ജിദ്ദ- ഗൾഫിൽനിന്ന് മടങ്ങുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും അടിയന്തര പ്രാധാന്യമുള്ള വിഷയമായി കണ്ട് അനിവാര്യമായ നടപടികൾ സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് മുഖ്യ അജണ്ടകളിലൊന്നായി ഈ വിഷയം പരിഗണിക്കും. പാർലമെന്റിൽ വിഷയം നേരത്തെ ഉന്നയിച്ചിരുന്നുവെന്നും വീണ്ടും ഇത് ഉന്നയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികളുടെ പ്രശ്‌നങ്ങൾ കൂടിക്കൂടി വരികയാണ്. അതിനെ വിൽ പവറോടെ നേരിടണം. വലിയൊരു സാമൂഹ്യ പ്രശ്‌നമായി ഇതു വളരാം. വിദേശത്ത് അവസരം നഷ്ടപ്പെട്ടാൽ പകരം നാട്ടിൽ അവസരം കിട്ടുമെന്ന സാഹചര്യം ഉണ്ടാക്കണം. അതിനാൽ ഇതുവരെയുണ്ടായിരുന്ന സമീപനങ്ങൾ മാറ്റി ആലസ്യം വെടിഞ്ഞ് സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും മുന്നോട്ടു വരണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
ഹാദിയ വിഷയത്തിൽ കേന്ദ്ര ദേശീയ വനിതാ കമ്മീഷന്റേത് വ്യക്തമായ ഇടപെടലാണ്. സ്വാധീനിക്കാൻ വന്നതുപോലെയാണ് തോന്നുക. എന്തുകൊണ്ട് സംസ്ഥാന വനിതാ കമ്മീഷന് സാധിക്കുന്നില്ല. ഇത്രയേറെ ശ്രദ്ധിക്കപ്പെട്ട ഒരു വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഒരു പങ്കുമില്ലേ. കേരളത്തിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതിനൊക്കെ മറുപടി പറയാനുള്ള ബാധ്യത സംസ്ഥാന സർക്കാരിനുണ്ട്. ഈ വിഷയത്തിൽ മുസ്‌ലിം ലീഗ് കരുതലോടെയാണ് നിലപാട് സ്വീകരിച്ചതെന്നും ഗുരുതരമായ പ്രശ്‌നങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ വശങ്ങളും നോക്കി മാത്രമേ മുസ്‌ലിം ലീഗ് ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കാറുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗെയിൽ വാതക പൈപ്പ് ലൈനിൽനിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നതാണ് ലീഗിന്റേയും യു.ഡി.എഫിന്റെയും സമീപനം. അതല്ലെങ്കിൽ പദ്ധതിയുമായി സഹകരിക്കില്ല. ജനവാസ കേന്ദ്രങ്ങൾ പറ്റില്ലെന്ന നിലപാടാണ് യു.ഡി.എഫ് സർക്കാർ സ്വീകരിച്ചിരുന്നത്. ഒന്നിലധികം തവണ ഇക്കാര്യം അധികൃതരെ അറിയിച്ചിരുന്നു. പക്ഷേ, ഇക്കാര്യത്തിൽ കമ്പനിയുടെ ലാഭ നഷ്ടങ്ങൾ നോക്കി കേന്ദ്രസർക്കാരും കമ്പനിയും അനങ്ങാപ്പാറ നയത്തിലാണ്. ഗെയിൽ വിഷയത്തിൽ ആരുടെയെങ്കിലും അജണ്ടകൾ ലീഗ് ഏറ്റെടുക്കില്ലെന്നും ആരെങ്കിലും നടത്തുന്ന സമരത്തിൽ കൊടിയുമായി നിൽക്കേണ്ട ഗതികേട് ലീഗിനില്ലെന്നും ചോദ്യത്തിനു മറുപടിയായി പറഞ്ഞു. തികഞ്ഞ ഗൗരവത്തോടെയും ജനാധിപത്യ മാർഗങ്ങളിലൂടെയുമാണ് മുസ്‌ലിം ലീഗ് ഇക്കാര്യത്തിൽ ഇടപെടലുകൾ നടത്തുന്നത്. കാര്യം പറയുന്നവരെ തീവ്രവാദികളെന്നു വിളിച്ചാൽ പരിഹാരം സാധ്യമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മതേതര വോട്ടുകളുടെ ഏകീകരണത്തിന് മുസ്‌ലിം ലീഗ് ശ്രമിക്കും. ഗുജറാത്തിലും കർണാടകയിലും കോൺഗ്രസ് ഭരണത്തിൽ വരുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളിൽ മതേതര കക്ഷികളെല്ലാം പങ്കാളികളാണ്. ബി.ജെ.പിക്കെതിരായ മതേതര മഹാസഖ്യം എന്ന നിലപാടിലേക്ക് ഇന്ത്യയിലെ ചെറുതും വലുതുമായ എല്ലാ പാർട്ടികളും എത്തിച്ചേരുന്നുണ്ട്. ഇതിനായി ചർച്ചകൾ തുടരുകയാണ്. ഇക്കാര്യത്തിൽ സി.പി.എം സ്വീകരിച്ച നിസ്സഹകരണ നിലപാടിൽ മാറ്റമുണ്ടാകണം. തെറ്റായ കേന്ദ്ര നയങ്ങൾ രാജ്യത്തെ ദുർബലമാക്കിക്കൊണ്ടിരിക്കുകയാണ്. അടുത്ത സൂപ്പർ പവർ എന്ന നിലയിലാണ് വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഇന്ത്യയെ പരിചയപ്പെടുത്തിയിരുന്നത്. ഇന്ന് ആ സാഹചര്യം മാറി. മൂല്യങ്ങളിലും നിലപാടുകളിലും മാറ്റം വന്നു. മതേതരത്വം, ചേരിചേരാ നയം തുടങ്ങിയ കാര്യങ്ങളിൽ പിറകോട്ടു പോയി. ഡിജിറ്റൽ ഇന്ത്യക്കു വേണ്ടിയുള്ള ശ്രമങ്ങളിൽ സാധാരണക്കാരെ പരിഗണിച്ചില്ല. നോട്ട് നിരോധനം ഏറ്റവും ബാധിച്ചത് സാധാരണ ജനങ്ങളെയാണ്. ഈ നയം തുടരുന്നത് ആപത്താണെന്ന് അദ്ദേഹം വിശദീകരിച്ചു.
കോഴിക്കോട് ഇടത്തരം വിമാനങ്ങൾ വൈകാതെ ഇറങ്ങുന്ന സ്ഥിതിയിലേക്കു വരും. ഇതിനായി പലവിധ സമ്മർദങ്ങൾ തുടരുകയാണെന്നും അതിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സോളാർ വിഷയം കൊണ്ട് കേരളത്തിലെ രാഷ്ട്രീയ രംഗത്തെ ആകെ തിരിച്ചു കളയാമെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അതു നടക്കാൻ പോകുന്നില്ല. സോളാർ എന്താണെന്ന് ജനങ്ങൾക്കൊക്കെ അറിയാം. കേരള രാഷ്ട്രീയത്തിൽ അതു വിലപ്പോകാൻ പോവുന്നില്ല. സോളാർ കത്തിത്തീരുമ്പോൾ ഉമ്മൻ ചാണ്ടിയും യു.ഡി.എഫും ഒന്നുകൂടി ശക്തരാവുകയേയുള്ളൂവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മീഡിയ ഫോറം പ്രസിഡന്റ് പി.എം മായിൻകുട്ടി സ്വാഗതവും ജനറൽ സെക്രട്ടറി സാദിഖലി തുവ്വൂർ നന്ദിയും പറഞ്ഞു.