കൊച്ചി- മഹാരാജാസ് കോളേജിൽ ചടങ്ങിനെത്തിയ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന് നേരെ വിദ്യാർഥികളുടെ പ്രതിഷേധം. ഹാദിയയെ കാണാൻ കൂട്ടാക്കാത്ത വനിതാ കമ്മീഷൻ അധ്യക്ഷ ആർ.എസ്.എസന് വിടുപണി ചെയ്യുകയാണെന്ന് ആരോപിച്ചാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം മടങ്ങിപ്പോകുന്നതിനിടെയാണ് നിരവധി വിദ്യാർഥികൾ പ്രതിഷേധവുമായി വനിതാ കമ്മീഷൻ അധ്യക്ഷയുടെ പിറകിൽ കൂടിയത്. അഞ്ചുമാസത്തോളമായി വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയയെ കാണാൻ വനിതാ കമ്മീഷൻ തയ്യാറായില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഈ മാസം 27ന് സുപ്രീം കോടതിയിൽ ഹാജരാകാനുള്ള ഹാദിയക്ക് ദൽഹിയിലേക്ക് അകമ്പടി പോകുമോ എന്ന ചോദ്യത്തിന് അക്കാര്യം സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടില്ല എന്നായിരുന്നു എം.സി ജോസഫൈന്റെ മറുപടി. ഹാദിയ പുറത്തിറങ്ങാതായിട്ട് മൂന്നുമാസമല്ലേ ആയത് എന്ന ജോസഫൈന്റെ ചോദ്യത്തെ അഞ്ചു മാസമായെന്ന് പറഞ്ഞ് വിദ്യാർഥികൾ തിരുത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഹാദിയയെ കേന്ദ്ര വനിതാ കമ്മീഷൻ സന്ദർശിച്ചിരുന്നു. എന്തുകൊണ്ടാണ് സംസ്ഥാന വനിതാ കമ്മീഷൻ ഹാദിയയെ സന്ദർശിക്കാത്തത് എന്ന കാര്യം അറിയില്ലെന്ന് കേന്ദ്ര വനിതാ കമ്മിഷൻ അധ്യക്ഷ ലേഖി ശർമ വ്യക്തമാക്കുകയും ചെയ്തു. ഹാദിയയെ കാണാൻ കോടതിയുടെ വിലക്കില്ലാതിരുന്നിട്ടും ഇതേവരെ അവരെ കാണാൻ സംസ്ഥാന വനിതാ കമ്മീഷൻ തയ്യാറാകാത്തത് ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു.