മലപ്പുറം- മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിനെ എതിര്‍ക്കുന്നത് ഭയം കൊണ്ടെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
നിലനില്‍പിനെ ബാധിക്കുമെന്ന് കരുതുന്നവരാണ് ഇക്കാര്യത്തില്‍ എതിര്‍പ്പ് ഉന്നയിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു. വ്യക്തികളുടെ സ്ഥാനമാനങ്ങളെക്കാള്‍ യു.ഡി.എഫിന്റെയും ലീഗിന്റെ നേട്ടമാണ് പ്രധാനം. യു.ഡി.എഫിനെ നയിക്കുകയാണ് കുഞ്ഞാലിക്കുട്ടിയുടെ ചുമതലയെന്നും കെ.പി.എ മജീദ് പറഞ്ഞു.
കേരള രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടി മുഴുവന്‍ സമയവും സംസ്ഥാനത്ത് ചെലവഴിക്കേണ്ടത് അത്യാവശ്യമാണ്. ലോക്‌സഭ എം.പിയായി ഇരുന്നുകൊണ്ട് സംസ്ഥാനത്തെ കാര്യങ്ങള്‍ ശ്രദ്ധിക്കുക പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും സ്ഥാനാര്‍ഥി നിര്‍ണയവും സീറ്റ് വിഭജനവും തീരുമാനിക്കാന്‍ സമയമായിട്ടില്ലെന്നും അദ്ദേഹം ചോദ്യത്തിനു മറുപടി നല്‍കി.