Sorry, you need to enable JavaScript to visit this website.

ഒമാൻ വിമാനയാത്രാ വിലക്ക്; ട്രാവൽസുകളിൽ റീ ബുക്കിംഗ് പ്രളയം 

മസ്‌കത്ത്- ഒമാൻ അടക്കമുള്ള ഗൾഫ് രാഷ്ട്രങ്ങൾ വീണ്ടും വിമാന യാത്രാവിലക്ക് ഏർപ്പെടുത്തിയതോടെ ട്രാവൽ ഏജൻസികളിൽ ടിക്കറ്റ് വീണ്ടും ബുക്ക് ചെയ്യണമെന്ന അപേക്ഷകളുടെ പ്രളയം. കോവിഡ് വ്യാപനം വീണ്ടും ഭീഷണി ഉയർത്തിയ പശ്ചാതലത്തിലാണ് ഒരാഴ്ചത്തേക്ക് രാജ്യത്തിന്റെ കര, നാവിക, വ്യോമ അതിർത്തികൾ ഒമാൻ അടച്ചത്. ഇക്കാലയളവിൽ, രാജ്യത്തേക്ക് തിരികെ മടങ്ങാനിരുന്നവരും സ്വന്തം രാജ്യങ്ങളിലേക്ക് യാത്ര പുറപ്പെടാൻ കച്ചകെട്ടിയവരുമായ നിരവധി ഉപയോക്താക്കളാണ് ട്രാവൽസുകളെ നേരിൽ സമീപിച്ചും ഫോണിൽ ബന്ധപ്പെട്ടും ടിക്കറ്റ് മാറ്റി ബുക്ക് ചെയ്യാൻ ആവശ്യപ്പെടുന്നത്. ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസിന്റെ സാന്നിധ്യം ചില യൂറോപ്യൻ രാജ്യങ്ങളിൽ കണ്ടെത്തിയതോടെയാണ് സുപ്രീം കമ്മിറ്റി മേൽ തീരുമാനമെടുത്തത്. ഇന്നലെ രാവിലെ മുതൽ നിരവധി പേരാണ് തങ്ങളുടെ മെയിൻ ഓഫീസിൽ ടിക്കറ്റ് ബുക്കിംഗ് ചെയ്യാനെത്തിയതെന്ന് ട്രാവൽ പോയന്റ് ജനറൽ മാനേജർ ഫയാസ് ഖാൻ പറഞ്ഞു. ആളുകളുടെ തള്ളിക്കയറ്റം കാരണം നിരവധി പേർ ഒന്നാം നിലയിലും ഗ്രൗണ്ടിലുമായാണ് നിലയുറപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മാനദണ്ഡപ്രകാരം ഓഫീസിൽ ഒരേസമയം, 50 പേരെ മാത്രമാണ് സ്വീകരിക്കാൻ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും ഒരാഴ്ചക്ക് ശേഷം യാത്രാവിലക്ക് നീങ്ങുമെന്ന പ്രതീക്ഷയിൽ റീ ബുക്കിംഗ് ചെയ്തിട്ടുണ്ട്. വിലക്ക് നീളുകയാണെങ്കിൽ ഇതേ രീതി വീണ്ടും അവലംബിക്കേണ്ടി വരുമെന്നും ഫയാസ് ഖാൻ പറഞ്ഞു. 

Latest News