പാലക്കാട്- സന്ദർശകർക്ക് കർശനമായ വിലക്കുകൾ ബാധകമാക്കിയതോടെ നെല്ലിയാമ്പതി വിനോദസഞ്ചാര മേഖല കടുത്ത പ്രതിസന്ധിയിൽ. കഴിഞ്ഞയാഴ്ച സീതാർകുണ്ട് വ്യൂ പോയന്റിൽ നിന്ന് കാൽ തെറ്റി വീണ് ഒരു യുവാവ് മരിച്ചതിനെത്തുടർന്നാണ് സഞ്ചാരികൾക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. സീതാർകുണ്ട് വ്യൂ പോയന്റിലേക്കുള്ള പ്രവേശനം അധികൃതർ പൂർണമായും തടഞ്ഞിരിക്കുകയാണ്. മറ്റൊരു പ്രധാന ആകർഷണ കേന്ദ്രമായിരുന്ന മാൻപാറയിൽ ആറു വർഷം മുമ്പ് നടന്ന സമാനമായ മറ്റൊരു അപകടത്തെത്തുടർന്ന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇനിയും നീക്കിയിട്ടില്ല. ഇതോടെ സംസ്ഥാനത്തെ ഏറ്റവും മികച്ച ഹൈറേഞ്ച് വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ നെല്ലിയാമ്പതിയിലെത്തുന്നവർ നിരാശയോടെ മടങ്ങിപ്പോകേണ്ടിവരികയാണ്.
കോവിഡ് കാലത്തെ കടുത്ത പ്രതിസന്ധിക്കു ശേഷം പച്ച പിടിച്ചു വന്ന വിനോദ സഞ്ചാര മേഖലയിലെ തിരിച്ചടിക്കെതിരേ ശക്തമായ ജനവികാരമാണ് ഉയരുന്നത്. നെല്ലിയാമ്പതിയുടെ കവാടമായ പോത്തുണ്ടിയിൽ വനംവകുപ്പ് പരിശോധന കർശനമാക്കി. ഉച്ച തിരിഞ്ഞ് മൂന്നു മണിക്കു ശേഷം സന്ദർശകരുടെ വാഹനങ്ങൾ കടത്തി വിടുന്നില്ല. വൈകിട്ട് അഞ്ചരക്ക് മുമ്പ് തിരിച്ചിറങ്ങണം എന്നാണ് നിർദേശം. സീതാർകുണ്ട് വ്യൂ പോയന്റിൽ സെൽഫിയെടുക്കുന്നതിനിടയിലാണ് രണ്ടു യുവാക്കൾ കാൽ തെറ്റി കൊക്കയിലേക്ക് വീണത്. ഒരാൾ ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.
നെല്ലിയാമ്പതിയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യൂ പോയന്റാണ് സീതാർകുണ്ടിലേത്. അവിടെയുള്ള ഒറ്റനെല്ലി മരത്തെപ്പോലെ ഫോട്ടോക്ക് ഫ്രെയിം ആയ മറ്റൊരു വസ്തു കേരളത്തിൽ ഉണ്ടാകാനിടയില്ല. സീതാർകുണ്ടിൽ നിന്നുള്ള കൊല്ലങ്കോട് താഴ്‌വരയുടെ കാഴ്ച ഏറെ മോഹിപ്പിക്കുന്നതാണ്. 50 മീറ്റർ അകലെ വരെ സ്വന്തം വാഹനത്തിൽ എത്താം എന്നതാണ് ഈ സ്ഥലത്തെ സന്ദർശകർക്ക് ഏറെ പ്രിയങ്കരമാക്കുന്നത്. കവാടത്തിൽ പ്രവേശനം നിഷേധിച്ചുകൊണ്ട് ബോർഡ് സ്ഥാപിച്ചതൊഴിച്ചാൽ തുടർനടപടികളൊന്നും വനംവകുപ്പിന്റേയോ വിനോദസഞ്ചാര വകുപ്പിന്റേയോ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ഇതോടെ സീതാർകുണ്ടിൽ നിന്ന് വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിയും ഇല്ലാതായി. അതിരപ്പിള്ളിയിലും വാഴച്ചാലിലും ചെയ്ത പോലെ വേലികൾ സ്ഥാപിച്ചും സുരക്ഷാ ഗാർഡുകളെ നിയോഗിച്ചും സന്ദർശകർക്ക് സൗകര്യമൊരുക്കണം എന്നതാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. എന്നാൽ ഇക്കാര്യത്തിൽ ആലോചനകളൊന്നും തുടങ്ങിയിട്ടില്ല.
സീതാർകുണ്ടിനേയും മാൻപാറയുടെ വിധിയാണ് കാത്തിരിക്കുന്നത് എന്നതാണ് പ്രദേശവാസികളുടെ ആശങ്ക. അപകടമുണ്ടാകുന്നതു വരെ നെല്ലിയാമ്പതിയിലെത്തുന്നവരുടെ പ്രിയപ്പെട്ട സ്ഥലമായിരുന്നു മാൻപാറ. ഫോർ വീൽ ജീപ്പിൽ പാറക്കെട്ടുകൾക്ക് മുകളിലൂടെ അങ്ങോട്ടുള്ള യാത്ര സാഹസിക സഞ്ചാരം ഇഷ്ടപ്പെടുന്നവർക്ക് നല്ല അനുഭവമായിരുന്നു. മലമുകളിൽ നിന്ന് തമിഴ്‌നാടിന്റെ വിദൂര ദൃശ്യം കാണാനാകുന്ന മാൻപാറയിലേക്ക് ദിവസേന ശരാശരി നൂറിലേറെ ജീപ്പുകളാണ് സർവീസ് നടത്തിയിരുന്നത്. പറമ്പിക്കുളം വനമേഖലയോട് ചേർന്നുള്ള പ്രദേശമാണിത്. സുരക്ഷാ ക്രമീകരണങ്ങൾക്കു ശേഷം മാൻപാറ സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്നായിരുന്നു അന്നത്തെ പ്രതീക്ഷ. എന്നാൽ അതിനെക്കുറിച്ച് അധികൃതരുടെ ഭാഗത്തു നിന്ന് ഒരു വിശദീകരണവും പിന്നീട് ഉണ്ടായില്ല.
വിലക്കുകൾക്കിടയിലും നെല്ലിയാമ്പതിയിൽ ഇപ്പോഴും അപകടം പതിയിരിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. കാരാേശ്ശരി ആനമട ഭാഗത്തേക്ക് ഇപ്പോഴും സന്ദർശകർക്കായി ജീപ്പ് സർവീസ് ഉണ്ട്. പോത്തുണ്ടി മുതൽ കുതിരാൻ മല വരെയുള്ള വിദൂരദൃശ്യം കാണാൻ കഴിയുന്ന കേശവൻ പാറയിലും വിലക്ക് വന്നിട്ടില്ല. ഈ സ്ഥലങ്ങളിലും സമാനമായ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ട്. ഏറെക്കാലമായി ഒരുവശം തൂങ്ങി അപകടാവസ്ഥയിൽ നിലനിൽക്കുന്ന കാരപ്പാറ തൂക്കുപാലത്തിലൂടെ യാത്ര ചെയ്യുന്നതിനും തടസ്സമൊന്നുമില്ല.
പ്രകൃതിഭംഗിയിലും കാലാവസ്ഥയിലും ഊട്ടി, മുന്നാർ തുടങ്ങിയ പ്രദേശങ്ങളോട് കിടപിടിക്കുന്ന നെല്ലിയാമ്പതിയിലെ വിനോദസഞ്ചാര വികസനത്തിന് നിരവധി രൂപരേഖകൾ തയാറാക്കിയിട്ടുണ്ട്. പറമ്പിക്കുളത്തെ മാതൃകയിൽ പൂർണമായും വനംവകുപ്പിന്റെ നിയന്ത്രണത്തിൽ സഞ്ചാരികൾക്ക് സൗകര്യങ്ങളൊരുക്കുക എന്ന നിർദേശവും ഉയർന്നു വന്നിരുന്നു. പോത്തുണ്ടി ചെക്‌പോസ്റ്റിൽ നിന്നു തന്നെ നിശ്ചിത ഫീസ് ഈടാക്കി നെല്ലിയാമ്പതിയിലെ വിവിധ വ്യൂ പോയന്റുകളിലേക്ക് സന്ദർശകരെ കൊണ്ടുപോകുന്നതായിരുന്നു നിർദിഷ്ട പദ്ധതി. അഞ്ചു കൊല്ലം മുമ്പാണ് വനംവകുപ്പ് ഇതിന്റെ രൂപരേഖ തയാറാക്കിയത്. തുടർനടപടികൾ ഉണ്ടായില്ല. സംസ്ഥാനത്ത് ഏറ്റവും കുറവ് ജനസംഖ്യയുള്ള പഞ്ചായത്തുകളിലൊന്നായ നെല്ലിയാമ്പതിയിലെ ജനങ്ങൾ ഉപജീവനത്തിന് ഏറെക്കുറെ പൂർണമായും വിനോദ സഞ്ചാരത്തെയാണ് ആശ്രയിക്കുന്നത്. എസ്റ്റേറ്റുകൾ അടച്ചു പൂട്ടിയതോടെ അവയിലും നിയന്ത്രണങ്ങൾക്ക് വിധേയമായി സന്ദർശകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്.