റിയാദ് - അക്കൗണ്ടിംഗ് തൊഴിൽ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം. വകുപ്പ് മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം പ്രഖ്യാപിച്ചത്. അഞ്ചും അതിൽ കൂടുതലും അക്കൗണ്ടന്റുമാർ ജോലി ചെയ്യുന്ന മുഴുവൻ സ്വകാര്യ സ്ഥാപനങ്ങളും അക്കൗണ്ടിംഗ് മേഖലയിൽ മിനിമം 30 ശതമാനം സൗദിവൽക്കരണം പാലിച്ചിക്കണം. തൊഴിൽ വിപണിയിൽ സൗദി അക്കൗണ്ടന്റുമാർക്ക് തൊഴിലുകൾ ലഭ്യമാക്കുന്നതിനും അവരുടെ കഴിവുകൾ പരിശീലനത്തിലൂടെ പരിപോഷിപ്പിക്കുന്നതിനും സ്വകാര്യ സ്ഥാപനങ്ങൾക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും അനുബന്ധ സ്ഥാപനങ്ങളും പ്രോത്സാഹനങ്ങളും ഉത്തേജനങ്ങളും നൽകും. യോഗ്യരായ സ്വദേശികൾക്ക് തൊഴിൽ വിപണിയിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാനും സുസ്ഥിര സ്വദേശിവൽക്കരണം വർധിപ്പിക്കാനുമാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. അക്കൗണ്ടിംഗ് മേഖലയിൽ സൗദിവൽക്കരണം നിർബന്ധമാക്കുന്നതിലൂടെ 9,800 ലേറെ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ഉന്നമിടുന്നു. അക്കൗണ്ട് മാനേജർ, സകാത്ത്, നികുതി ഡിപ്പാർട്ട്‌മെന്റ് മാനേജർ, ഫിനാൻഷ്യൽ റിപ്പോർട്ട്‌സ് ഡിപ്പാർട്ട്‌മെന്റ് മാനേജർ, ഓഡിറ്റിംഗ് ഡിപ്പാർട്ട്‌മെന്റ് മാനേജർ, ഇന്റേണൽ ഓഡിറ്റർ, കോസ്റ്റ് അക്കൗണ്ടന്റ് എന്നിവ അടക്കമുള്ള നിരവധി തസ്തികകൾ സൗദിവൽക്കരിക്കാൻ മന്ത്രാലയം ലക്ഷ്യമിടുന്നു.