- ജോലി നഷ്ടപ്പെട്ടതും അവധിയിലെത്തിയവർ നാട്ടിൽ കുടുങ്ങിയതും പ്രധാന കാരണം
മലപ്പുറം- ഗൾഫ് നാടുകളിലെ സ്വദേശി വൽക്കരണത്തിന് പിന്നാലെ കോവിഡ് പ്രതിസന്ധി കൂടി പിടിമുറുക്കിയതോടെ സംസ്ഥാനത്ത് ഗൾഫ് പ്രവാസികൾ ഏറെയുള്ള മലപ്പുറം ജില്ലയിൽ പ്രവാസി നിക്ഷേപത്തിൽ ഗണ്യമായ കുറവ്. ജില്ലകളിലെ ബാങ്കുകളിലെ കഴിഞ്ഞ മൂന്നുമാസത്തെ കണക്കനുസരിച്ച് പ്രവാസി നിക്ഷേപത്തിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ബാങ്കുകളിലെ മൊത്തം നിക്ഷേപത്തിൽ വർധനവുണ്ടായപ്പോഴാണ് പ്രവാസി നിക്ഷേപത്തിൽ കുറവു കണ്ടെത്തിയത്.
ഇന്നലെ മലപ്പുറത്ത് ചേർന്ന ജില്ലാ ബാങ്കിംഗ് അവലോകന സമിതി യോഗത്തിൽ സെപ്തംബർ പാദത്തിലെ നിക്ഷേപ നിരക്കിലാണ് പ്രവാസികൾ അയക്കുന്ന പണത്തിന്റെ തോത് കുറഞ്ഞതായി വ്യക്തമായത്. മുൻ പാദത്തെ അപേക്ഷിച്ച് 204 കോടി രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. കോവിഡ് വ്യാപനംമൂലം പലർക്കും ജോലി നഷ്ടപ്പെട്ടതും അവധിയിലെത്തിയവർ നാട്ടിൽ കുടുങ്ങിയതും വ്യാപരത്തിൽ മാന്ദ്യമുണ്ടായതുമാണ് പ്രവാസി നിക്ഷേപം കുറയാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ജില്ലയിൽ ബാങ്കുകളിലെ മൊത്തം നിക്ഷേപത്തിൽ ഇതേകാലയളവിൽ 1691 കോടിയുടെ വർധനവുണ്ടായിട്ടുണ്ട്. 41843 കോടിയാണ് ബാങ്കുകളിലുള്ള നിക്ഷേപം. ഇതിൽ 12531 കോടിയാണ് പ്രവാസി നിക്ഷേപം. കഴിഞ്ഞ പാദത്തിൽനിന്ന് 204 കോടിയുടെ കുറവ്.
61 ശതമാനമാണ് ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം. കേരള ഗ്രാമീണ ബാങ്കിൽ 83 ശതമാനവും കാനറ ബാങ്കിൽ 63 ശതമാനവും എസ്.ബി.ഐയിൽ 32 ശതമാനവും ഫെഡറൽ ബാങ്കിൽ 27 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്കിൽ 48 ശതമാനവുമാണ് വായ്പാ നിക്ഷേപ അനുപാതം.
വാർഷിക ക്രെഡിറ്റ് പ്ലാനിന്റെ 36 ശതമാനവും ജില്ലയിലെ ബാങ്കുകൾക്ക് നേടാനായതായി യോഗത്തിൽ വിലയിരുത്തി. ഈ സാമ്പത്തിക വർഷം മുൻഗണനാ വിഭാഗത്തിൽ 4190 കോടി രൂപയാണ് വിവിധ ബാങ്കുകൾ വായ്പയായി നൽകിയത്. മറ്റു വിഭാഗങ്ങളിൽ 1526 കോടിയും നൽകി. വിവിധ വിഭാഗങ്ങളിലായി 11081 കോടി വായ്പ മുൻഗണനാ വിഭാഗങ്ങളിൽ നൽകാനുള്ള സാധ്യതയും യോഗത്തിൽ വിലയിരുത്തി. അതിൽ 52 ശതമാനം കാർഷിക അനുബന്ധ മേഖലയിലും 34 ശതമാനം എം.എസ്.എം.ഇ മേഖലയിലുമാണ് വിലയിരുത്തുന്നത്. യോഗത്തിൽ സബ് കലക്ടർ കെ.എസ്. അഞ്ജു അധ്യക്ഷത വഹിച്ചു. ജില്ലയിലെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള നബാർഡ് പി.എൽ.പി സബ് കലക്ടർ പ്രകാശനം ചെയ്തു. റിസർവ് ബാങ്ക് മാനേജർ പി.ജി. ഹരിദാസ്, നബാഡ് ഡി.ഡി.എം മുഹമ്മദ് റിയാസ്, കനറാ ബാങ്ക് എ.ജി.എം. ഷീബ സഹജൻ, ലീഡ് ബാങ്ക് മാനേജർ പി.പി. ജിതേന്ദ്രൻ എന്നിവർ സംസാരിച്ചു. ബാങ്ക് പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.