റിയാദ് - അസീർ ഡെപ്യൂട്ടി ഗവർണർ മൻസൂർ ബിൻ മുഖ്രിൻ രാജകുമാരൻ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെടുന്നതിന് തൊട്ടുമുമ്പുള്ള വീഡിയോ ആളുകളുടെ കണ്ണുനനയിക്കുന്നു. മൻസൂർ രാജകുമാരനും മറ്റു ഏഴു പേരും സഞ്ചരിച്ച ഹെലികോപ്റ്റർ അസീർ പ്രവിശ്യയിലെ പർവതത്തിൽ തകർന്നുവീണാണ് ദുരന്തം സംഭവിച്ചത്. രാജകുമാരനും സഹയാത്രികരും ഹെലികോപ്റ്ററിൽ കയറുന്നതിന്റെയും സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ മാപ്പ് പരിശോധിക്കുന്നതുമാണ് വീഡിയോയിലുള്ളത്. മൻസൂർ രാജകുമാരനു പുറമെ മഹായിൽ ഗവർണർ മുഹമ്മദ് അൽമുതഹമി, അസീർ മേയർ സ്വാലിഹ് അൽഖാദി, അസീർ ഗവർണറേറ്റ് അണ്ടർ സെക്രട്ടറി സുലൈമാൻ അൽജരൈശ്, പ്രോട്ടോകോൾ വിഭാഗം മേധാവി ഖാലിദ് ബിൻ ഹമദ്, അസീർ കൃഷി വകുപ്പ് മേധാവി ഫഹദ് അൽഫർതൈശ്, മൻസൂർ രാജകുമാരനെ അനുഗമിച്ച സൗദ് അൽസഹ്ലി, പൈലറ്റ് ക്യാപ്റ്റൻ അബ്ദുല്ല അൽശഹ്രി എന്നിവരും മരണപ്പെട്ടിരുന്നു. റൈദ റിസർവിനു സമീപം വെച്ചാണ് ഹെലികോപ്റ്ററുമായുള്ള ബന്ധം മുറിഞ്ഞതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മേജർ ജനറൽ മൻസൂർ അൽതുർക്കി പറഞ്ഞു. ബ്ലാക്ഹോക് ഇനത്തിൽ പെട്ട ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഹെലികോപ്റ്റർ തകർന്നുവീണതായി വൈകാതെ സ്ഥിരീകരിച്ചു. വികസന പദ്ധതികളുടെ പുരോഗതി വീക്ഷിക്കുന്നതിന് മഹായിൽ അസീറിലെ അൽബിർകിൽ സന്ദർശനം നടത്തി അബഹ എയർപോർട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഡെപ്യൂട്ടി ഗവർണറും സംഘവും അപകടത്തിൽ പെട്ടത്.
ദേശീയ പരിവർത്തന പദ്ധതിക്കും വിഷൻ 2030 പദ്ധതിക്കും അനുസൃതമായി വലിയ സാമ്പത്തിക അഭിവൃദ്ധിക്കും വളർച്ചക്കുമാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന്, അവസാനമായി നൽകിയ പരസ്യ പ്രസ്താവനയിൽ മൻസൂർ രാജകുമാരൻ പറഞ്ഞു. ആത്മാർഥതയും സത്യസന്ധതയുമുള്ളവരെ പരിഗണിക്കുകയും അഴിമതിക്കാരെ തുടച്ചുനീക്കുകയും പൊതുമുതൽ സംരക്ഷിക്കുകയും ചെയ്യുന്ന നിലക്ക് ഭാവിയിലെ വികസന പ്രയാണത്തിന് വളക്കൂറുള്ള മണ്ണ് ഒരുക്കേണ്ടതുണ്ടെന്നും മൻസൂർ രാജകുമാരൻ പറഞ്ഞു. ഹെലികോപ്റ്റർ അപകടത്തിൽ ഇഹലോകവാസം വെടിയുന്നതിന് രണ്ടു മണിക്കൂർ മുമ്പായിരുന്നു മൻസൂർ രാജകുമാരൻ ഈ പ്രസ്താവന നടത്തിയത്. കിരീടാടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ അഴിമതി വിരുദ്ധ പോരാട്ടത്തിന് സുപ്രീം കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള രാജകൽപനയിൽ പ്രതികരിച്ചാണ് മൻസൂർ രാജകുമാരൻ ഈ പ്രസ്താവന നടത്തിയത്.
മഹായിൽ അസീറിലെ സഈദ അൽസ്വവാലിഹ ഗ്രാമത്തിൽ നടത്തിയ സന്ദർശനത്തിനിടെയാണ് മൻസൂർ ബിൻ മുഖ്രിൻ രാജകുമാരന്റെ ജീവിതത്തിലെ അവസാനത്തെ ഫോട്ടോ സൗദി പ്രസ് ഏജൻസി ഫോട്ടോഗ്രാഫർ സഈദ് അൽശഹ്റാനി പകർത്തിയത്. വിടാതെയുള്ള പുഞ്ചിരി ആ സമയത്തും മൻസൂർ രാജകുമാരന്റെ മുഖത്തുണ്ടായിരുന്നു. അൽബിർകിൽ സന്ദർശനം പൂർത്തിയാക്കി മടക്കയാത്രക്ക് ലെക്സ് കാറിൽ കയറിയ മൻസൂർ രാജകുമാരനൊപ്പം മറ്റേതാനും മുതിർന്ന ഉദ്യോഗസ്ഥരും കാറിൽ കയറി. മൻസൂർ രാജകുമാരനാണ് കാറോടിച്ചിരുന്നത്. ഫോട്ടോയെടുക്കുന്നതിന് തുനിഞ്ഞ സഈദ് അൽശഹ്റാനിയോട് അൽപം കാത്തുനിൽക്കാൻ മൻസൂർ രാജകുമാരൻ ആവശ്യപ്പെട്ടു. വസ്ത്രം ശരിയാക്കി പോസ് ചെയ്ത് പുഞ്ചിരിച്ചു കൊണ്ട് ഫോട്ടോയെടുക്കുന്നതിന് അദ്ദേഹം സമ്മതം നൽകുകയും സഈദ് അൽശഹ്റാനി ഫോട്ടോയെടുക്കുകയുമായിരുന്നു.