കണ്ണൂർ - കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി പിതൃസഹോദരനേയും ഭാര്യയേയും കുത്തിക്കൊലപ്പെടുത്തിയ ശേഷം, കാമുകിക്കൊപ്പം തൂങ്ങി മരിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.
ചെറുപുഴ ജോസ് ഗിരി സ്വദേശി പൊട്ടക്കൽ ബിനോയിയെ (40) യാണ് പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തയുടൻ പോലീസ് അറസ്റ്റു ചെയ്തത്. പ്രതിയേയും കൊണ്ട് കൊല നടന്ന വീട്ടിലും, ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ഥലത്തും തെളിവെടുത്തു.
കുത്തേറ്റ് ചികിത്സയിലായിരുന്ന ചെറുപുഴ ജോസ്‌ഗിരി കട്ടപ്പള്ളിയിലെ പൊട്ടക്കൽ പൗലോസാണ് (78) കഴിഞ്ഞ രാത്രി പരിയാരം ഗവ.മെഡിക്കൽ കോളേജിൽ മരിച്ചത്. ഇദ്ദേഹത്തിൻ്റെ ഭാര്യ റാഹേൽ (72) കഴിഞ്ഞ 13 ന് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. റാഹേലിനും പൗലോസിനു മൊപ്പം ഇവരുടെ മകനും കുത്തേറ്റിരുന്നുവെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു.
സഹോദരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങിയായിരുന്നു ആക്രമണം.ഈ കേസിൽ തനിക്കെതിരെ സാക്ഷി പറഞ്ഞതിൻ്റെ വിരോധത്തിലായിരുന്നു ആക്രമണം. കൊല്ലപ്പെട്ട പൗലോസിൻ്റെ സഹോദരൻ എബ്രഹാമിൻ്റെ മകനാണ് ബിനോയ്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ ബിനോയ്, ദിവസങ്ങൾക്ക് ശേഷം കാമുകി നീതുവിനൊപ്പം ആത്മഹത്യക്ക് ശ്രമിച്ചു. നീതു മരിച്ചു. ബിനോയ് പരിക്കുകളോടെ പരിയാരം ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തയുടനെയാണ് അറസ്റ്റു രേഖപ്പെടുത്തിയത്.
ഇരട്ട കൊലപാതകത്തിനും വധശ്രമത്തിനും പുറമെ ആത്മഹത്യാശ്രമത്തിനും, ആത്മ ഹത്യാ പ്രേരണ കുറ്റവും കൂടി പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. കൊലപാതകം നടന്ന ജോസ് ഗിരിയിലെ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ നിരവധി പേർ പ്രതിയെ കാണാൻ തടിച്ചു കൂടിയിരുന്നു. രണ്ട് ദിവസത്തേക്കാണ് പ്രതിയെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്.