അബുദബി- വ്യാഴാഴ്ച മുതല്‍ പുതുതായി ഇളവ് ചെയ്ത കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ക്വാറന്റീന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ ഗ്രീന്‍ പട്ടിക അബുദബി സര്‍ക്കാര്‍ പുറത്തിറക്കി. ഈ പട്ടികയില്‍ ഇന്ത്യ ഇല്ല. രണ്ടാഴ്ചയ്ക്കു ശേഷമെ ഇനി ഈ പട്ടിക്ക പുതുക്കൂ. അപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കും ഈ പട്ടികയില്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്നതും നീക്കം ചെയ്യുന്നതും.
സൗദി അറേബ്യ, ചൈന, മലേഷ്യ, സിംഗപൂര്‍, ഹോങ്കോങ്, തായ്‌വാന്‍, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, മൊറീഷ്യസ്, തജികിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ഗ്രീന്‍ പട്ടികയിലുള്ളത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് യുഎഇ വീസക്കാര്‍ക്കും അബുദബിയിലെത്തിയാല്‍ ക്വാറന്റീന്‍ വേണ്ട. എന്നാല്‍ ഇവിടെ എത്തുന്നതിന് 96 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയ പിസിആര്‍ ടെസ്റ്റ് ഫലം നിര്‍ബന്ധമാണ്.
ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മറ്റെല്ലാ രാജ്യക്കാരും അബുദബിയില്‍ എത്തിയാല്‍ നിര്‍ബന്ധമായും 10 ദിവസം ക്വാറന്റീനില്‍ കഴിയണം. യുഎഇ വിസയുള്ള ഇന്ത്യക്കാര്‍ക്ക് ഐസിഎ ഗ്രീന്‍ സിഗ്നല്‍ ലഭിച്ചിരിക്കണമെന്ന മുന്‍ നിര്‍ബന്ധനയില്‍ മാറ്റമില്ല. ഗ്രീന്‍ സിഗ്നലും 72 മണിക്കൂറിനുള്ളില്‍ ലഭിച്ച പിസിആര്‍ നെഗറ്റീവ് ഫലവും വേണം. അബുദബി വിമാനത്താവളത്തിലും പിസിആര്‍ പരിശോധന ഉണ്ടാകും. ശേഷം 10 ദിവസം ക്വാറന്റീന്‍. ആറാമത്തെ ദിവസവും 12ാം ദിവസവും വീണ്ടും പിസിആര്‍ പരിശോധന നടത്തുകയും വേണം.