മലപ്പുറം- ലോക്‌സഭാംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്ന മുസ്്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി തീരുമാനം പുനപരിശോധിക്കണമെന്ന് പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ. മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റാണ് മുഈൻ അലി ശിഹാബ് തങ്ങൾ.
എം.പി സ്ഥാനം രാജിവെക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം അപ്രതീക്ഷിതമാണ്. ഈ തീരുമാം നേതാക്കൾക്കും അണികൾക്കും മറുപടി പറയാനാകാത്ത പ്രതിസന്ധിയിലേക്ക് പാർട്ടിയെ എത്തിച്ചിരിക്കുന്നു.
ഇത് പുനപരിശോധിച്ച് പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും സ്വീകാര്യമായ തീരുമാനം എടുക്കാൻ നേതൃത്വം തയ്യാറാകണം. അനുഭാവികൾക്കും സ്വീകാര്യമുള്ള തീരുമാനമാണ് ആഗ്രഹിക്കുന്നത്. ലീഗ് ഏറ്റവും മുന്നേറ്റം നടത്തികൊണ്ടിരിക്കുന്ന സമയമാണിത്. അടുത്ത ആറ് മാസം കൊണ്ട് കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെക്കാൻ സാധിക്കുന്ന ഘട്ടത്തിലാണ് ഇങ്ങനെയൊരു തീരുമാനം വന്നിരിക്കുന്നത്. അതിൽ എല്ലാവരും ദുഃഖിതരാണ്' മൊയീൻ അലി ശിഹാബ് തങ്ങൾ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ലോക്‌സഭാംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കാൻ കുഞ്ഞാലിക്കുട്ടിയോട് പാർട്ടി നേതൃത്വം നിർദ്ദേശിച്ചത്.