Sorry, you need to enable JavaScript to visit this website.

ലയന നടപടികൾ തുടരുന്നതായി സാംബയും അൽഅഹ്‌ലിയും

റിയാദ്- ലയന നടപടികളുമായി മുന്നോട്ടുപോകുന്നതായി സൗദിയിലെ ഏറ്റവും വലിയ ബാങ്കുകളായ സാംബ ഗ്രൂപ്പും നാഷനൽ കൊമേഴ്‌സ്യൽ (അൽഅഹ്‌ലി) ബാങ്കും അറിയിച്ചു. സൗദി സെൻട്രൽ ബാങ്ക്, സൗദി കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി, ജനറൽ അതോറിറ്റി ഫോർ കോംപറ്റീഷൻ, വാണിജ്യ മന്ത്രാലയം, സൗദി ഷെയർ മാർക്കറ്റ് കമ്പനി (തദാവുൽ) എന്നിവ അടക്കം ബന്ധപ്പെട്ട വകുപ്പുകളുടെ നിയമാനുസൃത അനുമതികൾ ലയനത്തിന് നേടിയെടുക്കാൻ ശ്രമിച്ചുവരികയാണ്. 


ലയന പദ്ധതി തയാറാക്കുന്നതിന് രൂപീകരിച്ച പ്രത്യേക കമ്മിറ്റി സാംബ, അൽഅഹ്‌ലി ബാങ്ക് ലയന പ്രക്രിയ പൂർത്തിയായ ശേഷം സാംബ കാപ്പിറ്റൽ, അൽഅഹ്‌ലി കാപ്പിറ്റൽ കമ്പനി ലയനത്തിനും അനുമതി നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പിന്നീട് നിർണയിക്കും. കമ്മിറ്റി അനുമതി ലഭിച്ചത് സാംബ കാപ്പിറ്റൽ, അൽഅഹ്‌ലി കാപ്പിറ്റൽ കമ്പനി ലയനം നിർബന്ധമായും നടക്കുമെന്ന് അർഥമാക്കുന്നില്ല. ഇതിന് ഇരു ബാങ്കുകളും തമ്മിലുള്ള ലയനം പൂർത്തിയാവുകയും നിയമാനുസൃത അനുമതികൾ ലഭിക്കുകയും മറ്റു നടപടികൾ പൂർത്തിയാവുകയും വേണമെന്ന് ഇരു ബാങ്കുകളും പുറത്തിറക്കിയ പ്രസ്താവനകൾ പറഞ്ഞു. 


പരസ്പര ലയനത്തിന് സാംബ ഗ്രൂപ്പും അൽഅഹ്‌ലി ബാങ്കും നേരത്തെ കരാർ ഒപ്പുവെച്ചിരുന്നു. സാംബ, അൽഅഹ്‌ലി ബാങ്ക് ലയനത്തിലൂടെ സൗദി ഏറ്റവും വലിയ ബാങ്കും ഗൾഫിലെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കും നിലവിൽവരും. ലയനത്തിലൂടെ നിലവിൽ വരുന്ന പുതിയ ബാങ്കിന്റെ ആസ്തികൾ 837 ബില്യൺ റിയാലായി ഉയരും. സൗദിയിൽ ബാങ്കിംഗ് മേഖലയുടെ ക്രിയാത്മക പരിവർത്തനത്തിനുള്ള സംഭാവന വർധിപ്പിക്കാനും സൗദി അറേബ്യയുടെ വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കാനും പ്രാപ്തിയുള്ള മികച്ച നിലയിൽ പുതിയ ബാങ്ക് എത്തും. സൗദി ബാങ്കിംഗ് മേഖലയുടെ 25 ശതമാനം വിഹിതം പുതിയ ബാങ്കിനാകും. 


 

Latest News