തൃശൂർ- ജില്ലയിൽ ഹിന്ദു സംഘടനകൾ നടത്തുന്ന ഹർത്താലിനിടെ വാഹനം തല്ലിപ്പൊളിച്ചതിനെ തുടർന്ന് പൊട്ടിക്കരയുന്ന ഡ്രൈവറുടെ വീഡിയോ വൈറലാകുന്നു. ചേലക്കര പഴയന്നൂരിലാണ് ഹർത്താൽ അനുകൂലികൾ യുവാവിന്റെ വാൻ തല്ലിപ്പൊളിച്ചത്. ഇതേ തുടർന്ന് നടുറോഡിലിറങ്ങി കരയുന്ന യുവാവിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ജീവിക്കാൻ വേണ്ടിയാണ് ചേട്ടാ, ഇതുകൊണ്ട് നടക്കാനുള്ള പാട് അറിയോ, എന്ത് കഷ്ടപ്പെട്ടിട്ടാ അറിയോ എന്നിങ്ങനെ പറഞ്ഞാണ് യുവാവ് കരയുന്നത്. വാഹനം തടയുന്ന ഹർത്താൽ അനുകൂലിയെയും റോഡരികിൽ കാണുന്നുണ്ട്. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായത്.