തിരുവനന്തപുരം- പാലക്കാട് നടന്ന ദുരഭിമാനകൊല കേരളത്തിന് അപമാനമാണെന്നും ഇരുട്ടിന്റെ ശക്തികൾ കേരളത്തെ പിടികൂടാൻ ശ്രമിക്കുന്നുവെന്നതിന്റെ സൂചനയാണെന്നും മന്ത്രി കെ.കെ ശൈലജ. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ശൈലജയുടെ വിമർശനം. മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
കേരളത്തിൽ വീണ്ടും ദുരഭിമാന കൊലപാതകം ഉണ്ടായിരിക്കുന്നു.ഉയർന്നസാക്ഷരതയും സാമൂഹ്യ പുരോഗതിയും ഉണ്ടായിട്ടും ഫ്യൂഡൽ ജാതി ബോധം സമൂഹത്തിൽ നിലനിൽക്കുന്നു എന്ന അപകട സൂചനയാണിത്.നവേത്ഥാന നായകർ വളർത്തിയെടുക്കാൻ ശ്രമിച്ച മതേതര മാനവികതയും ജാതി വിവേചനത്തിനും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ പേരാട്ടവും സമൂഹജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കിയെങ്കിലും ഉത്തരേന്ത്യയിലൊക്കെ ഇപ്പോഴും നിലനില്ക്കുന്ന ഇരുട്ടിന്റെ ശക്തികൾ കേരളത്തിലും പിടിമുറുക്കാൻ ശ്രമിക്കുന്നുണ്ട്. പാലക്കാട്ടു നടന്ന സംഭവം അത്തരം ഇരുട്ടിന്റെ സൂചനയാണ് കുറ്റവാളികൾക്ക് തക്കതായ ശിക്ഷനൽകുന്നതിനോടൊപ്പം ജാതിക്കതീതമായ മനുഷ്യത്വവും സ്‌നേഹവും വളർത്തിയെടുക്കാൻ നാം നിരന്തരമായി പരിശ്രമിക്കണം. സ്വന്തം ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള
പെൺകുട്ടികളുടെ അവകാശം നിയമംമൂലം പരിരക്ഷിതമാണ്.അവർക്ക് ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയാണ് രക്ഷിതാക്കളുടെ ഉത്തരവാദിത്വം. വേർപിരിക്കുന്നതിനൊ കൊന്നുകളയുന്നതിനോ അവാകാശമില്ല. ദുരഭിമാനകൊലകൾ ആവർത്തിക്കാതിരിക്കാൻ ഇടപെടേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമായി കാണണം. ഇനിയും പെൺമക്കളുടെ കണ്ണീർ വീഴാതിരിക്കട്ടെ.