തിരുവനന്തപുരം- സോളാര്‍ കേസില്‍ സരിത എസ്. നായര്‍ ഉന്നയിച്ച ലൈംഗിക ആരോപണങ്ങളില്‍ ഉടന്‍ കേസെടുക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന സരിതയുടെ ആരോപണങ്ങളില്‍ പ്രാഥമിക പരിശോധനക്ക് ശേഷം കേസെടുത്താല്‍ മതിയെന്നാണ് തീരുമാനം.
സോളാര്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ തുടരന്വേഷണത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ജസ്റ്റിസ് അരിജിത്ത് പാസായത്തിന്റെ അനുകൂല നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. അന്വേഷണ സംഘത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്ന് പുറപ്പെടുവിക്കും.
സോളാര്‍ ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടു സരിതയുടെ മൊഴിക്കു പുറമേ ശക്തമായ തെളിവ് സര്‍ക്കാരിന്റെ പക്കലുണ്ടെങ്കില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരേ കേസെടുക്കാമെന്നു ജസ്റ്റിസ് അരിജിത് പസായത് കഴിഞ്ഞ ദിവസം സര്‍ക്കാരിന് നല്‍കിയ നിയമോപദേശത്തില്‍ പറഞ്ഞിരുന്നു.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും തുടര്‍നടപടികളും അടങ്ങുന്ന റിപ്പോര്‍ട്ട് നാളെ നിയമസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കും.