'അരമന രഹസ്യം അങ്ങാടിപ്പരസ്യം' എന്നു പാടാൻ ഇന്ന് ആസ്ഥാന കവികളില്ല. രാജവാഴ്ചക്കാലത്ത് ഗവർണർ ഇല്ലായിരുന്നു. അതിനാൽ അദ്ദേഹത്തിന് പഴഞ്ചൊല്ലിന്റെ പൊരുൾ അറിയുകയില്ല.
പിണറായി സഖാവ് ഒരു മുഖ്യമന്ത്രി മാത്രമല്ല. സ്വന്തം സഖാക്കളെ കൈവിട്ട്, പാർലമെന്ററിയും അല്ലാത്തതുമായ വ്യാമോഹങ്ങളിൽ അഭിരമിച്ചു കഴിയാൻ ആ ചുവന്ന മനസ്സിനു കഴിയുകയില്ല. സെക്രട്ടറിയേറ്റിൽനിന്ന് മൂന്നര കിലോ മീറ്റർ മാത്രം ദൂരെയുള്ള രാജ്ഭവനിലേക്കുള്ള ഒരു കത്ത് വഴിക്കു ചോർന്നുവെങ്കിൽ അതിൽ അതിശയോക്തിക്കു കാര്യമില്ല. ധനമന്ത്രി തോമസ് ഡോക്ടർക്കുമുണ്ടായി ഒരു ചോർച്ച. നിയമസഭയിൽ വെക്കും മുമ്പേ റിപ്പോർട്ട് ചോർന്നുവത്രേ! റിപ്പോർട്ട് പച്ച വെള്ളവും അതു ഭദ്രമായി കൊണ്ടുപോയത് പൊട്ടക്കലത്തിലുമാകണം! പക്ഷേ, ആധുനിക മാധ്യമം വഴി അയച്ച കത്ത് ആരു ചോർത്തി? കത്ത് രാജ്യദ്രോഹപരമോ ഭരണഘടനാ ലംഘനമോ ആകാതെ സൂക്ഷിക്കാൻ വേണ്ടി സ്വന്തം ചാനലിന് സ്വന്തം പരിവാരങ്ങൾ തന്നെയാണ് ഏൽപിച്ചത്. ചാനൽ 'എടുത്തഥ' സംപ്രേഷിക്കുമെന്നോ, 'ഗവർണർ കണ്ടഥ' കോപിക്കുമെന്നോ ആരും നിനച്ചില്ല.
ജൂൺ മാസം മുതൽ നടന്നു വരുന്ന കർഷക സമരത്തിനു വേണ്ടി ഇപ്പോൾ അടിയന്തരമായി നിയമസഭ ചേരുന്നതെന്തിനാണെന്ന് അദ്ദേഹം നിഷ്‌കളങ്കമായി ചോദിച്ചു. ഏതായാലും ഇനി കത്തെഴുതുകയില്ലെന്നായി മുഖ്യമന്ത്രി.
ധാരാളം, ഒരു നൂറിലേറെ പദ്ധതികൾക്ക് ഉദ്ഘാടനം നടത്താനുണ്ട്. പ്രതിഷ്ഠിക്കാനുള്ള 'തറക്കല്ലു'കൾ മുറ്റം നിറയെ ലോറികളിൽ കാത്തുകിടക്കുന്നു. ഇനി ഒരു പക്ഷേ കത്തയച്ചാലും ചോരുമെന്നും ഉറപ്പാണ്. കള്ളന്മാർ കപ്പലിൽ തന്നെയുണ്ട്. സൈബർ ചോർച്ചകൾ ഈയം കൊണ്ട് ഒട്ടിക്കാൻ കഴിയില്ല. ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നു'വെന്നു പറഞ്ഞുകൊണ്ട് ചെന്നിത്തല പത്രസമ്മേളനം നടത്തിക്കളയും. കത്തയക്കാതിരുന്നാൽ രാജ്ഭവനിൽ നിന്നുമുള്ള ധർമോപദേശങ്ങൾ കേട്ടു ബോധം കെടാതെ ശിഷ്ടകാലം കഴിച്ചുകൂട്ടാം. ഒരു വെടിക്കു രണ്ടു പക്ഷി. ദിവസവും ക്ഷേമ പദ്ധതിയും പെൻഷനും പ്രഖ്യാപിച്ചാൽ പിന്തുടർച്ചാവകാശവും നമുക്കു കിട്ടും. മുഖ്യമന്ത്രി ചൈനീസ് ആക്രമണ കാലത്തെ ഇന്ത്യൻ സേനയെപ്പോലെ തന്ത്രപ്രധാനമായ നിലപാടെടുത്തു പിൻമാറിയത്, കാര്യം പിടികിട്ടാത്തവർ അദ്ഭുതത്തോടെയാണ് കാണുന്നത്. കണ്ടോട്ടെ! ഏപ്രിൽ കഴിഞ്ഞും കാണണം.
*** *** ***
സിനിമക്കാർക്ക് എന്തും പറയാം. വിഡ്ഢിപ്പെട്ടിക്കു മുന്നിൽ വാ പൊളിച്ചിരിക്കുന്ന പാവം മാനവ ഹൃദയങ്ങൾ എല്ലാം സത്യമാണെന്നു നിനച്ചു കൊള്ളും. എം.ജി.ആർ മുപ്പതു പേരെ ഒറ്റയ്ക്കു വാൾപയറ്റു നടത്തി നിലം പരിശാക്കിയിട്ടുണ്ട്. ശിവാജി ഗണേശന്റെ 'പേച്ചു'കൾ കേട്ട് വെള്ളക്കാർ പോലും തിരശ്ശീലയിൽ സുല്ലു പറഞ്ഞു മൂക്കിടിച്ചു വീണിട്ടുണ്ട്. ശേഷിച്ച കാണികൾ തിയേറ്ററിനകത്തും വീണതാണ് ചരിത്രം. 'വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയാതിരിക്കുന്നതാണ് ഉത്തമ ധർമം എന്നു കരുതിയ എം.ജി.ആറും അദ്ദേഹത്തിന്റെ ഇദയക്കനി ആയിരുന്ന ജയലളിതയും സിനിമക്കു പുറത്ത് പേച്ചും പിച്ചും സംഭാവനയുമൊക്കെ നടത്തിപ്പോന്നു.
ഇപ്പോൾ, ഇതാ 'ഉലക നായകൻ' എന്ന വലിയൊരു ഭാരം ചുമന്നു നടക്കുന്ന കമലഹാസൻ രാഷ്ട്രീയത്തിന്റെ 'കന്നിപ്പേച്ചു'കൾ തുടങ്ങിയിരിക്കുന്നു! 'മക്കൾ നീതി മയ്യം' ആണ് സ്വന്തം പാർട്ടി. അധികാരത്തിൽ കയറിക്കഴിഞ്ഞാൽ വീട്ടമ്മമാർക്ക് പ്രതിമാസം ആറായിരം രൂപ ശമ്പളം കൊടുക്കുമത്രേ! മെയ്യനങ്ങാതെ ശാപ്പിട്ടു നടക്കുന്ന പുരുഷ വർഗത്തിന് ചില്ലക്കാശു കൊടുക്കില്ല. സംഗതി കേട്ട പാടെ, ചെറിയൊരു ഇളക്കം - ഭൂചലനം എന്നു പറയാൻ കഴിയില്ല- കോട്ടയം പ്രദേശത്ത് അനുഭവപ്പെട്ടിരിക്കുന്നു!
മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീളാദേവി തുടങ്ങി ചില മുഴുവൻ സമയ വീട്ടമ്മമാർ ഉലകനായകന്റെ ശമ്പള പദ്ധതിയെ പരസ്യമായി സ്വാഗതം ചെയ്തു. 'മക്കൾ നീതി മയ്യം' കേരളത്തിൽ ബ്രാഞ്ച് ഓഫീസ് തുറക്കുമോ ആവോ? ആറായിരം രൂപ നിസ്സാര കാര്യമല്ല.
കോൺഗ്രസിൽ പത്തനംതിട്ടയിലെ സംസ്ഥാന കമ്മിറ്റിയംഗം സുധാകുറുപ്പ് മുതൽ രാജി തുടരുന്ന കാലമാണ്. കേന്ദ്ര ഭരണ പാർട്ടിയിൽ ശോഭാ സുരേന്ദ്രനെപ്പോലുള്ള വീട്ടമ്മമാർ സമയം പോകാതെ മുഷിഞ്ഞിരിക്കുന്ന കാലവും! പാർട്ടിയുടെ നായകൻ 'ഉലകനായകനും! ഒരു മാറ്റമൊക്കെ പ്രതീക്ഷിച്ചാൽ ആരും മുഷിയില്ല! ഒരു ചെയ്ഞ്ച് ആർക്കാണിഷ്ടമല്ലാത്തത് എന്നൊരു പരസ്യ വാചകം കേട്ടിട്ടില്ലേ?
*** *** ***
അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന ചൊല്ല് കെ. മുരളീധരനുമായി ബന്ധപ്പെടുത്തിയാൽ അദ്ദേഹം കോപിക്കും. ഒരു അഖിലേന്ത്യാ നേതാവിന്റെ ശരീര ഭാഷയും നാവിളക്കവുമായി കഴിഞ്ഞുപോരുന്ന ടിയാൻ കേരളത്തിനു വേണ്ടി ചെയ്യാവുന്ന ഒരു നല്ല കാര്യം പ്രഖ്യാപിച്ചു:- കേരള നിയമസഭയിലേക്കു ഇത്തവണ മത്സരിക്കാൻ ഞാനില്ല എന്ന്! കേട്ടവർ കേട്ടവർ പട്ടക്കം പൊട്ടിച്ചുവെന്നു പറഞ്ഞാൽ മതി. പണ്ട് വൈദ്യുതി മന്ത്രി ആയതും ഉപതെരഞ്ഞെടുപ്പിൽ തോറ്റതും ആരും മറന്നിട്ടില്ല.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലെ എമ്മെല്ലേ കുപ്പായം ഊരിവെച്ചു വടകരയ്ക്കു പോയി. അങ്കം ജയിച്ചു ദൽഹിയിൽ ചെന്നപ്പോൾ കോൺഗ്രസ് ശൂന്യം! ഇനിയും അബദ്ധം പിണയരുത്! 2024 വരെ ദൽഹിയിൽ സുഖമായി ഉണ്ടും ഉറങ്ങിയും കഴിയാം. ഉച്ചയുറക്കത്തിനു മുമ്പ് ഒരു പത്രപ്രസ്താവനയും ധാരാളം. ആന്റണിച്ചായനാണ് ഇതിനൊരു മാതൃക. കുഞ്ഞാലിക്കുട്ടി സാഹിബിനു വേണമെങ്കിൽ എം.പി സ്ഥാനം കളഞ്ഞിട്ടു കളത്തിലിറങ്ങാം. 'കിട്ടിയാൽ ഒരു മല, പോയാൽ ഒരു മീശരോമം' യു.ഡി.എഫ് ജയിച്ചാൽ സാഹിബ് മന്ത്രി മാത്രമല്ല, വേണ്ടിവന്നാൽ ഡെപ്യൂട്ടി മുഖ്യമന്ത്രി വരെ ആകാം.
മുഖ്യമന്ത്രി പഴയ 'ലീഡർ' ലൈനിലാണെങ്കിൽ ഇടയ്ക്ക് ധാർമിക ബോധം മൂത്ത് രാജിയും തമാശകളും ഉണ്ടായെന്നു വരാം. അങ്ങനെയെങ്കിൽ സാഹിബിനു മുഖ്യമന്ത്രിയുടെ ചുമതല കൂടി ജനങ്ങൾക്കു വേണ്ടി ഏറ്റെടുക്കാം.
സ്വപ്‌നങ്ങൾക്ക് അന്തമില്ല. പക്ഷേ ഇതൊന്നും കാണാനോ, കനവു കാണാനോ ഉള്ള ആരോഗ്യ നിലയിലല്ല കെ. മുരളീധരൻ. അതുകൊണ്ടു തൽക്കാലം ദൽഹി മതി. നാലു കൊല്ലം കഴിഞ്ഞ് കോൺഗ്രസ് അവശേഷിക്കുന്നുണ്ടെങ്കിൽ അന്ന് തിരിച്ചുവരാം.
*** *** ***
സമകാലീന രാഷ്ട്രീയത്തിലെ ഏറ്റവും കാഠിന്യമേറിയതും എന്നാൽ മധുരോദാരവുമായ പദമേത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ- പുനഃസംഘടന. മാർക്‌സിസ്റ്റ് പാർട്ടിക്ക് ആ അബദ്ധം പിണയാറില്ല. കോടിയേരി പടിയിറങ്ങിയപ്പോൾ, മണ്ണും ചാരി നിന്ന വിജയരാഘവൻ കസേര കൊണ്ടുപോയി. ബി.ജെ.പിയിലാണെങ്കിൽ ഒറ്റ പുനഃസംഘടനയ്ക്ക് ഒരു ഡസൻ കാവിയോദ്ധാക്കൾ രാജിവെക്കും.
കൃത്യം പത്താം ദിവസം മടങ്ങിയെത്തുകയും ചെയ്യും. പക്ഷേ, കോൺഗ്രസിലോ? ഇന്ത്യൻ ജനതയെ വല്ലാതെ ചിരിപ്പിച്ച ഒരു സംഭവം ഈയിടെ മധ്യപ്രദേശിൽ നടന്നു. യൂത്ത് കോൺഗ്രസിന്റെ പുനഃസംഘടന! പത്തു മാസം മുമ്പ് രാജിക്കത്തു കൊടുത്തിട്ടു ബി.ജെ.പിയിൽ ചേർന്ന ഒരുവനെ 12 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 'ഒന്നുകിൽ വിളമ്പുന്നവൻ അറിയണം, അല്ലെങ്കിൽ ഉണ്ണുന്നവൻ അറിയണം' എന്നൊരു ചൊല്ലുണ്ട്. പാർട്ടിയിൽ ആരൊക്കെയുണ്ട് എന്ന വിവരം അഖിലേന്ത്യാ - സംസ്ഥാന നേതൃത്വങ്ങൾക്കോ, റിട്ടേണിംഗ് ഓഫീസർക്കോ അറിയില്ല! അല്ല, ഹൈക്കമാന്റ് പോലും ഉണ്ടോ, ഇല്ലയോ, സങ്കൽപമാണോ, കവി ഭാവനയാണോ എന്നു ശങ്കിക്കേണ്ട കാലമാണല്ലോ!
ഇന്ത്യയിൽ കോവിഡുകാലത്ത് ജനതയ്ക്ക് ഏറ്റവും കൂടുതൽ സേവനം നൽകിയ പ്രതിനിധികളിൽ മൂന്നാം സ്ഥാനം നേടിയത് രാഹുൽ ഗാന്ധി. പറഞ്ഞിട്ടെന്തു കാര്യം? പുനഃസംഘടനയെന്നു കേട്ടാൽ അദ്ദേഹം മുങ്ങും. പൊങ്ങുന്നത് മറ്റൊരു ഭൂഖണ്ഡത്തിലായിരിക്കും.
കേരളത്തിലും നേതൃമാറ്റവും പുനഃസംഘടനയും പറഞ്ഞ് ഫഌക്‌സും വാൾ പോസ്റ്ററും നിരന്നിട്ടുണ്ട്. പക്ഷേ, കാഞ്ഞങ്ങാടു മുതൽ പാലക്കാട്, പത്തനംതിട്ട വഴി ഖദർ ധാരികൾ വരിവരിയായി പാർട്ടിയിൽനിന്നു രാജിെവച്ചു പോകുന്നതാണ് പതിവു കാഴ്ച. നിയമസഭാ തെരഞ്ഞെടുപ്പ് എത്തുമ്പോൾ പല ജില്ലകളിലും അസ്ഥികൂടമെങ്കിലും അവശേഷിക്കുമോ ആവോ!
*** *** ***
1980 ൽ ബി.ജെ.പി അവതാരമെടുത്ത ശേഷം ഇത്ര സങ്കീർണമായൊരു 'കോർ കമ്മിറ്റി' യോഗം ചേരേണ്ടി വന്നിട്ടില്ല. അഥവാ, അത്തരമൊരു കമ്മിറ്റി തന്നെ നിലവിലുണ്ടെന്ന വൃത്താന്തം ചില പാർട്ടി അംഗങ്ങൾ പോലും ആദ്യമായാണ് കേൾക്കുന്നത്. സർവ പ്രശ്‌നങ്ങളും പരിശോധിക്കുന്ന യോഗമായിരിക്കും. ഇടയ്ക്ക് ഒരു രസത്തിനു വേണ്ടി കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പും സൂക്ഷ്മമായി എടുത്തു ചർച്ച ചെയ്യും.
ഇതിലേക്ക് വിലയേറിയ സൂക്ഷ്മ ദർശിനികൾ, സ്‌കാൻ യൂനിറ്റ് എന്നിവയും എത്തിക്കും. കോർ കമ്മിറ്റി ആയതിനാൽ യോഗ രഹസ്യങ്ങൾ ചോരുമെന്ന് ഉറപ്പുള്ളതുകൊണ്ട് മൊബൈൽ ഫോൺ നിരോധിക്കും. മെറ്റൽ ഡിറ്റക്ടറിന്റെ സഹായത്തോടെ, പങ്കാളികൾ ശരീരത്തിൽ രഹസ്യ 'ചിപ്പ്' ഘടിപ്പിച്ചിട്ടുണ്ടോ എന്നും പരിശോധിച്ച ശേഷമേ യോഗം ആരംഭിക്കുകയുള്ളൂ. ഒ. രാജേട്ടനും കുമ്മനം രാജേട്ടനും നേമത്തു മത്സരിക്കാൻ സന്നദ്ധരായാൽ ഒരാളെ നറുക്കിട്ട് വീട്ടിലിരുത്തും. ശോഭാ സുരേന്ദ്രനും പാർട്ടിയും തമ്മിൽ ഒരു പ്രശ്‌നവുമില്ല. അതിനാൽ ശോഭ പാലക്കാട്ടെ സ്വന്തം വീട്ടിലും കെ. സുരേന്ദ്രൻ പാർട്ടിയുടെ വിവിധ ഓഫീസുകളിലുമായി സമയം ചെലവഴിക്കും.