ദക്ഷിണേന്ത്യയിലെ പ്രധാന നേത്ര ചികിത്സാ കേന്ദ്രങ്ങളുള്ള നഗരമാണ് തമിഴുനാട്ടിലെ മധുര. തമിഴുനാടിന്റെ സാംസ്‌കാരിക തലസ്ഥാനത്തിന് ചരിത്ര പ്രാധാന്യവുമുണ്ട്. മീനാക്ഷി ക്ഷേത്രത്തിലേക്കെത്തുന്നവർ വേറെയും. ഉദ്ദേശ്യം എന്തു തന്നെയായാലും തമിഴകത്തെ ഈ പ്രധാന നഗരത്തിൽ എത്തിച്ചേരുകയെന്നത് മലയാളി സമൂഹത്തിന് ഒഴിച്ചുകൂടാനാവാത്ത കാര്യം.
മധുര അരവിന്ദ് കണ്ണാശുപത്രിയിലെ തിരിക്കിലേക്ക് കടന്നുചെന്നാൽ ഏറ്റവും അധികം പേർ സംസാരിക്കുന്നത് മലയാളത്തിൽ. ശസ്ത്രക്രിയക്കായി മധുരയിലെത്തി തിരിച്ചു വരുന്നവർ കുറച്ചു കാലമായി യാത്ര ചെയ്തിരുന്നത് ഏറെ ക്ലേശം സഹിച്ചായിരുന്നു. പത്ത് വർഷം മുമ്പ് പാലക്കാട്-പൊള്ളാച്ചി തീവണ്ടി പാത ബ്രോഡ് ഗേജാക്കാൻ അടച്ചിട്ടത് മുതലാണ് കഷ്ടകാലം തുടങ്ങിയത്. പാലക്കാട് ജംഗ്ഷനിൽ നിന്ന് മധുര, രാമേശ്വരം, പൊള്ളാച്ചി, പഴനി എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തിയിരുന്ന പാസഞ്ചാർ ട്രെയിനുകളെല്ലാം റെയിൽവേ നിർത്തലാക്കി. കോയമ്പത്തൂർ വഴി കറങ്ങി ദിവസം മുഴുവൻ യാത്രയ്ക്കായി മാറ്റിവെച്ച ദുരിത കാലമാണ് പിന്നിട്ടിരുന്നത്. രോഗിയുമായി യാത്ര ചെയ്യുമ്പോൾ ട്രെയിനിൽ ലഭിക്കുന്ന കംഫർട്ട് മറ്റൊരു വാഹനത്തിലുമില്ലെന്നതും വസ്തുതയാണ്. ഗേജ് കൺവെർഷൻ ജോലി പൂർത്തിയാക്കി പാലക്കാട്-പൊള്ളാച്ചി പാത തുറന്ന് കൊടുത്തിട്ട് കുറച്ചു കാലമായി. ഒരാഴ്ച മുമ്പ് പ്രാബല്യത്തിൽ വന്ന പുതിയ ടൈംടേബിളാണ് കേരളത്തിൽ നിന്നുള്ള മധുര യാത്രക്കാർക്ക് ആഹ്ലാദം പകരുന്നത്. ഒ. രാജഗോപാൽ റെയിൽവേ മന്ത്രിയായ കാലത്ത് തുടങ്ങിയ ട്രെയിനാണ് തിരുവനന്തപുരം-പാലക്കാട് അമൃത എക്‌സ്പ്രസ്. പകൽ സമയത്ത് ഒലവക്കോട് ജംഗ്ഷനിൽ വിശ്രമിക്കാനായിരുന്നു ഈ ട്രെയിനിന്റെ നിയോഗം. ഇക്കുറി റെയിൽവേ അധികൃതർ ട്രെയിനിന് തമിഴുനാട്ടിലേക്ക് സർവീസ് നടത്താൻ അനുവാദം നൽകിയിട്ടുണ്ട്. പാലക്കാട്ട് നിന്ന് മധുര വരെ ദീർഘിപ്പിച്ച അമൃത സർവീസ് മധുരയിലേക്കും പഴനിയിലേക്കും പൊള്ളാച്ചിയിലേക്കമുള്ള യാത്രികർക്ക് ഗുണകരമാവും. മറ്റൊരു ട്രെയിൻ കൂടി പാലക്കാട്ടേക്ക് ദീർഘിപ്പിച്ചു. ചെന്നൈ സെൻട്രലിൽ നിന്ന് പഴനി വരെയുള്ള എക്‌സ്പ്രസ് ട്രെയിനിനെയാണ് പാലക്കാട്ടേക്ക് നീട്ടിയത്. പാലക്കാട് ജംഗ്ഷനിൽ രാവിലെ ഏഴിനെത്തുന്ന അമൃത മധുരയിൽ ഉച്ചക്കു 1.10 നാണ് എത്തിച്ചേരുന്നത്. പൊള്ളാച്ചിയിലും പഴനിയിലും മാത്രമാണ് സ്റ്റോപ്പുകൾ. മടക്ക യാത്രയിൽ വൈകുന്നേരം 3.45 ന് മധുരയിൽ നിന്ന് പുറപ്പെട്ട് രാത്രി 9.15 ന് പാലക്കാട്ടെത്തും. മധുര വഴിയുള്ള ചെന്നൈ എക്‌സ്പ്രസ് വൈകുന്നേരം മൂന്നിന് പുറപ്പെടും. ഈ ട്രെയിനിന്റെ മടക്ക യാത്രയിൽ പാലക്കാട്ടെത്തുന്നത് രാവിലെ പതിനൊന്നിനാണ്.