ഈരാറ്റുപേട്ട - കഴിഞ്ഞ കാലാവധിയിൽ സ്ഥിരതയില്ലാത്ത ഭരണസമിതികൾ മൂലം പ്രതിസന്ധിയിലായ ഈരാറ്റുപേട്ട നഗരസഭയിൽ ഇക്കുറി സുഹ്‌റ അബ്ദുൽ ഖാദർ ചെയർപേഴ്‌സ നായേക്കും.
യു.ഡി.എഫിന് മേൽക്കൈ ലഭിച്ചതോടെയാണ് മുസ്‌ലിം ലീഗ് പ്രതിനിധിയായ ഇവർക്ക് സാധ്യതയേറിയത്. നേരത്തെ ഗ്രാമ പഞ്ചായത്തായിരുന്നപ്പോൾ പ്രസിഡന്റ് പദവിയിലിരുന്ന ഭരണപരിചയവും ഇവർക്ക് തുണയാകും.
മുന്നണിയിലെ രണ്ടാം കക്ഷിയായ കോൺഗ്രസിനാണ് വൈസ് ചെയർമാൻ സ്ഥാനം. മുതിർന്ന കോൺഗ്രസ് നേതാവ് അഡ്വ. മുഹമ്മദ് ഇല്യാസിനാണ് സാധ്യത.
ഇടതുമുന്നണിയുടെ ചെയർപേഴ്‌സൻ സ്ഥാനാർഥിയായി തെക്കേക്കരയിൽനിന്നുള്ള സുഹാന ജി.എസ് മത്സരിക്കുമെന്നാണ് അറിയുന്നത്. എന്നാൽ ഇടതുപക്ഷം ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
എന്നാൽ കൂടുതൽ അംഗങ്ങളുള്ള യു.ഡി.എഫിനെതിരെ പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി പാർട്ടികൾ രംഗത്തെത്തുന്നതായ അഭ്യൂഹം ഭീഷണിയാകുമോ എന്ന് ഉറ്റുനോക്കുകയാണ് നാട്ടുകാർ. യു.ഡി.എഫ് വിരുദ്ധ വോട്ടുകൾ ഏകീകരിച്ച് പൊതു സ്ഥാനാർഥിയെ നിർത്തി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള അണിയറ നീക്കങ്ങളാണ് നടക്കുന്നത്. ബി.ജെ.പി അല്ലാത്ത ഏത് പാർട്ടിയുമായി സഖ്യമാകാമെന്ന നിലപാട് പ്രഖ്യാപിച്ച് അഞ്ച് അംഗങ്ങളുള്ള എസ്.ഡി.പി.ഐ ആണ് ആദ്യം രംഗത്തെത്തിയത്. എസ്.ഡി.പി.ഐക്ക് രാഷ്ട്രീയമായി ഗുണമുണ്ടാകുന്ന ആരുമായും ചേർന്ന് ഭരണ സമിതി രൂപീകരിക്കാൻ തയാറാണെന്ന് എസ്.ഡി.പി.ഐ പാർലമെന്ററി പാർട്ടി നേതാവ് അൻസാരി ഈലക്കയം പറഞ്ഞു. ഒമ്പത് അംഗങ്ങളുള്ള എൽ.ഡി.എഫുമായി ചേർന്ന് ഭരണം പിടിക്കാനാണ് എസ്.ഡി.പി.ഐ നീക്കം.
എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഇങ്ങനെയൊരു പരീക്ഷണത്തിന് സി.പി.എം തയാറാകുമോ എന്ന കാര്യവും സംശയമാണ്.
28 അംഗ നഗരസഭാ കൗൺസിലിൽ യു.ഡി.എഫിൽ ലീഗ് 08, കോൺഗ്രസ് 04, യു.ഡി.എഫുമായി ചേർന്ന് മത്സരിച്ച വെൽഫെയർ പാർട്ടി 02 എന്നിങ്ങനെയാണ് സീറ്റ് നില. എൽ.ഡി.എഫിൽ സി.പി.എം 07, സി.പി.ഐ, കേരളാ കോ ൺഗ്രസ് ജോസ് വിഭാഗം ഒന്ന് വീതം എന്നിങ്ങനെയാണ് സീറ്റ് നില. എസ്. ഡി.പി.ഐക്ക് അഞ്ച് സീറ്റുകളുമുണ്ട്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് നഗരസഭാ കൗൺസിൽ ഹാളിലാണ് നഗരസഭാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.