റിയാദ് - കാറില്‍ ആളിപ്പടര്‍ന്ന തീ മറ്റൊരു കാര്‍ ഡ്രൈവര്‍ മണല്‍തെറിപ്പിച്ച് സാഹസികമായി അണച്ചത് വിസ്മയമായി. ഒരു കൂട്ടം യുവാക്കള്‍ മരുഭൂമിയില്‍ മണല്‍കുന്നില്‍ കാര്‍ കയറ്റിയിറക്കി കളിക്കുന്നതിനിടെയാണ് കൂട്ടത്തില്‍ പെട്ട ഒരാളുടെ കാറില്‍ അപ്രതീക്ഷിതമായി തീ പടര്‍ന്നുപിടിച്ചത്. എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ കാര്‍ ഡ്രൈവര്‍ അന്ധാളിച്ചു നില്‍ക്കുന്നതിനിടെ മറ്റൊരു യുവാവ് അതിവേഗത്തില്‍ തന്റെ കാറെടുത്ത് തീപ്പിടിച്ച കാറിനു സമീപം വെച്ച് കാര്‍ വട്ടത്തില്‍ ചുറ്റി ആദ്യത്തെ കാറിനു മുകളിലേക്ക് മണല്‍കൂമ്പാരം തെറിപ്പിക്കുകയായിരുന്നു.
തന്റെ കാര്‍ നിര്‍ത്തി പിന്‍വശത്തെ ടയറുകള്‍ അതിവേഗത്തില്‍ കറക്കി ആദ്യത്തെ കാറിനു മേല്‍ മണല്‍തെറിപ്പിക്കുന്നത് യുവാവ് തുടരുകയും ചെയ്തു. സെക്കന്റുകള്‍ക്കകം ആദ്യത്തെ കാറിലെ തീ പാടെ അണക്കാന്‍ ഇതിലൂടെ സാധിച്ചു. ധീരവും വിസ്മയകരവുമായ രീതിയിലൂടെ കാറിലെ തീയണച്ച യുവാവിനെ മറ്റുള്ളവര്‍ പ്രശംസിച്ചു.