കാഞ്ഞങ്ങാട്- മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ഇടതുപക്ഷ പ്രവര്‍ത്തകന്‍ അബ്ദുറഹ്മാന്‍ ഔഫിന്റെ വീട് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവറലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു. കുടുംബത്തിന്റെ വേദന ഞങ്ങളുടെ കൂടി വേദനയാണ്. മുസ്ലിം ലീഗ് കൊലപാതക രാഷ്ട്രീയത്തെ അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തെ ശക്തമായി അപലപിക്കുന്നുവെന്നും കുറ്റം തെളിയിക്കപ്പെട്ടാല്‍ പ്രതികള്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും മുനവറലി വ്യക്തമാക്കി. പ്രതികളെ മുസ് ലിം ലീഗ് സംരക്ഷിക്കില്ല. കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ഔഫിന്റെ വീട് സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.
ഔഫിന്റെ വീട് സന്ദര്‍ശിക്കാനെത്തിയ മുനവറലി തങ്ങളുടെ കുടെയുണ്ടായിരുന്ന യൂത്ത് ലീഗ് സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. കൂടെയുള്ള പ്രാദേശിക നേതാക്കളേയും ലീഗ് പ്രവര്‍ത്തകരേയും വീട്ടിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ഔഫിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. മുനവറി തങ്ങളെ മാത്രമാണ് വീട് സന്ദര്‍ശനത്തിന് അനുവദിച്ചത്. ശേഷം തങ്ങള്‍ ഔഫിന്റെ ഖബറിടത്തിലെത്തി പ്രാര്‍ത്ഥനയും നിര്‍വഹിച്ചാണ് മടങ്ങിയത്.