കോവിഡ് പ്രതിസന്ധിയുടെ കാർമേഘങ്ങൾ നീങ്ങി പുതുവർഷം തെളിമയുടേതാകുമെന്ന പ്രതീക്ഷകളിൽ കരിനിഴൽ വീഴ്ത്തിയാണ് 2020 കടന്നു പോകുന്നത്. ലോകത്താകമാനമുള്ള ജനങ്ങൾക്കും 2020 സമ്മാനിച്ചത് നഷ്ടങ്ങളും വേദനകളുമായിരുന്നു. അപ്രതീക്ഷിതമായി വിലപ്പെട്ടത് പലതും നഷ്ടമായി. അതിന് അതിർത്തികളുടെയും ജാതി, മത വംശീയതയുടെയൊന്നും വ്യത്യാസമുണ്ടായിരുന്നില്ല. കോവിഡ് 19 എന്ന മഹാമാരി ജീവിതത്തെ ഒട്ടേറെ കാര്യങ്ങൾ പഠിപ്പിച്ചുവെങ്കിലും എവിടെയും കഷ്ടതകളും നഷ്ടങ്ങളുമായിരുന്നു. അതിൽ മറ്റാരേക്കാളും പ്രയാസങ്ങൾ നേരിട്ടതും അനുഭവിച്ചതും പ്രവാസികളായിരുന്നു. കോവിഡ് വാക്സിൻ കണ്ടെത്തുകയും അതിന്റെ ഉപയോഗം ആരംഭിക്കുകയും ചെയ്തു കൊണ്ടിരിക്കേയാണ് അപ്രതീക്ഷിതമായി വീണ്ടും ആശങ്ക തീർത്ത് കോവിഡിന്റെ പുതിയ വകഭേദം പ്രത്യക്ഷപ്പെട്ടത്.
വാക്സിനുള്ളതും രോഗപ്രതിരോധ നടപടികൾ ശക്തവുമാണെന്നതിനാൽ പഴയതു പോലുള്ള ആശങ്കക്ക് വകയില്ലെങ്കിലും വിവിധ രാജ്യങ്ങൾ അതിർത്തികൾ അടക്കുകയും രാജ്യാന്തര വിമാന സർവീസുകൾ വീണ്ടും നിലക്കാൻ തുടങ്ങിയതും പലരുടെയും, പ്രത്യേകിച്ച് പ്രവാസികളുടെ കണക്കുകൂട്ടലുകളെ തകിടം മറിച്ചിരിക്കുകയാണ്. ജനുവരിയോടെ രാജ്യാന്തര വിമാന സർവീസുകൾ പഴയ പടിയാകുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞിരുന്നവർക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
പുതുവർഷത്തിൽ പഴയതു പോലെ പതിവു സർവീസുകൾ ഉണ്ടാകുമെന്നും അപ്പോൾ മടങ്ങാമെന്നുമായിരുന്നു നേരത്തെ അവധിക്കു പോയി നാട്ടിൽ കുടുങ്ങിയവരുടെ പ്രതീക്ഷ. ജനുവരിയോടെ നിർത്തിവെച്ച സർവീസുകളെല്ലാം പുനരാരംഭിക്കുമെന്ന വിമാന കമ്പനികളുടെ പ്രഖ്യാപനമായിരുന്നു ഈ പ്രതീക്ഷക്ക് ആധാരം. അതുപോലെ നാട്ടിൽ പോകാനാവാതെ കഴിഞ്ഞവരും ജനുവരിയിൽ കാര്യങ്ങളെല്ലാം പഴയതു പോലെയാകുമെന്ന കണക്കുകൂട്ടലിൽ അവധിയിൽ കഴിഞ്ഞ ആഴ്ചകളിൽ നാട്ടിലേക്കു പോയിട്ടുമുണ്ട്. ഇവർക്കൊക്കെ പുറമെ അപ്രതീക്ഷിതമായി അതിർത്തികൾ അടച്ചതുമൂലം വിവിധ രാജ്യങ്ങളിൽ കുടുങ്ങുയവർ വേറെയുമുണ്ട്. ഇവരെല്ലാം വൻ പ്രതിസന്ധിയിലാണ് അകപ്പെട്ടിട്ടുള്ളത്. കുറഞ്ഞ ദിവസത്തെ അവധിയിൽ ക്രിസ്മസ്, പുതുവർഷാഘോഷത്തിൽ പങ്കാളികളാകുന്നതിന് അമേരിക്ക, യൂറോപ് രാജ്യങ്ങളിൽനിന്നു കേരളത്തിലെത്തിയവർക്ക് 28 ദിവസം വരെ ക്വാറന്റൈൻ നിർദേശിക്കപ്പെട്ട സാഹചര്യത്തിൽ വീട്ടിൽനിന്നു പുറത്തിറങ്ങാനോ, വിമാനം ഉണ്ടായാൽ തന്നെ നിശ്ചിത ദിവസം മടങ്ങാനോ കഴിയാത്ത പ്രതിസന്ധിയിലാണ് അകപ്പെട്ടിട്ടുള്ളത്. ചുരുക്കിപ്പറഞ്ഞാൽ എല്ലാ നിലക്കും പ്രവാസികൾ ആശങ്കയുടെ മുൾ മുനയിലാണ്.
ഇന്ത്യൻ പ്രവാസികളിൽ നല്ലൊരു പങ്കുമുള്ളത് സൗദി അറേബ്യയിലാണ്.കോവിഡ് പ്രതിസന്ധി ഉടലെടുത്ത നാൾ മുതൽ അവരുടെ പോക്കുവരവ് സുഗമമല്ല. നാട്ടിലേക്കുള്ള യാത്രക്ക് പ്രയാസങ്ങളില്ലെങ്കിലും സൗദിയിലേക്ക് തിരിച്ചുള്ള പ്രവേശനം ക്ലേശകരമാണ്. അതു നീങ്ങുമെന്ന ഘട്ടമെത്തി നിൽക്കേയാണ് ഒരാഴ്ചത്തേക്കാണെങ്കിൽ പോലും അതിർത്തികൾ അടച്ചിട്ടുള്ളത്. ഇതു വീണ്ടും നീട്ടിക്കൂടായ്കയില്ല.
രാജ്യം പുലർത്തുന്ന സൂക്ഷ്മതയുടെയും ജാഗ്രതയുടെയും തെളിവു കൂടിയാണിത്. മറ്റു രാജ്യങ്ങളേക്കാളും കോവിഡ് വ്യാപന നിയന്ത്രണത്തിലും പ്രതിരോധ നടപടികളിലുമെല്ലാംസൗദി വളരെ മുന്നിലാണ്. അതുകൊണ്ടാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 150 ൽ താഴെയായും മരണനിരക്ക് 10 ൽ താഴെയായും മാറിയത്. അതോടൊപ്പം ലോക പ്രശസ്ത കമ്പനിയുടെ കോവിഡ് വാക്സിൻ മറ്റേതൊരു രാജ്യത്തേക്കാളും മുൻപെ രാജ്യത്ത് എത്തിക്കുകയും സ്വദേശി, വിദേശി വ്യത്യാസമില്ലാതെ സൗജന്യമായി പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കുകയും ചെയ്തതും സർക്കാർ ഇക്കാര്യത്തിൽ പുലർത്തുന്ന അതീവ ജാഗ്രതയെയും സൂക്ഷ്മതയെയുമാണ് കാണിക്കുന്നത്. ഇതു പ്രശംസനീയമാണ്.
എന്നാൽ പുതിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയുടെ ഭാഗമായി അപ്രതീക്ഷിതമായി കര, വ്യോമ, നാവിക അതിർത്തികൾ അടച്ചതോടെ സൗദിയിലേക്ക് എത്തിപ്പെടാൻ നാട്ടിൽനിന്ന് പുറപ്പെട്ട് വഴിയിൽ കുടുങ്ങിയവരാണ് മറ്റാരേക്കാളും പ്രയാസത്തിലായത്. ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനം ഇതുവരെ ആരംഭിക്കാത്തതിനാൽ അവധിക്കു പോയി നാട്ടിൽ കുടുങ്ങിയവരിൽ അടിയന്തരമായി മടങ്ങി എത്തേണ്ടവർ യു.എ.ഇ, കുവൈത്ത്, മാലി തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് എത്തിയിരുന്നത്. ഇന്ത്യയിൽനിന്ന് പുറപ്പെട്ട് 14 ദിവസം ഈ രാജ്യങ്ങളിലൊക്കെ തങ്ങി കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് സൗദിയിൽ എത്തിയിരുന്നത്. ഇങ്ങനെ എത്തുന്നതിനായി പുറപ്പെട്ട നൂറുകണക്കിനു പേർ ഇവിടങ്ങളിലെ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. നിശ്ചിത ദിവസത്തെ പാക്കേജിൽ നിശ്ചിത തുക നൽകി എത്തിയിരുന്ന ഇവരിൽ പലരും ക്വാറന്റൈൻ കാലാവധി കഴിഞ്ഞു യാത്രക്കൊരുങ്ങുമ്പോഴാണ് വിമാന സർവീസുകളുടെ വിലക്കുണ്ടായത്. ഇത്തരക്കാരുടെ കൈവശം കൂടുതൽ ദിവസം അവിടെ കഴിയുന്നതിന് ആവശ്യമായ പണം ഉണ്ടാവില്ലെന്നുറപ്പാണ്.
സന്നദ്ധ സംഘടനകളും മനുഷ്യ സ്നേഹികളുമെല്ലാം ഇവരുടെ സഹായത്തിന് എത്തിയിട്ടുണ്ടെങ്കിലും ദിവസങ്ങൾ നീണ്ടു പോയാൽ സഹായങ്ങളും സ്വാഭാവികമായും നിലക്കും. കോവിഡ് പ്രതിസന്ധി വിട്ടകന്നിട്ടില്ലാത്തതും കോവിഡ് കാലത്ത് കൈയയച്ചു സഹായിച്ചതിനാലും ഉദാരമതികളും സന്നദ്ധ സംഘടനകളുമെല്ലാം സാമ്പത്തിക പ്രയാസത്തിലാണ്. അതിനാൽ കൂടുതൽ ദിവസം സഹായങ്ങളെത്തിക്കാൻ സംഘടനകൾക്കുമാവില്ല. ഇങ്ങനെ കുടുങ്ങിയവർ സാമ്പത്തിക ബുദ്ധിമുട്ടു മാത്രമല്ല, വിസ, റീ എൻട്രി കാലാവധി തീരുന്നതുൾപ്പെടെയുള്ള ഗുരുതരമായ മറ്റു നിയമ പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നുണ്ട്.
ഇത്തരമൊരു സഹാചര്യത്തിൽ സർക്കാർ തലത്തിലുള്ള നയതന്ത്ര ഇടപെടലുകളാണ് അവർക്കു വേണ്ടത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ ഇക്കാര്യം ഉണർത്തി വിവിധ കക്ഷി നേതാക്കളും പാർലമെന്റ് അംഗങ്ങളും എം.എൽ.എമാരും അടക്കമുള്ള ജനപ്രതിനിധികൾ നിവേദനങ്ങളും മറ്റും നൽകിയിട്ടുണ്ടെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. സർക്കാരുകൾ ഉണർന്നു പ്രവർത്തിച്ചാൽ മാത്രമേ ഊരാക്കുടുക്കിൽ അകപ്പെട്ടിട്ടുള്ള ഇത്തരക്കാരുടെ പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാവുകയുള്ളൂ. ഇതൊരു പ്രത്യേക വിഷയമായി തന്നെ കണ്ടുകൊണ്ടുള്ള സഹായങ്ങൾ എത്രയും വേഗം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാവണം.