മലപ്പുറം- പാർട്ടിയിൽ അഴിമതിയും സ്വജനപക്ഷപാതവുമാരോപിച്ച് കേരള പ്രവാസി ഫെഡറേഷൻ സംസ്ഥാന നേതാക്കളുൾപ്പെടെ നിരവധി പേർ സി.പി.ഐ വിട്ടു. ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ കടുത്ത ഗ്രൂപ്പിസമാണ് നടക്കുന്നതെന്നും മുതിർന്ന നേതാക്കളുടെ വഴിയിൽ നിന്ന് വ്യതിചലിച്ച ജില്ലാ നേതൃത്വം പാർട്ടിയുടെ അന്തസത്തയിൽ നിന്ന് അകന്നുവെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഇന്നു മലപ്പുറത്ത് നടക്കുന്ന കൺവെൻഷനിൽ ഭാവി പരിപാടികൾ തീരുമാനിക്കും. പ്രവാസി ഫെഡറേഷൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് പാലോളി അബ്ദുറഹിമാൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം മൊയ്തീൻ, കെ.എം മുഹമ്മദലി, യുവകലാ സാഹിതി വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് അജയ് കൊടക്കാട് എന്നിവരാണ് സി.പി.ഐ വിട്ടത്.
ഒന്നര വർഷത്തോളമായി ജില്ലാ സെക്രട്ടറിയുൾപ്പെടെയുള്ളവരുടെ ചെയ്തികൾക്കെതിരെ സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഇവർ കുറ്റപ്പെടുത്തി. സി.പി.ഐ മന്ത്രിമാർ കൈകാര്യം ചെയ്യുന്ന വകുപ്പിലെ സ്വാധീനം ഉപയോഗിച്ച് താൽക്കാലിക നിയമനങ്ങൾക്കും വയൽ നികത്തലിനും ഭൂമി തരം മാറ്റലിനും പണം വാങ്ങൽ, മണൽ കച്ചവടം, ക്വാറികളിലെ പിരിവ് ഉൾപ്പെടെ ഒട്ടേറെ രോപണങ്ങൾ പാർട്ടിയിൽ നിന്നു രാജിവച്ചവർ ഉന്നയിക്കുന്നു. ഒരു വർഷമായി സസ്‌പെൻഷനിലാണ് അബ്ദുറഹിമാൻ. എന്നാൽ മറ്റുള്ളവർക്കു ഇപ്പോഴും അംഗത്വമുണ്ട്. നേതൃത്വവുമായി കലഹിച്ചു നിൽക്കുന്നവർ തങ്ങൾക്കൊപ്പമുണ്ടാവുമെന്നും നിലവിലെ അംഗങ്ങളിൽ 60 ശതമാനത്തോളം പാർട്ടി വിടുമെന്നും ഇവർ പറഞ്ഞു. ഇന്നു വൈകുന്നേരം നാലിനു മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തിൽ കൺവെൻഷൻ തുടർ നടപടികളെക്കുറിച്ചു ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്നും നേതാക്കൾ പറഞ്ഞു.