മക്ക - വിശുദ്ധ ഹറമിലെത്തുന്ന പ്രായം ചെന്നവരും വികലാംഗരുമായ തീർഥാടകർക്ക് ആവശ്യമായ വീൽചെയറുകൾ മുൻകൂട്ടി ഓൺലൈൻ വഴി ബുക്ക് ചെയ്യാനും ഫീസ് അടയ്ക്കാനും സൗകര്യമൊരുക്കി ഹറംകാര്യ വകുപ്പ് പുറത്തിറക്കിയ 'തനഖുൽ' ആപ് 15,000 ത്തിലേറെ പേർ പ്രയോജനപ്പെടുത്തിയതായി കണക്ക്. ഒക്‌ടോബർ 31 ന് ആണ് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് അബ്ദുറഹ്മാൻ അൽസുദൈസ് ആപ് ഉദ്ഘാടനം ചെയ്ത്. സാദാ വീൽചെയറുകളും ഇലക്ട്രിക് കാർട്ടുകളും ആപ് വഴി മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും.
നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകാനാണ് 'തനഖുൽ' ആപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് വിശുദ്ധ ഹറമിലെ ഗതാഗത സേവന വിഭാഗം മേധാവി ഫഹദ് അൽമാലികി പറഞ്ഞു. മുൻകൂട്ടി വീൽചെയറുകൾ ബുക്ക് ചെയ്യാനും ഫീസ് അടയ്ക്കാനും ആപ് തീർഥാടകരെ സഹായിക്കുന്നു. വീൽചെയർ വിതരണ കേന്ദ്രങ്ങളിലെ തിരക്ക് കുറക്കാനും തീർഥാടകർക്കിടയിൽ സാമൂഹിക അകലം ഉറപ്പു വരുത്താനും ആപ് സഹായിക്കുന്നു. ഉംറ കർമം പൂർണമായും നിർവഹിക്കുന്നതിന് വീൽചെയർ സേവനം പ്രയോജനപ്പെടുത്തൽ, ത്വവാഫിനു മാത്രമായി വീൽചെയർ പ്രയോജനപ്പെടുത്തൽ, സഅ്‌യ് കർമത്തിനു മാത്രമായി വീൽചെയർ പ്രയോജനപ്പെടുത്തൽ, ഇലക്ട്രിക് കാർട്ടുകൾ ഉപയോഗിക്കുന്നവർക്ക് സൗജന്യ ഡ്രൈവർ സേവനം, വികലാംഗർക്കുള്ള സൗജന്യ വീൽചെയർ സേവനം എന്നിവയെല്ലാം ആപ് വഴി മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കുമെന്നും ഫഹദ് അൽമാലികി പറഞ്ഞു.
മുൻകൂട്ടി പണം അടയ്ക്കാനും ആപിൽ സൗകര്യമുണ്ട്. ആപ് വഴി ബുക്ക് ചെയ്ത ശേഷം വീൽചെയർ കൈപ്പറ്റുമ്പോൾ പണം അടയ്ക്കാനും അവസരമുണ്ട്. പുതിയ സേവനം ഇരുപത്തിനാലു മണിക്കൂറും ലഭിക്കും. ആപ്പിൽ പേരും തിരിച്ചറിയൽ കാർഡ് നമ്പറും മൊബൈൽ ഫോൺ നമ്പറും രജിസ്റ്റർ ചെയ്ത് ഒ.ടി.പി നമ്പർ നൽകിയ ശേഷം വീൽചെയർ ആവശ്യമുള്ള തീയതിയും സമയവും നിർണയിക്കുകയാണ് വേണ്ടത്. ത്വവാഫിനു മാത്രമാണോ, അതല്ല സഅ്‌യിനു മാത്രമാണോ അതുമല്ല ത്വവാഫും സഅ്‌യും നിർവഹിക്കാനാണോ വീൽചെയർ ആവശ്യമെന്ന കാര്യവും ഒറ്റ സീറ്റ് ഇലക്ട്രിക് കാർട്ട് ആണോ അതല്ല, ഇരട്ട സീറ്റ് കാർട്ട് ആണോ വേണ്ടതെന്ന കാര്യവും തുടർന്ന് നിർണയിക്കണം. ഡ്രൈവർ സഹിതമാണോ അതല്ല, ഡ്രൈവർ ഇല്ലാതെയാണോ വീൽചെയർ വേണ്ടതെന്ന കാര്യവും പ്രത്യേകം നിർണയിക്കണം. ഓൺലൈൻ വഴിയാണോ ഫീസ് അടയ്ക്കുന്നത് എന്നും വീൽചെയർ കൈപ്പറ്റുമ്പോൾ കാഷ് ആയാണോ ഫീസ് അടയ്ക്കുന്നത് എന്നുമുള്ള കാര്യവും ഇങ്ങനെ നിർണയിക്കണം. ഇതോടെ ബുക്കിംഗ് കൺഫേം ചെയ്തത് അറിയിച്ച് എസ്.എം.എസ് ലഭിക്കും. ബുക്കിംഗ് വിശദാംശങ്ങളും ബുക്കിംഗ് റദ്ദാക്കുന്നതിനുള്ള സൗകര്യവും ഇതിലുണ്ടാകും.