തിരുവനന്തപുരം- പരസ്പര ബന്ധത്തില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് ഓര്‍മിപ്പിക്കാന്‍ ഗീതാശ്ലോകം ഉദ്ധരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയും താനും തമ്മിലെ ബന്ധം ഭഗവത് ഗീതയിലെ ശ്ലോകത്തിനു സമാനമായിരിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. നിയമസഭയില്‍ വെച്ചു കണ്ടപ്പോള്‍ ഈ ശ്ലോകം ഉദ്ധരിച്ചതും അദ്ദേഹം ഓര്‍മിപ്പിച്ചു.
ശ്രേയാന്‍ സ്വധര്‍മോ വിഗുണഃ
പരധര്‍മാത്സ്വനുഷ്ഠിതാത്
സ്വധര്‍മേനിധനം ശ്രേയഃ
പരധര്‍മോ ഭയാവഹഃ
'ഒരാള്‍ക്കു വിധിക്കപ്പെട്ട ചുമതലകള്‍ തെറ്റോടു കൂടിയാണെങ്കിലും നിറവേറ്റുന്നത്, അന്യരുടെ കര്‍ത്തവ്യം ഭംഗിയായി ചെയ്യുന്നതിനെക്കാള്‍ നല്ലതാകുന്നു. സ്വന്തം കൃത്യനിര്‍വഹണത്തില്‍ നാശമോ തെറ്റോ സംഭവിക്കുന്നത് മറ്റുള്ളവന്റെ കര്‍മം ചെയ്യുന്നതിനെക്കാള്‍ ശ്രേയസ്‌കരം തന്നെയാകുന്നു. അന്യരുടെ വഴി സ്വീകരിക്കുന്നത് ആപല്‍ക്കരമാണ്'. ഇങ്ങനെ ശ്ലോകത്തിന്റെ അര്‍ഥവും മുഖ്യമന്ത്രിക്ക് നല്‍കിയ മറുപടി കത്തില്‍ ഗവര്‍ണര്‍ വിശദീകരിച്ചിട്ടുണ്ട്.
നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച മുഖ്യമന്ത്രി നല്‍കിയ കത്തിലെ വിവരങ്ങള്‍ ചോര്‍ന്നതിനെ ഗവര്‍ണര്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രി അയച്ച രഹസ്യ കത്തിന്റെ ഉള്ളടക്കം കൈരളി ടിവി അവതാരകന്‍ വിവരിച്ചത് കേള്‍ക്കേണ്ടിവന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ കത്ത് വരുന്നുണ്ടന്നും അതു ഗവര്‍ണര്‍ മാത്രമേ തുറക്കാവൂ എന്നും മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നു തന്റെ സ്റ്റാഫിനെ അറിയിച്ചിരുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചൂണ്ടിക്കാട്ടി.
മന്ത്രിസഭാ നിര്‍ദേശം അംഗീകരിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെങ്കിലും 15 ദിവസം മുന്‍പു നോട്ടിസ് നല്‍കാതെ, തിരക്കിട്ടു വിളിക്കുമ്പോള്‍ അടിയന്തര സാഹചര്യം ബോധ്യപ്പെടുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു.
പഞ്ചാബ്, ഹരിയാന, യുപി സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ജൂണ്‍ മുതല്‍ ആരംഭിച്ച കര്‍ഷക പ്രക്ഷോഭത്തിന്റെ പേരില്‍ ഇപ്പോള്‍ കേരള നിയമസഭയുടെ സമ്മേളനം വിളിച്ചുചേര്‍ക്കേണ്ട സാഹചര്യം എന്താണെന്ന് താന്‍ അത്ഭുതപ്പെട്ടുവെന്നും ഇതുവരെ ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ലെന്നും അദ്ദേഹം മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി.