്കൗണ്ടന്റുമാരുമടങ്ങുന്ന വലിയൊരു ശൃംഖല തന്നെ ഇടനിലക്കാരായി പ്രവർത്തിക്കുന്നുണ്ട്. അതിന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഇതൊക്കെ കൊണ്ടു തന്നെ ഇന്ത്യയിൽ വ്യവസായവും വ്യാപാരവും നടത്തുന്നതിന് അനുകൂലമായ അന്തരീക്ഷമുണ്ടെന്നുള്ള സൂചികയിൽ മുന്നേറ്റമുണ്ടായെന്നത്, നല്ല വസ്ത്രധാരണവുമായെത്തുന്ന ഒരു പോലീസുകാരനെ അയാൾ അഴിമതിക്കാരനും തൊഴിൽ പ്രാഗൽഭ്യമില്ലാത്തവനുമാണെങ്കിലും പ്രാവീണ്യമുള്ളവനാണെന്ന് വിലയിരുത്തുന്നതു പോലെ മാത്രമാണ്. അതിൽ നിന്ന് വ്യത്യസ്തമായി രാജ്യം മുൻഗണന നൽകേണ്ടത് മറ്റു പല സൂചികകൾക്കുമാണ്. 
അവയെല്ലാമാകട്ടെ, രാജ്യത്തിന്റെ സ്ഥിതി അതിദയനീയമാണെന്നാണ് വ്യക്തമാക്കുന്നത്. ഒക്‌ടോബറിൽ ഹേ ഇന്റർനാഷണൽ ഭക്ഷ്യനയ ഗവേഷണ ഇൻസ്റ്റിറ്റിയൂട്ട് ആഗോള ദാരിദ്ര്യ സൂചിക പുറത്തിറക്കിയിട്ടുണ്ട്. അത് ഇന്ത്യയ്ക്ക് സന്തോഷിക്കാനുള്ള ഒരു വകയും നൽകുന്നില്ല. 119 രാജ്യങ്ങളിൽ 100 ാം സ്ഥാനത്താണ് പ്രസ്തുത സൂചികയിൽ ഇന്ത്യയുടെ സ്ഥാനം. ഏഷ്യയിലെ ഏറ്റവുമധികം ദരിദ്രർ അധിവസിക്കുന്ന മൂന്നാമത്തെ രാജ്യം ഇന്ത്യയാണ്. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനുമാണ് ഇന്ത്യയ്ക്ക് പിറകിലുള്ളത്. തെക്കെ ഏഷ്യയിൽ ഏറ്റവും മോശം പ്രകടനം കാഴ്ച വെച്ച രാജ്യമായാണ് ഇന്ത്യയെ പ്രസ്തുത സൂചികയിൽ പരാമർശിച്ചിരിക്കുന്നത്. സഹാറയ്ക്കു തെക്കുള്ള ആഫ്രിക്കൻ രാജ്യങ്ങളുടേതിന് സമാനമാണ് ഇന്ത്യയുടെ സ്ഥിതിയെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. മാനവ വിഭവ ശേഷി സൂചികയിലും ഇന്ത്യയുടെ സ്ഥാനം വളരെ പിറകിൽ തന്നെ നിൽക്കുകയാണ്. 168 രാജ്യങ്ങളിൽ 131 ാമത്തെ സ്ഥാനമാണ് നമ്മുടെ രാജ്യത്തിന്. തെക്കെ ഏഷ്യയിൽ ശ്രീലങ്ക ഇന്ത്യയേക്കാൾ മുന്നിലാണ് -73 ാം സ്ഥാനത്ത്. 90 ാം സ്ഥാനത്തുള്ള ചൈനയേക്കാൾ മുന്നിലാണ് ശ്രീലങ്കയുടെ സ്ഥാനം. കേരളത്തെ മാത്രമാണ് ശ്രീലങ്കയോട് താരതമ്യം ചെയ്തിട്ടുള്ളത്.
കേരളത്തിന്റെ മനുഷ്യ വിഭവ ശേഷി സൂചികയാണ് ഇന്ത്യയിൽ ഏറ്റവും ഉയർന്നു നിൽക്കുന്നത് -0.790 പോയന്റ്. അത് ചൈനയേക്കാൾ മുകളിലാണ്. ഏറ്റവും താഴേത്തട്ടിലുള്ളത് 0.358 പോയന്റുമായി ഛത്തീസ്ഗഢാണ്. അതാകട്ടെ ഏറ്റവും ദരിദ്രവും പിന്നോക്കം നിൽക്കുന്നതുമായ മധ്യ ആഫ്രിക്കൻ രാജ്യമായ ചാഡിന് സമാനമാണ്. മൾട്ടി ഡൈമൻഷണൽ (വിവിധതല) ദാരിദ്ര്യ സൂചികയിൽ ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ അടിസ്ഥാന കാരണമായി പറഞ്ഞിരിക്കുന്നത് പോഷകാഹാരക്കുറവ് തന്നെയാണ്. 645 ദശലക്ഷം ഇന്ത്യക്കാർ –-ജനസംഖ്യയിലെ 55 ശതമാനം പേർ- ദരിദ്രരുടെ പട്ടികയിലാണുള്ളത്. വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, ജീവിത നിലവാരം എന്നിങ്ങനെയുള്ള പത്തു മേഖലകളാണ് ഈ സൂചികയുടെ മാനദണ്ഡമായി പരിശോധിച്ചത്. ഓരോ സംസ്ഥാനങ്ങളെയുമെടുത്ത് പരിശോധിച്ചാൽ എല്ലാ മേഖലകളും ചേർത്തുള്ള സൂചികയിൽ ഹരിയാന, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിൽ ജനസംഖ്യയുടെ 40 ശതമാനത്തിലധികം പേരും പട്ടിണിക്കാരാണ്. ഈ കണക്കിൽ 20 ശതമാനത്തിന് താഴെ നിൽക്കുന്ന ഏക സംസ്ഥാനവും കേരളമാണ്. ദാരിദ്ര്യത്തിന്റെയും അതിന്റെ തീവ്രതയുടെയും അടിസ്ഥാനത്തിലാണ് മൾട്ടി ഡൈമൻഷണൽ ദാരിദ്ര്യ സൂചിക തയ്യാറാക്കിയിരിക്കുന്നത്. പരിശോധിച്ച പത്തു ഘടകങ്ങളിൽ മൂന്നെങ്കിലും ബാധകമായ ഒരു സ്ത്രീയോ പുരുഷനോ സൂചികയിൽ ദരിദ്രരെന്ന നിർവചനത്തിൽ ഉൾപ്പെടുന്നു. അങ്ങനെ വരുമ്പോൾ ഏറ്റവുമധികം വിമർശന വിധേയമായ ഇന്ത്യയുടെ ഔദ്യോഗിക ദാരിദ്ര്യ രേഖയ്ക്കു കീഴിലുള്ളവരുടെ എണ്ണത്തിന്റെ ഇരട്ടിയിലധികമാണ് അത് -55 ശതമാനം. ഏകദേശം 20 ശതമാനം ഇന്ത്യക്കാരും പത്തിൽ ആറ് ഘടകങ്ങളുടെയും പരിധിയിൽ വരുന്നവരാണ്.
വ്യവസായ – വ്യാപാര മേഖലയിലെ മുന്നേറ്റത്തെ കുറിച്ചുള്ള വിവിധ പഠനങ്ങളും സൂചികകളും ഇതിനകം തന്നെ പുറത്തു വന്നിട്ടുണ്ട്. അതിലൊന്നും തന്നെ ഇന്ത്യയുടെ സ്ഥിതി മെച്ചപ്പെട്ടതല്ല. എന്നു മാത്രമല്ല വളരെ ദയനീയവുമാണ്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, ഫിക്കി, അസോചം തുടങ്ങിയ വ്യാപാരി – വ്യവസായികളുടെ കൂട്ടായ്മകൾ നടത്തിയ വിശകലനങ്ങളിലും ആശാവഹമായ കാര്യങ്ങളല്ല ഉള്ളതെന്നതും ശ്രദ്ധേയമാണ്.
ഏറ്റവുമൊടുവിൽ പുറത്തു വന്ന സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ പിറകോട്ട് പോകുകയാണുണ്ടായത്. ഇത് തയ്യാറാക്കിയതാകട്ടെ, ലോക ബാങ്കുമായി രക്തബന്ധമുള്ള ഹെറിറ്റേജ് ഫൗണ്ടേഷൻ എന്ന സംഘടനയാണുതാനും. അതിലൂടെ തന്നെ ഈസ് ഓഫ് ബിസിനസ് സൂചികയിൽ ഇന്ത്യ മുന്നേറിയെന്നത് വൈരുദ്ധ്യമാണെന്ന് ബോധ്യമാകും. പ്രസ്തുത റിപ്പോർട്ടനുസരിച്ച് 123 ൽ നിന്ന് 140 ലേയ്ക്ക് പതിച്ച ഇന്ത്യ ഭൂട്ടാനും പാകിസ്ഥാനും പിറകിലാണ്. സമ്പദ്ഘടനയുടെ നേട്ടങ്ങളല്ല, മറിച്ച് സർക്കാരും വ്യവസായ – വ്യാപാര മേഖലയും തമ്മിലുള്ള സൗഹാർദപരമായ അന്തരീക്ഷമാണ് സാമ്പത്തിക സ്വാതന്ത്ര്യ സൂചിക നിശ്ചയിക്കുന്നതിനുള്ള പ്രധാന മാനദണ്ഡം.
സാമ്പത്തിക വളർച്ച, മനുഷ്യ വിഭവ ശേഷി, തൊഴിലവസരങ്ങളുടെ സൃഷ്ടി തുടങ്ങിയവയെ അടിസ്ഥാനമാക്കി ബ്രാൻഡ് ഫിനാൻസ് തയ്യാറാക്കിയ നാഷൻസ് ബ്രാൻഡ് – 2017 ലോകത്തെ വിലപ്പെട്ട രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ പിന്നോക്കം പോയി. നേരത്തേ ഏഴാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഇത്തവണ എട്ടാം സ്ഥാനത്തായി.
സാമ്പത്തിക തകർച്ചയും വികസനത്തിൽ ഉണ്ടായ തിരിച്ചടിയും തന്നെയാണ് ഇന്ത്യ പിന്നോക്കം പോകുന്നതിന് കാരണമായത്. സാമ്പത്തിക വളർച്ച നേടുന്നതിനുള്ള ധനപിന്തുണ നൽകുകയും സമഗ്ര പരിഷ്‌കരണങ്ങളിലൂടെ കൂടുതൽ തൊഴിൽ സൃഷ്ടി സാധ്യമാകുകയും ചെയ്യാതെ ഇന്ത്യയ്ക്ക് മുന്നോട്ടു പോകാനാകില്ലെന്ന് ബ്രാൻഡ് ഫിനാൻസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡേവിഡ് ഹേ അഭിപ്രായപ്പെടുകയുണ്ടായി. വ്യാപാര നേട്ടമുണ്ടാക്കുന്നതിൽ ദുർബലമായ പ്രകടനമാണ് ഇന്ത്യ കാഴ്ച വെച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരിക്കേ വികസന കുതിപ്പിൽ ഗുജറാത്ത് ഒന്നാം സ്ഥാനത്താണെന്ന ഒരു റിപ്പോർട്ട് പുറത്തു വരികയുണ്ടായി. സോണിയാ ഗാന്ധി അധ്യക്ഷയായ രാജീവ് ഗാന്ധി ഫൗണ്ടേഷനു വേണ്ടി ബിബേക് ദെബ്രോയി ആയിരുന്നു റിപ്പോർട്ട് തയ്യാറാക്കിയിരുന്നത്. അതുവെച്ച് മുഴുവൻ പേജ് പരസ്യം ചെയ്ത് മോഡിയെ വികസന നായകനെന്നും മറ്റും ആത്മപ്രശംസയാൽ പൊതിയുകയായിരുന്നു.
 

Latest News