തിരുവനന്തപുരം - ബൗളർമാർക്കായിരുന്നു ആധിപത്യം. കേരളത്തിലെ ആദ്യ രാജ്യാന്തര ട്വന്റി20 യിൽ ഇന്ത്യക്ക് കിരീട വിജയം. കാണികളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ എട്ടോവർ വീതമായി ചുരുക്കിയ കളിയിൽ ന്യൂസിലാന്റിനെ ആറു റൺസിന് തോൽപിച്ച ഇന്ത്യ പരമ്പര 2-1 ന് സ്വന്തമാക്കി. ഏകദിന പരമ്പരയും 2-1 ന് ഇന്ത്യ ജയിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യ അഞ്ചിന് 67 റൺസ് മാത്രം നേടിയപ്പോൾ കിവീസിനായിരുന്നു വിജയ സാധ്യത. എന്നാൽ ചെറിയ സ്‌കോർ ഇന്ത്യൻ ബൗളർമാർ ഉജ്വലമായി പ്രതിരോധിച്ചു. ചാഹൽ രണ്ടോവറിൽ വഴങ്ങിയത് എട്ട് റൺസ് മാത്രം. ബുംറ രണ്ടോവറിൽ ഒമ്പത് റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റെടുത്തു.
ഈർപ്പമുള്ള പിച്ചിൽ നന്നായി പന്തെറിയുകയും ഉജ്വലമായി ഫീൽഡ് ചെയ്യുകയും ചെയ്താണ് ഇന്ത്യയെ സന്ദർശകർ ചെറിയ സ്‌കോറിലൊതുക്കിയത്. ഓരോ ബാറ്റ്‌സ്മാനും നിശ്ചയിച്ചുറപ്പിച്ച പദ്ധതികൾ അവർ സമർഥമായി നടപ്പാക്കിയപ്പോൾ റൺസെടുക്കാൻ ഇന്ത്യ പ്രയാസപ്പെട്ടു. വിരാട് കോഹ്‌ലിയും (6 പന്തിൽ 13) ഹാർദിക് പാണ്ഡ്യയുമുൾപ്പെടെ (10 പന്തിൽ 14 നോട്ടൗട്ട്) ഒരു ബാറ്റ്‌സ്മാനും പൂർണ ആധിപത്യം നേടാനായില്ല. പെയ്‌സ്ബൗളർ ടിം സൗത്തീയും സ്പിന്നർ ഈശ് സോധിയും രണ്ടു വീതം വിക്കറ്റെടുത്തു.