ഗുരുവായൂർ- ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം നേരം ഇന്നലെ പുലരുമ്പോഴേക്കും മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തു. വൻ പോലിസ് സന്നാഹത്തോടെയാണ് മലബാർ ദേവസ്വം ആഡിറ്റ് ഓഫീസറും കാടാമ്പുഴ എക്‌സിക്യുട്ടീവ് ആഫീസറുമായ ബിജുവിന്റെ നേതൃത്വത്തിൽ മലബാർ ദേവസ്വം ബോർഡിന്റെ ജീവനക്കാരെത്തി ക്ഷേത്രത്തിന്റെ ചുമതല ഏറ്റെടുത്തത്
ഇന്നലെ പുലർച്ചെ 4.30 ന് ക്ഷേത്രനട തുറക്കുന്നതിന് മുമ്പുതന്നെ മൂന്ന് ഡിവൈ.എസ്.പിമാർ, ആറു സി.ഐമാർ എന്നിവരുടെ നേതൃത്വത്തിൽ 30 വനിതാ പോലീസുകാരടക്കം മുന്നൂറോളം പോലീസുകാർ സുരക്ഷ ഒരുക്കാൻ ഉണ്ടായിരുന്നു. നാട്ടുകാരുടെ ഭരണസമിതി നിയമിച്ചിരുന്ന ക്ഷേത്രം മാനേജർ ശ്രീനിവാസനിൽനിന്ന് അമ്പത്തിമൂവ്വായിരത്തി എണ്ണൂറ്റി മൂന്ന് രൂപയും ലോക്കർ, അലമാരകൾ, മേശ എന്നിവയുടെ താക്കോൽക്കൂട്ടവും ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി.
മലബാർ ദേവസ്വംബോർഡ് നടപടികൾ തന്ത്രപൂർവം പുലർച്ചെയാക്കിയതിനാൽ, ക്ഷേത്രം ഏറ്റെടുക്കുന്നതിനെതിരെയുള്ള പ്രതിഷേധക്കാരുടെ തടസ്സങ്ങളൊന്നും ഉണ്ടായില്ല. ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ 21 ന് പോലീസ് സന്നാഹത്തോടെ ബോർഡ് ഉദ്യോഗസ്ഥർ എത്തിയിരുന്നെങ്കിലും ഹിന്ദുഐക്യവേദി പ്രവർത്തകരുടെ ശക്തമായ ചെറുത്തുനിൽപ്പിനെതുടർന്ന് അന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഏറ്റെടുക്കുന്നത് തടയുന്നതിന് കാരണമായി പറഞ്ഞത് സബ് കോടതിയിൽ കേസ് നടക്കുന്നുണ്ടെന്നും അതിന്റെ വിധി വരട്ടെയെന്നു മായിരുന്നു. എന്നാൽ പിന്നീട് സബ് കോടതി വിധിയും ദേവസ്വം ബോർഡിന് അനുകൂലമായി.
തൃശൂർ അഡ്മിനിസ്‌ട്രേഷൻ സ്‌പെഷൽ ബ്രാഞ്ച് എ സി പി എം.കെ. ഗോപാലകൃഷ്ണൻ, ഗുരുവായൂർ അസി. പോലീസ് കമ്മീഷണർ പി.എ. ശിവദാസ്, ഡിവൈ.എസ്.പി ടി.എസ്. സിനോജ്, സർക്കിൾ ഇൻസ്‌പെക്ടർമാരായ യു.എച്ച്. സുനിൽ ദാസ്, ഇ. ബാലകൃഷ്ണൻ, ബി. സന്തോഷ്, കെ.സി. സേതു, ജെ. മാത്യു, കെ.കെ. സജീവ്, വനിതാ സെൽ സി.ഐ: ബി. ശുഭാവതി, ചാവക്കാട് തഹസിൽദാർ കെ. പ്രേംചന്ദ്, ഡെപ്യുട്ടി തഹസിൽദാർ ടി.കെ. ഷാജി തുടങ്ങിയവർ ക്ഷേത്രം ഏറ്റെടുക്കുന്ന സമയത്തുണ്ടായിരുന്നു. തൃശൂർ എ.ഡി.എം രാവിലെ ഗുരുവായൂരിൽ എത്തി സ്ഥിഗതികൾ വിലയിരുത്തി. നിയന്ത്രണാതീതമായ വിധം അനിഷ്ട സംഭവങ്ങളുണ്ടായാൽ അതിനെ നേരിടാൻ ജലപീരങ്കി, ഗ്രനേഡ് അടക്കമുളള സുരക്ഷാ സംവിധാനങ്ങളും പോലീസ് ഒരുക്കിയിരുന്നു
അതെ സമയം നടപടിയിൽ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി ഇന്ന് തൃശൂർ ജില്ലയിൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.