റിയാദ് - ഈ വർഷം ആദ്യത്തെ പത്തു മാസത്തിനിടെ സൗദി അറേബ്യയുടെ വിദേശ വ്യാപാരത്തിൽ വൻ ഇടിവ്. വിദേശ വ്യാപാരത്തിൽ 27.6 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. പത്തു മാസത്തിനിടെ വിദേശ വ്യാപാരം 934.5 ബില്യൺ റിയാലായി കുറഞ്ഞു. കഴിഞ്ഞ കൊല്ലം ഇതേ കാലയളവിൽ വിദേശ വ്യാപാരം 1.29 ട്രില്യൺ റിയാലായിരുന്നു. ഈ വർഷം വിദേശ വ്യാപാരത്തിൽ 356.8 ബില്യൺ റിയാലിന്റെ കുറവാണുണ്ടായത്. കൊറോണ വ്യാപനം മൂലം ലോക രാജ്യങ്ങളിൽ നടപ്പാക്കിയ ലോക്ഡൗണുകളും രാജ്യങ്ങൾ അതിർത്തികൾ അടച്ചതും ആഗോള വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചു. ഇതിന്റെ പ്രതിഫലനമാണ് സൗദി അറേബ്യയുടെ വിദേശ വ്യാപാരത്തിലും പ്രകടമായത്.
പത്തു മാസത്തിനിടെ സൗദി അറേബ്യ 134.7 ബില്യൺ റിയാൽ വാണിജ്യ മിച്ചം നേടി. കൊറോണ പ്രത്യാഘാതങ്ങളുടെ ഫലമായി എണ്ണ വില 60.3 ശതമാനം തോതിൽ ഇടിഞ്ഞിട്ടും വാണിജ്യ മിച്ചം നേടാൻ സൗദി അറേബ്യക്ക് സാധിച്ചു. 2019 ആദ്യത്തെ പത്തു മാസത്തിനിടെ വാണിജ്യ മിച്ചം 339.6 ബില്യൺ റിയാലായിരുന്നു.
പത്തു മാസത്തിനിടെ കയറ്റുമതി 34.4 ശതമാനം തോതിൽ കുറഞ്ഞു. പത്തു മാസത്തിനിടെ ആകെ 534.6 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങളാണ് സൗദി അറേബ്യ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കയറ്റുമതി 815.5 ബില്യൺ റിയാലായിരുന്നു.