റിയാദ്- അറബ് പത്രങ്ങളിൽവന്ന വാർത്തയുടെ ചുവടുപിടിച്ചായിരുന്നു സൗദിയിൽ വിദേശ തൊഴിലാളികളുടെ ആശ്രിതർക്ക് ലെവി ഏർപ്പെടുത്തിയത് പിൻവലിച്ചുവെന്ന പ്രചാരണമുണ്ടായത്. സോഷ്യൽ മീഡിയകളിൽ ഇത് സംബന്ധിച്ച പ്രചാരണം കാട്ടുതീ പോലെ പരക്കുകയും ചെയ്തു. എന്നാൽ ഈ സന്തോഷത്തിന് മണിക്കൂറുകളുടെ ആയുസ് മാത്രമാണുണ്ടായിരുന്നത്.
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കും വിദേശ തൊഴിലാളികളുടെ ആശ്രിതർക്കുമുള്ള ലെവികളിൽ യാതൊരുവിധ ഭേദഗതികൾക്കും നീക്കമില്ലെന്ന ധനമന്ത്രാലയത്തിന്റെ സ്ഥിരീകരണം വന്നതോടെ വിദേശികൾ നിരാശയിലായി. സന്തുലിത ബജറ്റ് ലക്ഷ്യം നേടുന്നത് നീട്ടിവെക്കുമെന്നും മിച്ചവും കമ്മിയുമില്ലാത്ത സന്തുലിത ബജറ്റ് ലക്ഷ്യം മുൻനിർത്തിയുള്ള സാമ്പത്തിക പരിഷ്കരണങ്ങൾക്ക് വേഗം കുറക്കുമെന്നും ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ ദിവസങ്ങൾക്കു മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഇത് തെറ്റായ രീതിയിൽ വിശദീകരിച്ചാണ് വിദേശ തൊഴിലാളികൾക്കും ആശ്രിതർക്കുമുള്ള ലെവിയിൽ ഭേദഗതികൾ വരുത്താൻ സാധ്യതയുണ്ടെന്ന നിലക്ക് റിപ്പോർട്ടുകൾ പ്രചരിച്ചത്. ലെവിയിൽ ഭേദഗതികൾ വരുത്തുന്നതിന് ഒരു നീക്കവുമില്ലെന്ന് ധനമന്ത്രാലയം പറഞ്ഞു.
വിദേശികൾക്കും ആശ്രിതർക്കും നേരത്തെ പ്രഖ്യാപിച്ച ലെവിയിൽ ഒരുവിധ ഭേഗദതികളും വരുത്തിയിട്ടില്ല. ലെവി നീട്ടിവെക്കുമെന്നും പ്രഖ്യാപിച്ചിട്ടില്ല. ലെവിയുമായി ബന്ധപ്പെട്ട് പുതുതായി ഒരു പ്രസ്താവനയും ധനമന്ത്രാലയം നടത്തിയിട്ടില്ല. ധന സന്തുലന പദ്ധതിയിൽ ഭേദഗതികൾ വരുത്തുമെന്നാണ് ധനമന്ത്രി പ്രസ്താവിച്ചത്. ഇതേക്കുറിച്ച് പുതിയ ബജറ്റ് പ്രഖ്യാപിക്കുന്നതിനു മുമ്പായി അറിയിക്കും. 2020 ഓടെ സന്തുലിത ബജറ്റ് കൈവരിക്കുക എന്നത് ലക്ഷ്യമല്ലെന്നാണ് ധനമന്ത്രി പറഞ്ഞത്. സുസ്ഥിര ധന പരിഷ്കരണമാണ് ലക്ഷ്യമിടുന്നത്. അനുയോജ്യമായ വളർച്ചാ അനുപാതം നിലനിർത്തുന്നതിന് സന്തുലിത ബജറ്റ് ലക്ഷ്യം നേടൽ 2023 വരെ നീട്ടിവെക്കാവുന്നതാണ്. അടുത്ത വർഷം കൂടുതൽ മികച്ച സാമ്പത്തിക വളർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് മുഹമ്മദ് അൽജദ്ആൻ വെളിപ്പെടുത്തിയതെന്ന് ധനമന്ത്രാലയം പറഞ്ഞു.
പെട്രോളിതര മേഖലയിൽ നിന്നുള്ള വരുമാനം വർധിപ്പിച്ച് സന്തുലിത ബജറ്റ് എന്ന ലക്ഷ്യം നേടൽ മൂന്നു വർഷത്തേക്ക് നീട്ടിവെച്ചേക്കുമെന്ന് ധനമന്ത്രി പ്രസ്താവിച്ചത് വിദേശ തൊഴിലാളികൾക്കുള്ള ലെവിയിലും ആശ്രിത ലെവിയിലും ഭേദഗതികൾ വരുത്തുകയോ നീട്ടിവെക്കുകയോ ചെയ്തേക്കുമെന്ന പ്രതീക്ഷ വിദേശികളിൽ ഉണ്ടാക്കിയിരുന്നു. വിദേശ തൊഴിലാളികളുടെ സ്പോൺസർഷിപ്പിൽ കഴിയുന്ന കുടുംബാംഗങ്ങൾക്ക് കഴിഞ്ഞ ജൂലൈ മുതൽ മാസത്തിൽ 100 റിയാൽ വീതം ലെവി ബാധകമാക്കിയിട്ടുണ്ട്. 2018 ജൂലൈ മുതൽ ഇത് 200 റിയാലും 2019 ജൂലൈ മുതൽ 300 റിയാലും 2020 ജൂലൈ മുതൽ 400 റിയാലും ആയി വർധിക്കും.
Also Read: ആശ്രിത ലെവി പിന്വലിക്കില്ല; പ്രചാരണം നിഷേധിച്ച് സൗദി ധനമന്ത്രാലയം
ഇതോടൊപ്പം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കുള്ള ലെവിയും കുത്തനെ ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ സൗദി ജീവനക്കാരുടെ എണ്ണത്തേക്കാൾ കൂടുതലുള്ള വിദേശികൾക്ക് പ്രതിമാസം 200 റിയാൽ വീതമാണ് നിലവിൽ ലെവി. ഇത് അടുത്ത വർഷം മുതൽ 400 റിയാലും 2019 മുതൽ 600 റിയാലും 2020 മുതൽ 800 റിയാലും ആയി വർധിക്കും. ഇതോടൊപ്പം സൗദി ജീവനക്കാരുടെ എണ്ണത്തേക്കാൾ കുറവുള്ള വിദേശികൾക്കും ലെവി ബാധകമാക്കും. ഇവർക്ക് 2018 മുതൽ 300 റിയാലും 2019 മുതൽ 500 റിയാലും 2020 മുതൽ 700 റിയാലുമാണ് പ്രതിമാസം ലെവിയായി അടയ്ക്കേണ്ടത്.
അതിനിടെ, ലെവി അടക്കേണ്ട രീതി വിശദീകരിച്ച് ജവാസാത്തും രംഗത്തെത്തി. കഴിഞ്ഞ ജൂലൈ ഒന്നു മുതൽ വിദേശികളുടെ ആശ്രിതർക്ക് ലെവി അടക്കണമെന്നത് മന്ത്രിസഭ തീരുമാനമാണെന്നും ഒരു വർഷത്തേക്ക് അഡ്വാൻസായി മുഴുവൻ തുകയും അടക്കണമെന്നും ജവാസാത്ത് വിദേശികളെ ഓർമ്മിപ്പിച്ചു.
വിദേശികൾ ഇഖാമ എടുക്കുമ്പോഴോ പുതുക്കുമ്പോഴോ റീ എൻട്രി അടിക്കുമ്പോഴോ ആണ് ലെവി അടക്കേണ്ടത്. ഈ രണ്ടു സേവനങ്ങൾ ലഭിക്കാനും ലെവി അടച്ചിരിക്കണം. ഇഖാമയുടെ കാലാവധിക്കനുസരിച്ചാണ് ആശ്രിതരുടെ ലെവി അടക്കേണ്ടതെന്നും ഓരോ ആശ്രിതന്റെയും പേരിൽ സ്വന്തമായും എല്ലാവരുടെയും പേരിൽ ഒന്നിച്ചായും അടക്കാവുന്നതാണ്.
ഫൈനൽ എക്സിറ്റ് അടിക്കുമ്പോഴും ലെവി അടക്കണം. മന്ത്രിസഭ അംഗീകരിച്ച് ലെവി നടപ്പാക്കിയ തിയ്യതി മുതൽ ഫൈനൽ എക്സിറ്റിനുള്ള രണ്ടു മാസത്തേക്ക് കൂടി ലെവി ബാധകമാണ്. ഫൈനൽ എക്സിറ്റിന്റെ കാലാവധി ഇഖാമയുടെ കാലാവധിയേക്കാൾ അധികമാണെങ്കിൽ അധികമുള്ള ദിവസങ്ങളിലെ ലെവി കൂടി അടക്കണം.
താബിഈൻ എന്ന് പറയപ്പെടുന്ന ഭാര്യ, പെൺകുട്ടികൾ, 18 വയസ്സിന് താഴെയുള്ള ആൺ കുട്ടികൾ മുറാഫിഖീൻ എന്നറിയപ്പെടുന്ന 18 വയസ്സിന് മുകളിലുള്ള ആൺകുട്ടികൾ, രണ്ടാം ഭാര്യ, മൂന്നാം ഭാര്യ, നാലാം ഭാര്യ, മാതാപിതാക്കൾ, ഭാര്യയുടെ മാതാപിതാക്കൾ, വീട്ടുജോലിക്കാർ എന്നിവരെയാണ് ആശ്രിതരായി കണക്കാക്കുകയെന്ന് ജവാസാത്ത് വ്യക്തമാക്കി. വിദേശിയുടെ പേരിൽ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത വിദേശിയുടെ പേരിലും ആശ്രിത ലെവി അടക്കണം.