Sorry, you need to enable JavaScript to visit this website.

ദുശ്ശാസന കുറുപ്പിന്റെ  കാലം കഴിഞ്ഞു

പഞ്ചവടി പാലം സിനിമയിലെ (കെ.ജി ജോർജ് 1984) പഞ്ചായത്ത് പ്രസിഡന്റ് കഥാപാത്രത്തിന്റെ പേരാണ് ദുശ്ശാസന കുറുപ്പ്. ലക്ഷണമൊത്ത തമാശ രൂപം. വേളൂർ കൃഷ്ണൻ കുട്ടി എന്ന ഹാസ സാഹിത്യകാരന്റെ മനസ്സിൽ വിരിഞ്ഞ 'പാലം അപകടത്തിൽ' എന്ന കഥയിലെ ദുശ്ശാസന കുറുപ്പിനെ കിടയറ്റ അഭിനയത്തിലൂടെ ജീവിപ്പിച്ചത് ഭരത് ഗോപി. പഞ്ചായത്തിലെ അഴിമതിയും സ്വജനപക്ഷപാതവും തുറന്നു കാട്ടുന്നതാണ് ആ സിനിമ. അയ്മനം, കുമരകം, വേളൂർ, ഇല്ലിക്കൽ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.  തകരാറൊന്നുമില്ലാതിരുന്ന ഒരു പാലം കേടാണെന്നു മനഃപൂർവം പ്രചരിപ്പിച്ച ശേഷം മറ്റൊരു പാലം പണിതു. ഈ പാലം ഉദ്ഘാടന ദിവസം തകർന്നു വീഴുന്നതാണ് സിനിമാ കഥയുടെ ചുരുക്കം.
ദുശ്ശാസന കുറുപ്പിനെ പോലെയൊരാളെ അടുത്ത ദിവസം അധികാരത്തിലെത്തിയ തദ്ദേശ സ്ഥാപന ഭാരവാഹികളിൽ നിന്ന് കണ്ടെടുക്കാൻ പ്രയാസമായിരിക്കും. നല്ല പങ്ക് തദ്ദേശ സാരഥികൾ പുതുമുഖങ്ങളും ആധുനിക കാലത്തോട് സംവദിക്കാൻ സാധിക്കുന്നവരുമാണെന്നതാണ് ഇങ്ങനെ പറയാൻ കാരണം. ഇക്കാര്യം പുതിയ ആളുകളുടെ  പ്രൊഫൈൽ കണ്ടവർക്ക് വേഗം മനസ്സിലാകും.  ജനങ്ങളുമായി നേരിട്ട് ഇടപെടുന്നവരാണ് തദ്ദേശ സ്ഥാപന സാരഥികൾ. പഞ്ചായത്തുകളും നഗരസഭകളും നന്നായാൽ നാട് രക്ഷപ്പെട്ടു എന്ന് പറയാം.  
വലിയ തോതിലുള്ള ജനകീയ ചുമതലകളാണ് തദ്ദേക ഭരണാധികാരികളുടെ ചുമലിലെത്തിയിരിക്കുന്നത്. ഇപ്പറഞ്ഞ ചുമതല കൾ സത്യപ്രതിജ്ഞയിൽ പറഞ്ഞതു പോലെ  ഭീതിയോ  പ്രീതിയോ കൂടാതെ നിർവഹിക്കുമ്പോൾ  നന്മ വിളയുന്നത് നാട്ടിലായിരിക്കും.  തദ്ദേശ സ്ഥാപന ചുമതലക്കാരായി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചൊല്ലിയവരുടെ എണ്ണം ഇരുപത്തൊന്നായിരത്തിനും മുകളിലാണ്. തെരഞ്ഞെടുപ്പ് വിജയാഹഌദത്തിന്റെ ആരവമൊക്കെ കാണെ, കാണെ അവസാനിച്ചു പോകും. അതു കഴിഞ്ഞാൽ പഞ്ചായത്തായി, അവരുടെ പാടായി.  തിരക്കൊഴിഞ്ഞാൽ തെരഞ്ഞെടുക്കെപ്പെട്ടവരെല്ലാം പ്രാദേശിക വികസനത്തിന്റെ പുതുവഴികൾ കണ്ടെത്തേണ്ടിയിരിക്കുന്നു.  ജനങ്ങളെ ഏത് വിധത്തിൽ ഒപ്പം നിന്ന് സഹായിക്കാമെന്നതിന് അവർ പുതുവഴികൾ തേടട്ടെ.  തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടാത്ത അംഗങ്ങളെ  കണ്ടു പഠിച്ചാൽ മതി ഏത് പഞ്ചായത്തും കൂടെ പോരും. ഈ പഞ്ചായത്ത് ഞങ്ങളിങ്ങെടുക്കുവാ എന്ന് അത്തരക്കാർക്ക് വെല്ലു വിളിക്കാനാകും.  
തിരുവനന്തപുരത്ത് നിന്നുള്ള ഒരു ഉദാഹരണം പറയാം.  നാടിനൊപ്പം നിന്നപ്പോൾ നാട്ടുകാർ ജയിപ്പിച്ചെടുത്തവരുടെ വിജയ വിവരം. ദീർഘ വർഷങ്ങൾക്ക് ശേഷം കിളിമാനൂർ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത കോൺഗ്രസ് യുവ നേതാക്കളായ  യൂത്ത് കോൺഗ്രസ് കിളിമാനൂർ മണ്ഡലം പ്രസിഡന്റ് ഗണേഷ് പുത്തൻ വീട് (28), കോൺഗ്രസ് കിളിമാനൂർ മണ്ഡലം പ്രസിഡന്റ് അനൂപ് തോട്ടത്തിൽ (35)   എന്നിവരുടെ പ്രവർത്തന മികവ് പഠിക്കാൻ കോൺഗ്രസ് നേതാക്കൾ തയാറായിക്കൊണ്ടിരിക്കുന്നതായാണ് പുതിയ വിവരം. കോവിഡ് കാലത്താണ് അര നൂറ്റാണ്ടായി വേരുറച്ചു പോയ സി.പി.എം ആധിപത്യം ആരുമറിയാതെ   മാറിമറഞ്ഞു പോയത്. കോവിഡ് കാലത്ത് സി.പി.എം ഭരണ സമിതി നടത്തിയ കമ്യൂണിറ്റി കിച്ചനിൽ നിന്ന് കോൺഗ്രസുകാരായ ഒരു വിഭാഗത്തെ ബോധപൂർവം അകറ്റി നിർത്തിയെന്ന പരാതിയുണ്ടായപ്പോൾ  ഇപ്പറഞ്ഞ ചെറുപ്പക്കാർ മുഴുവൻ പ്രവർത്തകരെയും രംഗത്തിറക്കി കമ്യൂണിറ്റി കിച്ചനങ്ങ് തുടങ്ങി. കുടുംബങ്ങളാകെ ഭക്ഷണ വിതരണത്തിൽ പങ്കാളികളായി. ഭക്ഷണത്തിന് പുറമെ ഗ്രാമീണ ജനതയുടെ മരുന്ന് തുടങ്ങിയ ആവശ്യങ്ങളും ഇവർ ഏറ്റെടുത്തപ്പോൾ ജനമനസ്സുകൾ ഒപ്പം നിന്നു. കൃത്യമായ രാഷ്ട്രീയത്തിനൊപ്പം ജനസേവനവും കൃത്യതയോടെ നടത്തിയവർക്ക് കിട്ടിയ നാടിന്റെ അംഗീകാരം. 
അന്വേഷിച്ചു ചെന്നാൽ വിജയിച്ചു കയറിയവരിൽ അധിക പേരുടെയും വിജയ കഥ ഇതു തന്നെയായിരിക്കും. തുടർച്ചയായ രണ്ടാം  തവണയും ഏഴായിരത്തിലധികം കുടുംബശ്രീ അംഗങ്ങൾ ജനപ്രതിനിധികളായി എന്നത് കണ്ണു തുറന്നു കാണേണ്ടതാണ്.  
പുതിയ പഞ്ചായത്തീരാജ്-നഗരപാലിക നിയമം നടപ്പാക്കുകയും  ആസൂത്രണത്തെ ജനകീയമാക്കുകയും ചെയ്ത നാടാണ് കേരളം.  പദ്ധതികൾ  തദ്ദേശ സ്ഥാപനങ്ങളിലേക്ക് ആരെങ്കിലും കൊണ്ടുവന്ന് തരുന്നതല്ല. എല്ലാം സ്വന്തമായി ആസൂത്രണം ചെയ്യുന്നവയാണ്. ഇതെല്ലാം നിർവഹിക്കുന്നതിനുള്ള  ഫണ്ട് പഞ്ചായത്തുകൾക്ക് ലഭിക്കും. പഌൻ കാലാവധി തീരുന്നതിന് മുമ്പ് തന്നെ പദ്ധതികൾ സമർപ്പിക്കാനും അർഹതപ്പെട്ട വിഹിതം നേടിയെടുക്കാനും സാധിച്ചാൽ മാത്രം മതി.
എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയേണ്ട അവസ്ഥയൊന്നും തദ്ദേശ ഭരണ സംവിധാനത്തിലില്ല. കേരള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ (കില)  എന്നൊരു സ്ഥാപനം എല്ലാത്തിനും തയാറായി രംഗത്തുണ്ട്. പുതിയ അംഗങ്ങൾക്ക് അവരുമായി ബന്ധപ്പെടാവുന്നതാണ്. ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടനവധി കാര്യങ്ങളിൽ പുതിയ അംഗങ്ങളുമായി ആശയങ്ങൾ പങ്കുവെക്കുകയുണ്ടായി.  അധികാരത്തിലെത്താനുള്ള തർക്കമൊക്കെ അൽപ ദിവസം കൊണ്ട് അവസാനിക്കും. അതു കഴിഞ്ഞാൽ ഭരണം ജയിച്ചവരുടെ കൈകളിൽ ഭദ്രം.  ഓർക്കുക, ഭരണ പരിസരത്ത് ദുശ്ശാസന കുറുപ്പിനെ  എവിടെയെങ്കിലുമൊക്കെ കണ്ടെന്നു വരും.  കണ്ടാൽ അതിവേഗം തിരിച്ചറിഞ്ഞ്  മീറ്റിംഗ് ഹാളിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരാവുന്നതാണ്. ചെവിയിൽ പറയേണ്ടത് പറഞ്ഞാൽ അത്തരക്കാർ ഇക്കാലത്ത് ഒതുങ്ങിക്കൊള്ളും.
 

Latest News